പാത്രിയാർക്കൽ സഭ: ചാക്കോ കളരിക്കൽ

സീറോ മലബാർ സഭയെ പാത്രിയാർക്കൽ സഭയായി ഉയർത്താൻ പോകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയായിൽ കറങ്ങുന്നുണ്ട്. ആ വാർത്ത ശരിയോ തെറ്റോയെന്ന് എനിക്കറിയില്ല. എങ്കിലും, പാത്രിയാർക്കൽ സഭകളുടെ ഉത്ഭവചരിത്രത്തെ സംബന്ധിച്ചും കത്തോലിക്ക സഭയിലെ അതിന്റെ സ്ഥാനത്തെ സംബന്ധിച്ചും സീറോ മലബാർ സഭ ഒരു പാത്രിയാർക്കൽ സഭയാകാൻ ചരിത്രപരമായും സഭാപാരമ്പര്യപരമായും യോഗ്യതയുണ്ടോ എന്നും സീറോ മലബാർ സഭയെ പാത്രിയാർക്കൽ സഭയായി ഉയർത്തിയാൽ സഭയ്ക്ക് മൊത്തത്തിലും പ്രത്യേകിച്ച് വിശ്വാസികൾക്കും അതുകൊണ്ട് ആദ്ധ്യാത്മികമായും ഭരണപരമായും മറ്റുരീതിയിലും എന്തു പ്രയോജനമാണ് എന്നതു സംബന്ധിച്ചുമുള്ള എൻറെ അഭിപ്രായമാണ് നിങ്ങളുടെ അറിവിലേക്കായി ഞാനിവിടെ പങ്കുവയ്ക്കുന്നത്.

പുരുഷാധിപത്യത്തിന്റെ ചരിത്രമാണ് പാത്രിയാർക്കിയുടെ ചരിത്രം. പഴയനിയമകാലം മുതൽ എന്നുവെച്ചാൽ ഹീബ്രു ബൈബിളിന്റെ കാലഘട്ടം മുതൽ ഇസ്രായേൽ ഗോത്രത്തലവന്മാർ അബ്രഹാം, ഐസക്, ജോസഫ് എല്ലാം പാത്രിയാർകാമാരായിരുന്നു. പുരുഷന്മാർ നയിക്കു ന്നു; സ്ത്രീകൾ പിന്തുണയ്ക്കുന്നു. ദൈവത്തെപ്പോലും പുരുഷ ശിരഃസ്ഥാനിയായി കാണുന്നു. അപ്പോൾ ചരിത്രപരമായ വേരുകളുടെ സ്വാധീനം, ഗ്രീക്കോ-റോമൻ പുരുഷാധിപത്യ സാമൂഹിക ഘടനയുടെ സ്വാധീനം, ആദ്യകാല സഭാപാരമ്പര്യങ്ങളിൽ കടന്നുകൂടി.

കത്തോലിക്ക സഭയിൽ അപ്പോസ്തലിക കാലം മുതൽ, എന്നുവെച്ചാൽ ഒന്നാം നൂറ്റാണ്ടുമുതൽ, റോം (പോപ്പിന്റെ ആസ്ഥാനം), അന്ത്യോക്യ (ആദ്യമായി യേശുവിന്റെ അനുയായികളെ ‘ക്രിസ്ത്യാനികൾ’ എന്നു വിളിച്ച സ്ഥലം), അലക്സാണ്ഡ്രിയ (ഈജിപ്തിൽ വി. മാർക്കോസിനാൽ രൂപപ്പെട്ട പുരാതന ക്രിസ്തീയ കേന്ദ്രം) പരിശുദ്ധ സിംഹാസനങ്ങൾ (Apostolic Sees) ആയി രൂപം കൊണ്ടിരുന്നു. AD 381-ൽ കോൺസ്റ്റാന്റിനോപ്പിളിൽ കൂടിയ ഒന്നാം കൗൺസിലിൽ കോൺസ്റ്റാന്റിനോപ്പിളും (“പുതിയ റോം”) AD 451-ൽ കൂടിയ ചാൾസെഡോൺ കൗൺസിലിൽ ജറുസലേമും (യേശുവിന്റെ പീഡാനുഭവവും, പുനരുത്ഥാനവും സംഭവിച്ച സ്ഥലം) പാത്രിയാർക്കൽ പദവിയിലേക്ക് ഉയർത്തപ്പെട്ടു. ഈ അഞ്ച് പാത്രിയാക്കേറ്റുകളും റോമാസാമ്രാജ്യാതിർത്തിക്കുള്ളിലാണെന്നും ക്രിസ്തുമതം റോമാസാമ്രാജ്യത്തിലെ ഔദ്യോഗിക മതമാണെന്നും നാം മനസ്സിലാക്കണം.

