പങ്കാളിത്തത്തിന്റെ ഭാഗമായി നടന്ന ‘പിച്ച് റ്റു വിൻ: ഫാർമ 4.0 എഡിഷൻ’ മത്സര വിജയികൾക്ക് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങിൽ ക്യാഷ് അവാർഡുകൾ സമ്മാനിച്ചു.

തിരുവനന്തപുരം: ആരോഗ്യപരിചരണം, ലൈഫ് സയൻസസ് എന്നിവ ഉൾപ്പെടുന്ന മേഖലകളിൽ നവീകരണവും സംരംഭകത്വവും ഗവേഷണ സാധ്യതകളും പ്രോത്സാഹിപ്പിക്കുന്നതിനായി പ്രമുഖ എ ഐ ആൻഡ് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി യും ഡീപ് ടെക് സ്റ്റാർട്ടപ്പ് ഹബ്ബായ ഐ ഐ ടി മദ്രാസ് ഇൻക്യൂബേഷൻ സെല്ലും ( ഐ ഐ ടി എം ഐ സി ) തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു.
സംയുക്തമായി ആസൂത്രണം ചെയ്തു നടപ്പാക്കുന്ന പദ്ധതികൾ, ഇൻക്യൂബേറ്റ് ചെയ്യുന്ന സ്റ്റാർട്ടപ്പുകളുമായുള്ള ഇടപെടലുകൾ, വ്യവസായ പങ്കാളിത്തങ്ങൾ തുടങ്ങിവയിലൂടെ ഇന്നൊവേഷൻ മുന്നോട്ടു നയിക്കുന്നതിനുള്ള ഒരു സഹകരണ ചട്ടക്കൂട് സൃഷ്ടിക്കുകയെന്നതാണ് ഈ ധാരണാ പത്രത്തിന്റെ ലക്ഷ്യം. വിജയ സാധ്യതയുള്ള സ്റ്റാർട്ടപ്പുകളെ കണ്ടെത്തുക, അവർക്കു വഴികാട്ടിയായി പ്രവർത്തിക്കുക, ധനസഹായം നൽകുക, പൈലറ്റുകളും പ്രൂഫ്-ഓഫ്-കോൺസെപ്റ്റുകളും ക്രമബദ്ധമായി വിപുലീകരിക്കുക, തന്ത്രപരമായ സഹകരണങ്ങൾ രൂപപ്പെടുത്തുക, വിപണിയിലെത്താനുള്ള അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയ്ക്കായി യു എസ് ടി യും ഐ ഐ ടി എം ഐ സിയും തമ്മിലുള്ള ഈ പങ്കാളിത്തം പ്രവർത്തിക്കും..

സംയുക്ത ഇന്നൊവേഷൻ സംരംഭങ്ങളുടെ പരമ്പരയിലെ ആദ്യത്തേതാണ് ഈ പങ്കാളിത്തം. ഇതോടനുബന്ധിച്ച്, യു എസ് ടി യും ഐ ഐ ടി എം ഐ സിയും സംയുക്തമായി സംഘടിപ്പിച്ച ‘പിച്ച് റ്റു വിൻ: ഫാർമ 4.0 എഡിഷൻ’ മത്സരത്തിൽ ഇന്ത്യയിലെ 32 നഗരങ്ങളിൽ നിന്നായി 90-ലധികം സ്റ്റാർട്ടപ്പുകൾ പങ്കെടുത്തു. ഈ മത്സരം രാജ്യത്തെ ആരോഗ്യ പരിചരണ – ലൈഫ് സയൻസസ് സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ വളർച്ചയെ പ്രതിഫലിപ്പിക്കുന്ന ഒന്നായിരുന്നു. ഫൈനലിലെത്തിയ പത്ത് മത്സരാർത്ഥികൾക്ക് യു എസ് ടി ഒരു മാസകാലത്തെ മെന്റർഷിപ്പ് നൽകി. തുടർന്ന്, ചെന്നൈയിലെ ഐ ഐ ടി എം ഐ സിയിൽ നടന്ന ഫൈനൽ പിച്ച് ദിനത്തിൽ പ്രമുഖ ജൂറി പാനലിനു മുന്നിൽ അവർ തങ്ങളുടെ പ്രോജക്ടുകൾ അവതരിപ്പിച്ചു. നോളജ് പാർട്ണറായി ഫൈസറും, ടെക്‌നോളജി പാർട്ണറായി എ ഡബ്ലിയൂ എസും ഈ മത്സരങ്ങളുടെ നടത്തിപ്പിൽ സഹകരിച്ചു.
മത്സരങ്ങളിൽ ന്യൂക്ലിയോ-വിർ തെറാപ്പ്യൂട്ടിക്സ് വിജയിയായി. കെം ബയോ സെൻസ് ഫസ്റ്റ് റണ്ണർ-അപ്പും, എൽ.എൻ. ഇൻഫോസ്ഫിയർ ടെക് ട്രാൻസ്ഫോർമേഴ്സ് സെക്കൻഡ് റണ്ണർ-അപ്പുമായി. ഇവർക്കു യഥാക്രമം 1,25,000 രൂപ , 75,000 രൂപ, 50,000 രൂപ വീതം കാഷ് അവാർഡുകൾ സമ്മാനിച്ചു. ഇതോടൊപ്പം, ഈ മൂന്ന് സ്റ്റാർട്ടപ്പുകൾക്കായി ആകെ 45 ലക്ഷം രൂപ വരെ, നിബന്ധനകളോടെയുള്ള, ധനസഹായവും വിപണി കണ്ടെത്തുന്നതിനുള്ള പിന്തുണയും മറ്റ് സഹായങ്ങളും യു എസ് ടി നൽകും. മത്സര വിജയികൾക്ക് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് ക്യാഷ് അവാർഡുകൾ സമ്മാനിച്ചത്.

