നോർത്ത് ടെക്‌സാസ് / ഫ്രിസ്കോ:∙ ഷിക്കാഗോ സീറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് 2026 ജൂലൈ 9, 10, 11, 12 തീയതികളിൽ ഷിക്കാഗോയിലെ മക്കോർമിക് പ്ലേസ് കൺവൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന സീറോ മലബാർ യുഎസ്എ കൺവൻഷന്റെ ഇടവകതല രജിസ്‌ട്രേഷൻ കിക്കോഫ്, വിശുദ്ധ മറിയം ത്രേസ്യായുടെ മധ്യസ്ഥതയിലുള്ള അമേരിക്കയിലെ ആദ്യ ദേവാലയമായ സെന്റ് മറിയം ത്രേസ്യാ സീറോ മലബാർ മിഷനിൽ വിജയകരമായി നടന്നു.
കൺവൻഷൻ രജിസ്‌ട്രേഷൻ കിക്കോഫ് മാർ. ജോയ് ആലപ്പാട്ട് നിർവ്വഹിച്ചു. മിഷൻ ഡയറക്ടർ ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ ആദ്യ രജിസ്‌ട്രേഷൻ ഏറ്റുവാങ്ങി. നിരവധി വിശ്വാസികൾ കൺവൻഷനിൽ പങ്കെടുക്കാൻ താൽപ്പര്യം അറിയിക്കുകയും രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ഷിക്കാഗോ സീറോ മലബാർ രൂപതയുടെ ഒരു വർഷം നീണ്ടുനിന്ന ജൂബിലി ആഘോഷങ്ങളുടെ സമാപനവും, രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക രജതജൂബിലിയും കൺവൻഷനോടനുബന്ധിച്ച് ആഘോഷിക്കുന്നുണ്ട്.
2026 ജൂലൈ മാസം നടക്കുന്ന സീറോ മലബാർ കൺവൻഷൻ, രൂപതയുടെ ചരിത്രത്തിൽതന്നെ സ്‌ഥാനം പിടിക്കുന്ന തലത്തിൽ വിജയകരമാക്കി തീർക്കുവാൻ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നതായി ഭാരവാഹികൾ അറിയിച്ചു.
ഡിസംബർ 31 വരെ ഇളവ്: കൺവൻഷന്റെ മുന്നോടിയായി രൂപതയിലെ വിവിധ പള്ളികളിൽ കൺവൻഷൻ കിക്കോഫുകൾ വിജയകരമായി നടന്നുവരുന്നു. ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് ഹോട്ടൽ ബുക്കിങ് നിരക്കിൽ ഇളവ് ലഭിക്കും. ഈ ഇളവ് ഡിസംബർ 31 വരെ മാത്രമേ ലഭിക്കൂ എന്നും, ഈ അവസരം എല്ലാവരും ഉപയോഗിക്കണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.