പാത്രിയാർക്കീസ് പദവി ചില പ്രത്യേക സ്ഥലങ്ങളിലെ മെത്രാന്മാർക്ക് ബഹുമാനസൂചകമായി നല്കിത്തുടങ്ങിയതാണ്. ജസ്റ്റീനിയൻ (AD 482-565) ചക്രവർത്തിയുടെ കാലത്താണ് പ്രമുഖ കേന്ദ്രങ്ങളിലെ മെത്രാന്മാർ ഈ പദവി ഉപയോഗിച്ചുതുടങ്ങിയത്.

എന്നാൽ റോമാസാമ്രാജ്യാതിർത്തിക്കു വെളിയിൽ കിഴക്ക് സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ മലങ്കരയിൽ ഒന്നാം നൂറ്റാണ്ടിൽത്തന്നെ വി. തോമ അപ്പോസ്തലൻ (AD 52) എത്തി വേദം പ്രസംഗിച്ച്‌ അവിടുള്ളവരെ ക്രിസ്ത്യാനികളാക്കിയെന്ന് മാർതോമ നസ്രാണികൾ വിശ്വസിക്കുന്നു. അക്കാലങ്ങളിൽ റോമാസഭയുമായി നസ്രാണിക്രിസ്ത്യാനികൾക്ക് ബന്ധമുണ്ടായിരുന്നു എന്നതിന് ചരിത്രപരമായ തെളിവുകളൊന്നുമില്ല. AD 451-ൽ ചാൾസെഡോണിൽ സമ്മേളിച്ച നാലാമത്തെ എക്യുമെനിക്കൽ കൗൺസിലിൽ 520-ഓളം മെത്രാന്മാർ പങ്കെടുത്തിരുന്നെങ്കിലും ഇന്ത്യയെ പ്രധിനിതീകരിച്ച് ഒരു സഭാതലവൻ പോലും അതിൽ പങ്കെടുത്തതായി ചരിത്ര രേഖകളൊന്നുമില്ല. ആദിമ നൂറ്റാണ്ടുകളിൽ റോമൻ പാശ്ചാത്യ/പൗരസ്ത്യ സഭകളാൽ അറിയപ്പെടാതെ വളർന്ന തോമാക്രിസ്ത്യാനികൾ ഇന്ന് എറണാകുളം ആസ്ഥാനമാക്കി സ്വയം ഭരണാധികാരമുള്ള ഒരു മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭയായി വളർന്ന് പന്തലിച്ചു. റോമൻ പാശ്ചാത്യ/പൗരസ്ത്യ സഭകൾ മാർതോമ ക്രിസ്ത്യാനികളെ അന്ന് അറിഞ്ഞിരുന്നുവെങ്കിൽ ഒരുപക്ഷെ നസ്രാണി സഭയും ഒരു അപ്പോസ്തലിക പാരമ്പര്യമുള്ള പാത്രിയാർക്കൽ സഭയായി ആന്നേ പരിണമിക്കുമായിരുന്നു.

