എടത്വ: തലവടി ഗ്രാമത്തിന്റെ കണ്ണീർ തോരുന്നതിന് മുമ്പ് വീണ്ടും ദുരന്ത വാർത്ത. കോതമംഗലത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ തലവടി ആനപ്രമ്പാൽ സ്വദേശി വിദ്യാർത്ഥിയായ വിഷ്ണുവിന്റെ മരണ വാർത്തയാണ് തലവടി ഗ്രാമത്തെ വീണ്ടും കണ്ണീരിലാഴ്ത്തിയത്.
പുതുപ്പാടി കോളജിലെ ബി.സി.എ അവസാന വർഷ വിദ്യാർഥിയാണ് മരിച്ച വിഷ്ണു. തലവടി പഞ്ചായത്ത് 5-ാം വാർഡിൽ ആനപ്രമ്പാൽ കറത്തേരിൽ കുന്നേൽ വീട്ടിൽ കൊച്ചുമോൻ്റെയും സിന്ധുവിന്റെയും മകനാണ്. വിവേക് ആണ് ഏക സഹോദരൻ. കൂട്ടുകാരായ തൃശൂർ ചെന്ത്രാപ്പിന്നി കൊരാട്ടിൽ ആദിത്യൻ (20), പത്തനംതിട്ട തെക്കുംതോട് ഒറ്റപ്ലാവുങ്കൽ ആരോമൽ (20) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്നലെ രാത്രി ഒൻപതരയോടെ മൂവാറ്റുപുഴയിൽ നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്ന തടി ലോറിയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാർ മൂവാറ്റുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിഷ്ണു മരണത്തിന് കീഴടങ്ങി. അതീവ ഗുരുതരാവസ്ഥയിലായ മറ്റ് രണ്ടു വിദ്യാർഥികളെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വിഷ്ണുവിന്റെ മൃതദേഹം മൂവാറ്റുപുഴ എം.സി.എസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
ഒന്നാം വിവാഹ വാർഷികാഘോഷത്തിന് ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്ക് ഭർത്താവിനൊപ്പം ബൈക്കിൽ വന്ന തലവടി 12-ാം വാർഡ് കാണിച്ചേരിചിറ മെറീനാ ഷാനോ (28) കെഎസ്ആർടിസി ബസ് കയറി മരണമടഞ്ഞിട്ട് ഒരാഴ്ച മാത്രമേ ആകുന്നുളളൂ.