“ഐഐടി മദ്രാസ് ഇൻക്യൂബേഷൻ സെല്ലുമായുള്ള ഞങ്ങളുടെ പങ്കാളിത്തം വ്യവസായങ്ങളിലുടനീളം ഡീപ് ടെക് ഇന്നൊവേഷൻ പ്രയോജനപ്പെടുത്തുന്ന രീതിയിലുള്ള തന്ത്രപരമായ മുന്നേറ്റമാണ്. ഐ ഐ ടി എം ഐ സിയിലെ പ്രശസ്തമായ ഇൻക്യൂബേഷൻ ആവാസവ്യവസ്ഥയും അത്യാധുനിക ഗവേഷണ സാധ്യതകളും ചേരുമ്പോൾ, സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിലുപരി ധൈര്യമുള്ള സംരംഭകരെ വളർത്തുകയും, ഗവേഷണാധിഷ്ഠിത ആശയങ്ങളെ ത്വരിതപ്പെടുത്തുകയും, ബിസിനസുകളെയും സമൂഹത്തെയും പരിവർത്തനം ചെയ്യാൻ കഴിയുന്ന ശക്തമായ പ്രവർത്തനങ്ങളുടെ നിരതന്നെ സൃഷ്ടിക്കുകയും ചെയ്യുന്നു. ഐ ഐ ടി എം ഐ സിയുടെ വിവിധ മേഖലകളുള്ള പ്രാഗൽഭ്യവും, യു എസ് ടിയുടെ ആഗോള സാന്നിധ്യം, വ്യവസായ പങ്കാളിത്തങ്ങൾ, മെന്റർഷിപ്പ് എന്നിവയുമായി കൂട്ടിച്ചേർത്ത്, പുതിയ തലമുറയുടെ സാങ്കേതികവിദ്യകൾ വിപുലീകരിക്കാവുന്ന ഒരു പ്ലാറ്റ്‌ഫോം ഞങ്ങൾ സൃഷ്ടിക്കുന്നു.” യു എസ് ടി പ്രസിഡന്റ് മനു ഗോപിനാഥ് പറഞ്ഞു:
“യു എസ് ടിയുമായുള്ള ഈ സഹകരണം, സവിശേഷമായും ആരോഗ്യപരിചരണവും ലൈഫ് സയൻസസും ഉൾപ്പെടുന്ന മേഖലകളിൽ, ഇന്ത്യയുടെ ഡീപ്-ടെക് ഇന്നൊവേഷൻ പ്രവർത്തനങ്ങൾ മുന്നേറണമെന്ന ഞങ്ങളുടെ നയത്തോട് ചേർന്ന് നിൽക്കുന്ന ഒന്നാണ്. പിച്ച് റ്റു വിൻ പോലുള്ള മത്സരങ്ങയിലൂടെ, വിജയ സാധ്യതയുള്ള സ്റ്റാർട്ടപ്പുകളെ വളർത്തുന്നതിന് പുറമേ, അക്കാദമിയ, വ്യവസായം, നിക്ഷേപകർ എന്നിവരെ കൂട്ടിയിണക്കി ആഗോളതലത്തിൽ ജീവിത പരിവർത്തനം ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുകയാണ് ഞങ്ങൾ,” ഐ ഐ ടി എം ഐ സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. തമസ്വതി ഘോഷ് പറഞ്ഞു.
ഇന്ത്യയുടെ ലൈഫ് സയൻസസ് 4.0 ആവാസവ്യവസ്ഥയ്ക്കുള്ളിൽ പുതു തലമുറ സൊല്യൂഷൻസിനെ ത്വരിതപ്പെടുത്തുന്നതിനായി ഗവേഷണാധിഷ്ഠിത ഇന്നോവേഷനും സംരംഭകത്വവും മുന്നോട്ട് കൊണ്ടുപോകുന്നതിൽ യു എസ് ടിയുടെ പ്രതിബദ്ധതയെ ഈ പങ്കാളിത്തം അടിവരയിടുന്നു.