കോപ്റ്റിക്, മാറോനീത്ത, മെൽകൈറ്റ്, സിറിയൻ, കൽദായ, അർമേനിയൻ എന്നീ റോമൻ പൗരസ്ത്യ സഭകളിൽ പാത്രിയാർക്കൽ സംവിധാനം നിലവിലുണ്ട്. കൂടാതെ റോമ, വെനീസ്, ഗോവ തുടങ്ങിയ പാശ്ചാത്യ റോമൻസഭകളിലെ മെത്രാന്മാർക്കും പാത്രിയാർക്കൽ പദവി നൽകിയിട്ടുണ്ട്. എങ്കിലും അവർക്ക് പൗരസ്ത്യ സഭകളിലെ പാത്രിയർക്കാമാരുടെ അധികാരാവകാശങ്ങളൊന്നുമില്ല. 2006-ൽ ബെനെഡിക്റ്റ് പാതിനാറാമൻ പാപ്പ തൻറെ പാത്രിയാർക്കൽ പദവി (Patriarch of the West) എടുത്തുകളയുകയുണ്ടായെങ്കിലും പോപ്പ് ഫ്രാൻസിസ് ആ പദവി പുനഃസ്ഥാപിക്കുകയുണ്ടായി. പാശ്ചാത്യ സഭയിൽ റോമാമാർപാപ്പയ്ക്കുമാത്രമാണ് പാത്രിയർക്കീസിന്റെ അധികാരാവകാശങ്ങ ൾ ഉള്ളത്.

റോമിലെ പൗരസ്ത്യ കാര്യാലയത്തിന്റെ തീരുമാനവും ജോസഫ് പൗവ്വത്തിൽ പോലുള്ള ചില തീവ്ര കൽദായ വാദികളായ മെത്രാന്മാരുടെ അഭിപ്രായവും സീറോ മലബാർ സഭ റോമൻ പൗരസ്ത്യസഭയുടെ ഭാഗമായ കൽദായ സഭയുടെ പുത്രീസഭയാണെന്നാണ്. അപ്പോൾ കൽദായ സഭയുടെ വേരുകൾ തേടി നാം പോകേണ്ടിയിരിക്കുന്നു.

കൽദായ കത്തോലിക്ക സഭ അരാമിക് ഭാഷ സംസാരിക്കുന്ന ഒരു റോമൻ പൗരസ്ത്യ കത്തോലിക്ക സഭയാണ്. പുരാതന കിഴക്കൻ സഭയുമായി (ancient Church of the East) ഈ സഭ ബന്ധപ്പെട്ടിരിക്കുന്നു. മെസൊപ്പൊട്ടേമിയയിൽ (ആധുനിക ഇറാഖ്) വേരുകളുള്ളതും വി. തോമ അപ്പോസ്തലന്റെ ശിഷ്യന്മാരായ മാർ അദ്ദായിയിൽ (Mar Addai) നിന്നും മാർ മാരിയിൽ (Mar Mari) നിന്നുമുള്ള അപ്പോസ്തലിക ഉത്ഭവം കിഴക്കൻ പ്രദേശങ്ങളിൽ അഭിവൃദ്ധി പ്രാപിച്ചുവരുന്ന കാലഘട്ടമായിരുന്നു അത്. നൂറ്റാണ്ടുകൾക്ക് ശേഷം ഈ സഭ ഒരു പ്രത്യേക സഭയായി പരിണമിച്ചു. 5-ാം നൂറ്റാണ്ടിൽ കിഴക്കൻ സഭ നെസ്റ്റോറിയസിന്റെ പഠിപ്പിക്കലുകൾ സ്വീകരിച്ചു. അത് റോമൻ സഭയിൽ നിന്ന് ഔപചാരികമായി വേർപിരിയുന്നതിലേക്ക് നയിച്ചു. അതിനുശേഷം ഒരു പ്രബല വിഭാഗം 16-ാം നൂറ്റാണ്ടിൽ റോമുമായി ഒന്നിച്ചു. 1830-ൽ ഔപചാരികമായി കൽദായ കത്തോലിക്ക സഭയായി മാറി. ഇറാഖിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഈ സഭ ചരിത്രപരമായ പീഡനം കാരണം ആഗോളതലത്തിൽ പ്രത്യേകിച്ച് യുഎസിൽ വലിയ സമൂഹങ്ങൾ നിലനിൽക്കുന്നു.

