തിരുവനന്തപുരം: കോളേജ് അദ്ധ്യാപകന്‍ കോളേജില്‍ ക്ലാസ് എടുക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞിരംകുളം ഗവ. കെഎൻഎം ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ കൊമേഴ്‌സ് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറായ പി. സുബ്രഹ്മണ്യനാണ് രാവിലെ 11:30ഓടെ ക്ലാസില്‍ കുഴഞ്ഞു വീണ് മരിച്ചത്.
55-കാരനായ സുബ്രഹ്മണ്യന്‍ പതിവുപോലെ ക്ലാസ് എടുക്കുന്നതിനിടെ വിദ്യാർത്ഥികൾക്ക് മുന്നിൽ കുഴഞ്ഞുവീണു. വിദ്യാർത്ഥികളും സഹപ്രവർത്തകരും അദ്ദേഹത്തെ കോളേജിനടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ വർഷമാണ് പി സുബ്രഹ്മണ്യം കാഞ്ഞിരംകുളം കോളേജിൽ അദ്ധ്യാപകനായി ചേർന്നത്. അതിനുമുമ്പ് കൽപ്പറ്റ, നെടുമങ്ങാട്, ആറ്റിങ്ങൽ, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2026 മാർച്ചിൽ വിരമിക്കാനിരിക്കെയാണ് അന്ത്യം.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാളെ വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം നടക്കും. മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് പൊതുദർശനത്തിനായി കാഞ്ഞിരംകുളം ഗവ. കെഎൻഎം ആർട്‌സ് ആൻഡ് സയൻസ് കോളേജിലേക്ക് കൊണ്ടുപോകും. ഡോ. എൻ.കെ. രാജസുജിതം ആണ് അദ്ദേഹത്തിന്റെ ഭാര്യ. എസ്. അക്ഷയ്, എസ്. ഏഞ്ചൽ ചക്കു എന്നിവരാണ് മക്കൾ.
