തീവ്ര വോട്ടർ പട്ടിക പുതുക്കലിൽ കാൽ ലക്ഷത്തോളം ആളുകൾക്ക് വോട്ടവകാശം നഷ്ടപ്പെടാനുള്ള സാദ്ധ്യത, പൊതുപ്രവർത്തകരും സമൂഹവും അതീവ ഗൗരവപൂർവം കാണണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു.
മരണപ്പെട്ടവർ, കണ്ടെത്താൻ സാധിക്കാത്തവർ, സ്ഥിരമായി താമസം മാറിയവർ, ഒന്നിൽ കൂടുതൽ തവണ പട്ടികയിൽ ഉൾപ്പെട്ടവർ, മറ്റുള്ളവർ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി 25,01,012 പേരുകൾ ഒഴിവാക്കപ്പെടാനുള്ള സാദ്ധ്യതയാണ്, ഡിസംബർ 15 ന് ചീഫ് ഇലക്ടറൽ ഓഫീസർ വിളിച്ചു ചേർത്ത അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന തല യോഗം വ്യക്തമാക്കുന്നത്.
ഭരണഘടന ഉറപ്പ് നൽകിയ പൗരാവകാശങ്ങളെപ്പോലും നിഷേധിക്കുന്ന തരത്തിലുള്ള ഈ നീക്കം അത്യന്തം അപകടകരവും ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതുമാണ്. യോഗത്തിൽ നൽകിയ കണക്കുകളിൽപ്പോലും ഒട്ടേറെ ഗൗരവതരമായ പൊരുത്തക്കേടുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.
മരണപ്പെട്ടവർ, കണ്ടെത്താൻ സാധിക്കാത്തവർ തുടങ്ങിയ വിഭാഗങ്ങളിലുള്ളവരുടെ യാഥാർഥ്യം കണ്ടെത്തി, വിവരശേഖരണത്തിന്റെ അവസാന ദിവസമായ ഡിസംബർ 18 നകം എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകാനും അവരുടെ പേരുകൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്താനും പൊതുപ്രവർത്തകരും രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാരും തീവ്രയത്നം നടത്തണം.
ഇക്കാര്യങ്ങളിലുള്ള ആശങ്കകളും അതുണ്ടാക്കുന്ന അപകടകരമായ സാഹചര്യങ്ങളും കേരളാ കോൺഗ്രസ് (എം) അടക്കമുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ യോഗത്തിൽ ശക്തമായി ഉന്നയിച്ചെങ്കിലും അവയ്ക്കൊന്നിനും യുക്തിസഹമായ മറുപടി നൽകാനോ പരിഹാരം നിർദേശിക്കാനോ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല. ബീഹാർ ആവർത്തിക്കുമെന്ന ആശങ്കയാണ് നിലനിൽക്കുന്നത്. പ്രവാസി വോട്ടർമാരുടെ കാര്യത്തിലും പ്രായോഗികമല്ലാത്ത നടപടികളാണ് അധികാരികൾ സ്വീകരിച്ചു വരുന്നത്.
കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്ന ഡിസംബർ 23 ന് മുൻപ്, ഇത്തരം ആളുകൾ പട്ടികയിൽ ഉൾപ്പെട്ടുവെന്നും ഒരു വോട്ടർ പോലും ഒഴിവാക്കപ്പെട്ടില്ലെന്നും ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ പൊതുപ്രവർത്തകരും പൊതുസമൂഹവും സ്വീകരിക്കണമെന്ന് കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു.