1599-ൽ പോർട്ടുഗീസുകാർ മാർതോമ നസ്രാണികളെ റോമിന്റെ കീഴിലാക്കുന്ന കാലത്തും കിഴക്കൻ സഭകളിൽ ഉൾപ്പെട്ട കല്ദായസഭയും നെസ്റ്റോറിയസിന്റെ പഠിപ്പിക്കലുകൾ സ്വീകരിച്ച് റോമൻ സഭയിൽ നിന്ന് ഔപചാരികമായി വേർപിരിഞ്ഞിരിക്കുകയായിരുന്നു എന്ന കാര്യം ഒരു ചരിത്ര യാഥാർത്ഥ്യമാണ്.

രണ്ടാം വത്തിക്കാൻ കൗൺസിലിൻറെ ‘പൗരസ്ത്യസഭകൾ’ എന്ന ഡിക്രിയിൽ പാത്രിയാർക്കൽ സംവിധാനം പുനഃസ്ഥാപിക്കണം എന്ന് പറയുന്നുണ്ട്. കൗൺസിലിനുശേഷം പുതുതായി പാത്രിയാർക്കൽ സഭകളൊന്നും സ്ഥാപിക്കപ്പെട്ടിട്ടില്ല. 1992-ൽ സീറോ മലബാർ സഭയെ എറണാകുളം-അങ്കമാലി മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭയായി റോം ഉയർത്തി. ഈ സഭയെ ഒരു പാത്രിയാർക്കൽ സഭയായി ഉയർത്താനുള്ള സാധ്യതയെ നാം കുറച്ചുകാണരുതു്. അതിനാവശ്യമായ എല്ലാ ഘടകങ്ങളും ഈ സഭയ്ക്കുണ്ട്. അപ്പോസ്തലിക പിന്തുടർച്ച, പൗരാണികത്വം, ചരിത്രപരമായ പ്രാധാന്യം, ബൈബിൾ പുരുഷാധിപത്യം, സ്വയംഭരണ സഭ, റോമൻ പാപ്പായോടുള്ള വിധേയത്വം, അംഗസംഖ്യ, പട്ടക്കാരുടെയും മേല്പട്ടക്കാരുടെയും സമൃദ്ധി, ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്നതുമെല്ലാം ഈ സഭയെ പാത്രിയാർക്കൽ സംവിധാനത്തിലേക്ക് ഉയർത്താൻ പ്രാപ്തമായ ഘടകങ്ങളാണ്.

മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭയും പാത്രിയാർക്കൽ സഭയും തമ്മിൽ കാര്യമായ വ്യത്യാസങ്ങൾ ഒന്നുമില്ല. പാത്രിയാർക്കൽ സഭകളെയും പാത്രിയാർക്കീസിനെയും പറ്റി പറഞ്ഞിരിക്കുന്ന എല്ലാ സഭാനിയമങ്ങളും (കാനോനകൾ) മേജർ ആർച്ചുബിഷപ്പുമാർക്കും ബാധകമാണ്. പരമ്പരാഗത അർത്ഥത്തിൽ ഈ സഭ ഒരു പാത്രിയാർക്കൽ സഭയല്ലെങ്കിലും വർദ്ധിച്ച സ്വയംഭരണം നേടിയിട്ടുള്ള ഒരു സഭയാണിത്. വത്തിക്കാന്റെ അംഗീകാരമില്ലാതെ മെത്രാന്മാരെ നിയമിക്കാനുള്ള അധികാരം റോമൻ പൗരസ്ത്യ പാത്രിയാർക്കൽ സഭകൾക്കുണ്ട്. അത് ഈ സഭയ്ക്കില്ല; കൂടാതെ, പാത്രിയാർക്കൽ പദവിയും.

1992-ൽ സ്വയം ഭരണാധികാരമുള്ള ആർക്കി എപ്പിസ്‌കോപ്പൽ സഭയായി ഉയർത്തപ്പെട്ട, കത്തോലിക്ക സഭയിലെ അംഗസംഖ്യയിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന, ലോകം മുഴുവൻ പടർന്നു കിടക്കുന്ന ഈ സഭയെ ഇത്രയും കാലമായിട്ടും എന്തുകൊണ്ട് വത്തിക്കാൻ ഒരു പാത്രിയാർക്കൽ സഭയായി ഉയർത്തിയില്ല എന്ന ചോദ്യം ഇവിടെ വളരെ പ്രസക്തമാണ്. ഒരു ആത്മവിമര്ശനം ഇവിടെ ആവശ്യമായി വരുന്നു.

