കൊച്ചി: ശബരിമല സ്വർണ്ണ മോഷണ കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ദ്വാരപാലക കേസിലും പത്മകുമാർ പ്രതിയാണ്, നിലവിൽ ഈ കേസിൽ റിമാൻഡിലാണ്. കേസിലെ മറ്റ് പ്രതികളായ മുരാരി ബാബുവിന്റെയും എൻ. വാസുവിന്റെയും ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക വാതില്‍ പാളി ഫ്രെയിമുകൾ കൈമാറുന്നതിൽ ബോർഡിലെ എല്ലാ അംഗങ്ങളും കൂട്ടായി ഉത്തരവാദികളാണെന്ന് പത്മകുമാർ ജാമ്യാപേക്ഷയിൽ പരാമർശിച്ചു. എല്ലാവരുടെയും അറിവോടെയാണ് മിനിറ്റ്സിൽ ചെമ്പ് എന്ന് എഴുതിയത്. മറ്റുള്ളവരെ ഒഴിവാക്കി തന്നെ കുറ്റവാളിയാക്കുന്നതിലുള്ള എതിർപ്പും പത്മകുമാർ തന്റെ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. വാതിൽ ഫ്രെയിമുകൾ കേസിൽ നവംബർ 20 നാണ് പത്മകുമാറിനെ അറസ്റ്റ് ചെയ്തത്.
അതേസമയം, കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ഡിസംബർ 18 ന് കോടതി ഹർജി പരിഗണിക്കും. വാതിൽപ്പാളി കേസിലെ അഞ്ചാം പ്രതിയും ദ്വാരപാലക വിഗ്രഹങ്ങളിൽ നിന്ന് സ്വർണം മോഷ്ടിച്ച കേസിലെ മൂന്നാം പ്രതിയുമായ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷയിൽ ഡിസംബർ 15 ന് വിധി പറയും. മുൻ കമ്മീഷണറും പ്രസിഡന്റുമായ എൻ. വാസുവിന്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതി തള്ളിയതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഡിസംബർ 15 ന് പരിഗണിക്കും.
