മെറീനയെ യാത്രയയ്ക്കാൻ ഷാനോ ആശുപത്രിയില്‍ നിന്നും എത്തി; നാടിന് നോവായി മെറീനയുടെ അന്ത്യയാത്ര

തലവടി: മെറീനയെ യാത്രയയ്ക്കാൻ ഷാനോ കെ ശാന്തപ്പൻ ആശുപത്രിയില്‍ നിന്നും എത്തി, നാടിന് നോവായി മെറീനയുടെ അന്ത്യയാത്ര.” ലോകെ ഞാനെൻ ഓട്ടം തികച്ചു…….” എന്ന ഇഷ്ടഗാനം ആലപിച്ച് മെറീനയെ (27) പ്രത്യാശയുടെ തീരത്തേക്ക് യാത്രയാക്കി.

ബുധനാഴ്ച വൈകിട്ട് 8ന് കെഎസ്ആർടിസി ബസ് കയറി മരണമടഞ്ഞ തലവടി ആനപ്രമ്പാൽ തെക്ക് കണിച്ചേരിചിറ വീട്ടിൽ ഷാനോ കെ ശാന്തപ്പന്റെ ഭാര്യ മെറീനയുടെ അവസാന യാത്ര റാന്നി – തലവടി ഗ്രാമങ്ങളെ ദുഃഖത്തിലാഴ്ത്തി. ഒരു ആംബുലൻസിൽ മെറീനയുടെ ചേതനയറ്റ ശരീരവും, മറ്റൊരു ആംബുലൻസിൽ ഷാനോയും എത്തിയപ്പോൾ കണ്ണിൽ ഉരുണ്ടുകൂടിയ കണ്ണുനീർ കൊണ്ട് ഏവരുടെയും കാഴ്ച അല്പസമയത്തേക്ക് മറച്ചു.

ഇന്ന് (വെള്ളിയാഴ്‌ച) രാവിലെ 7ന് ആരംഭിച്ച പൊതുദർശനം ഉൾപ്പെടെ ഉള്ള സംസ്ക്കാര ശുശ്രൂഷകൾ ഏകദേശം 10 മണിക്കൂർ നീണ്ടു. റാന്നി അലിമുക്ക് മുക്കടമണ്ണിൽ ചിറ്റാർ ആനപ്പാറ ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ പാസ്റ്റർ എം.കെ റെജിയുടെയും, മേരിക്കുട്ടി റെജിയുടെയും മൂത്ത മകള്‍ മെറീന ഷാനോയുടെ മൃതദേഹം ഇന്ന് (വെള്ളിയാഴ്‌ച) രാവിലെ 8 മണി മുതൽ 11മണി വരെ കുടുംബ വസതിയിൽ പൊതു ദർശനത്തിന് വച്ചു. തുടർന്ന് മൃതദേഹം വിലാപ യാത്രയായി ഭർത്താവിന്റെ വസതിയായ തലവടി ആനപ്രമ്പാൽ തെക്ക് കണിച്ചേരിചിറ വീട്ടിൽ ഷാനോ കെ ശാന്തപ്പന്റെ വസതിയിൽ എത്തിച്ചു.

മണിക്കൂറുകൾ കാത്ത് നിന്നാണ് മെറീനയുടെ മൃതദേഹത്തിനരികിൽ ജനങ്ങൾക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുവാൻ സാധിച്ചത്. കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് ഉൾപ്പടെ രാഷ്ടീയ സാംസ്കാരിക സാമൂഹിക സഭാ രംഗത്തെ പ്രമുഖര്‍ ഭവനത്തിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ഭവനത്തിൽ നിന്നും തലവടി ഫിലഡൽഫിയ ചർച്ച് സെമിത്തേരിയിലേക്കുള്ള വിലാപയാത്രയിലും നൂറ് കണക്കിന് വാഹനങ്ങൾ നാടിന്റെ വിവിധ കോണുകളില്‍ നിന്നും എത്തി.

മെറീനയുടെ മൃതദേഹം സംസ്ക്കാരത്തിനായി കൊണ്ടു പോയതിന് തൊട്ടുപിന്നാലെ ഷാനോയെ മറ്റൊരു ആംബുലന്‍സിൽ എടത്വയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

 

Leave a Comment

More News