സീറോ മലബാർ സഭയുടെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണെന്ന് പറയാതിരിക്കാൻ വയ്യ. 83 വയസ് പ്രായമുള്ള ചെറുപ്പക്കാരനായ ഞാൻ ഈ സഭയിൽ ജനിച്ചുവളർന്ന ഒരു വ്യക്തിയാണ്. സ്വന്തം ജീവിതത്തിലൂടെ ഈ സഭയെ അടുത്തറിയുകയും കൂടാതെ ഈ സഭയെപ്പറ്റി ഗാഢമായി പഠിക്കുകയും സഭാസംബന്ധിയായ അനേകം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. എൻറെ അഭിപ്രായത്തിൽ ഈ സഭയുടെ ഇന്നത്തെ പോക്ക് ശരിയല്ല. അതിന് നിരവധിയായ കാരണങ്ങൾ ഉണ്ട്. സ്വത്വബോധത്തിന്റെ അപചയമാണ് മുഖ്യം. നമ്മൾ മാർതോമ നസ്രാണി ക്രിസ്ത്യാനികളാണെന്നും നമ്മുടെ മതപരമായ വ്യക്തിത്വം ‘മാർതോമയുടെ മാർഗ്ഗവും വഴിപാടും’ ആണെന്ന് ഇന്നത്തെ സഭാധികാരം സൗകര്യപ്രദമായി മറക്കുന്നു. അടി പതറിയാൽ ആനയും വീഴും.

രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിച്ചത് ചരിത്ര യാഥാർത്ഥ്യങ്ങളെ ആധാരമാക്കി ഓരോ റീത്തും പരിപോഷിപ്പിക്കുകയും പരിരക്ഷിക്കുകയും ചെയ്യണമെന്നാണ്. കേരളത്തിലെ ക്രിസ്ത്യാനികൾക്ക് ക്രിസ്തുവിന്റെ രക്ഷാകരസന്ദേശം ലഭിച്ചത് മാർതോമശ്ളീഹായിൽ നിന്നായിരുന്നു എന്നാണ് വിശ്വാസം. അവർക്ക് തനതായ പൈതൃകവും പാരമ്പര്യങ്ങളും പള്ളി യോഗങ്ങളിൽ അധിഷ്ഠിതമായ പള്ളിഭരണരീതികളും ആചാരക്രമങ്ങളും സംസ്കാരവും സഭാഘടനയും ദൈവ ശാസ്ത്രവും ആദ്ധ്യാത്മികതയും ആരാധനക്രമവും ശിക്ഷണക്രമവുമെല്ലാമുണ്ടായിരുന്നു. ചരിത്ര സാഹചര്യങ്ങൾ കൊണ്ടും സംസ്കാരംകൊണ്ടും ഭാഷകൊണ്ടുമെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്ന സീറോ മലബാർ റീത്ത് എങ്ങനെ പൗരസ്ത്യ റോമാസഭയിൽപ്പെട്ട കല്ദായസഭയുടെ ഭാഗമാകുമെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല. കൽദായ റീത്ത് റോമൻ പൗരസ്ത്യസഭകളിൽ ഉൾപ്പെട്ട ഒരു റീത്താണ്. സീറോ മലബാർ റീത്ത് കേരളത്തിലെ മാർതോമക്രിസ്ത്യാനികളുടേതും. നൈയാമികമായും പൈതൃകമായും യാതൊരു ബന്ധവുമില്ലാത്ത ഇറാഖിലെ കൽദായ സഭയുടെ ഭാഗമാക്കിയതോടെ മാർതോമക്രിസ്ത്യാനികളുടെ വ്യക്തിത്വം നഷ്ടപ്പെട്ടു. എന്നിട്ടും ഈ സഭ ഒരു വ്യക്തിസഭയാണെന്ന് അവകാശപ്പെടുന്നത് ഒരു വിരോധാഭാസമല്ലേ? ചരിത്രപരമായ ഒരു തെറ്റായി ഇതെന്നും നിലനിൽക്കും.

