തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എല്‍ ഡി എഫിന്റെ ഞെട്ടിക്കുന്ന പരാജയം സിപിഎമ്മിനെയും എൽഡിഎഫിനെയും പ്രതിരോധത്തിലാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ നേരിട്ട പരാജയം പാർട്ടി നേതൃത്വത്തിലും അങ്കലാപ്പുയര്ത്തിയിരിക്കുകയാണ്. ഭരണവിരുദ്ധ വികാരത്തിനൊപ്പം ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ സ്വർണ്ണ മോഷണ കേസും തിരിച്ചടിയായെന്നാണ് പ്രാഥമിക ചർച്ചകളിൽ നിന്ന് ലഭിക്കുന്ന വിവരം.
കഴിഞ്ഞ തിരഞ്ഞെടുപ്പിനുശേഷം ഭരണം കൈക്കലാക്കിയ അഞ്ച് കോർപ്പറേഷനുകളിലും കോഴിക്കോട് ഒഴികെ മറ്റെല്ലായിടത്തും എൽഡിഎഫിന് വന്‍ പരാജയമാണ്. തിരുവനന്തപുരത്ത് എൻഡിഎയുടെ മുന്നേറ്റവും കൊല്ലം, ആലപ്പുഴ ജില്ലകളിലെ പരാജയവും അപ്രതീക്ഷിത തിരിച്ചടികളായി.
കൊച്ചി, തൃശൂർ കോർപ്പറേഷനുകളിലും എൽഡിഎഫ് പരാജയത്തിന്റെ രുചിയറിഞ്ഞു. ത്രിതല പഞ്ചായത്തുകളും എൽഡിഎഫിനെ കൈവിട്ടു. കഴിഞ്ഞ തവണ അവർ കൈവശം വച്ചിരുന്ന പഞ്ചായത്തുകളുടെ എണ്ണം 514 ൽ നിന്ന് 341 ആയി ചുരുങ്ങി. അതുപോലെ, 108 ബ്ലോക്കുകളിൽ 63 എണ്ണം മാത്രമേ നിലനിർത്താൻ കഴിഞ്ഞുള്ളൂ. 11 ജില്ലാ പഞ്ചായത്തുകളിലെ ഇടതുപക്ഷ നേതൃത്വത്തിലുള്ള ഭരണസമിതികളുടെ എണ്ണം ഇപ്പോൾ ഏഴായി കുറഞ്ഞു.
ശബരിമല സ്വര്‍ണ്ണ മോഷണ കേസ് മറച്ചുവെയ്ക്കാനും, ഭരണവിരുദ്ധ വികാരം തണുപ്പിക്കാനും ബിജെപിക്കെതിരെ വർഗീയതയും രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും കോൺഗ്രസിനെതിരെയും ലൈംഗിക പീഡന ആരോപണങ്ങളും ഉന്നയിച്ച് സിപിഎം പ്രചാരണം നടത്തിയെങ്കിലും അതൊന്നും ഭരണവിരുദ്ധ വികാരം തടയാൻ പര്യാപ്തമായിരുന്നില്ല. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഈ പ്രവണത തുടർന്നാൽ, മൂന്നാം പിണറായി സർക്കാർ എന്ന എൽഡിഎഫിന്റെ സ്വപ്നം തകരുമെന്ന് പാർട്ടി നേതൃത്വം തന്നെ വിശ്വസിക്കുന്നു.