സീറോ മലബാർ സഭ കല്ദായസഭയുടെ ഭാഗമാണെങ്കിൽ ഈ സഭയ്ക്ക് വേറൊരു പാത്രിയാർക്കീസിന്റെ ആവശ്യമില്ലല്ലോ. ബാഗ്ദാദിലുള്ള കൽദായ സഭയുടെ പാത്രിയാർക്കീസിനെ സീറോ മലബാർ സഭയുടെയുംകൂടിയ പാത്രിയാർക്കീസായി അംഗീകരിച്ചാൽ മതിയല്ലോ.

ചരിത്രസത്യങ്ങളെ വികലമാക്കി സഭയെ ഇന്ന് കല്ദായവൽക്കരിക്കാനും (അസ്തിത്വയുദ്ധം) നമ്മുടെ അരാധനക്രമം കൽദായ ആരാധനക്രമമാണെന്നും (ലിറ്റര്ജിയുദ്ധം) നമ്മൾ വണങ്ങേണ്ട കുരിശ് തൂങ്ങപ്പെട്ടരൂപമല്ല മാർതോമ കുരിശാണെന്നും (കുരിശുയുദ്ധം) ഭാരതത്തിന്റെ സാമൂഹികക്രമമനുസരിച്ചും മാർതോമ നസ്രാണി വ്യക്തിസഭയുടെ പാരമ്പര്യമനുസരിച്ചുമുള്ള നിയമനിർമാണത്തിനു പകരം റോമൻ പൗരസ്ത്യ സഭകളുടെ കാനോനകൾ മാർതോമ നസ്രാണി ക്രിസ്ത്യാനികളുടെമേൽ അടിച്ചേല്പിച്ചതും (നിയമയുദ്ധം) നെസ്‌റ്റോറിയസിന്റെ കുപ്രസിദ്ധമായ വിശ്വാസപ്രമാണം ആരാധനക്രമത്തിൽ ചൊല്ലുന്നതും (ദൈവശാസ്ത്രയുദ്ധം) മെത്രാന്മാരുടെ ഇടയിലെ പടലപ്പിണക്കവുമെല്ലാം (നേതൃത്വയുദ്ധം) ഈ സഭയെ തളർത്തിയിരിക്കുന്നു. സഭയിൽ കുന്നുകൂടുന്ന സമ്പത്തും സുതാര്യത ഇല്ലാത്ത കൈകാര്യകർത്തൃത്വവും സഭാമേലധികാരികളുടെ ലൗകികജീവിതവും ലൈംഗിക അതിക്രമങ്ങളും സഭാഭരണത്തിൽ അല്മായരെ പരിഗണിക്കത്ത അവസ്ഥയും അവരോട് ധാർഷ്ട്യത്തോടെ പെരുമാറുന്നതും സഭയിലെ ചെറുപ്പക്കാരെ അവഗണിക്കുന്നതും മെഗാ പള്ളികളുടെ അനാവശ്യ നിർമ്മാണവും വിശ്വാസികൾ സഭയോട് എന്നെന്നേക്കുമായി വിട പറയുന്നതും ഈ സഭയിൽ കടന്നുകൂടിയിരിക്കുന്ന രോഗങ്ങളാണ്.

രോഗാതുരമായ സീറോ മലബാർ സഭയെ പാത്രിയാർക്കൽ സഭ ആക്കിയാലും വിശ്വാസികൾക്ക് അതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല. രാജകീയ പദവിക്കാരനായ പുതിയ മഹാഇടയനെ തീറ്റിപോറ്റാനുള്ള ചുമതല ആടുകളറിയാതെ അവരുടെ തലയിലാകും. വമ്പൻ സ്വീകരണങ്ങൾക്കായി തയ്യാറെടുക്കുവീൻ.

 

 

Leave a Comment

More News