ഉക്രേനിയൻ കുട്ടികളെ നിർബന്ധിതമായി കൈമാറ്റം ചെയ്യുന്നത് റഷ്യ അവസാനിപ്പിക്കണം: യു എൻ

ജനീവ: അന്താരാഷ്‌ട്ര നിയമം ലംഘിച്ച് ഉക്രെയ്‌നിലെ അധിനിവേശ പ്രദേശങ്ങളിൽ നിന്ന് കുട്ടികളെ നിർബന്ധിതമായി കൈമാറുന്നത് അവസാനിപ്പിച്ച് അവരെ അവരുടെ കുടുംബങ്ങളിലേക്ക് തിരികെ കൊണ്ടുവരണമെന്ന് കുട്ടികളുടെ അവകാശങ്ങൾക്കായുള്ള യുഎൻ കമ്മിറ്റി വ്യാഴാഴ്ച റഷ്യയോട് ആവശ്യപ്പെട്ടു.

20,000 കുട്ടികളെ ഉക്രെയ്നിൽ നിന്ന് റഷ്യയിലേക്ക് കുടുംബത്തിൻ്റെയോ രക്ഷിതാക്കളുടെയോ സമ്മതമില്ലാതെ കൊണ്ടുപോയതായി
കൈവ് പറയുന്നു. കൂടാതെ, നിയമവിരുദ്ധമായ നാടുകടത്തൽ ആരോപിച്ച് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനെ അറസ്റ്റ് ചെയ്യാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) ശ്രമിക്കുന്നു. എന്നാല്‍, ആരോപണങ്ങള്‍ ക്രെംലിൻ നിഷേധിച്ചു.

റഷ്യയെക്കുറിച്ചുള്ള ഒരു റിപ്പോർട്ടിൽ, യുക്രെയ്‌നിൽ നിന്ന് കൊണ്ടുപോയ കുട്ടികളുടെ കൃത്യമായ എണ്ണത്തെക്കുറിച്ചും അവർ എവിടെയാണെന്നുമുള്ള വിവരങ്ങൾ മോസ്കോ നൽകണമെന്ന് യുഎൻ കമ്മിറ്റി ആവശ്യപ്പെട്ടു. അതുപ്രകാരം അവരെ തിരിച്ചറിഞ്ഞ്
അവരവരുടെ കുടുംബങ്ങള്‍ക്ക് തിരികെ നല്‍കാന്‍ കഴിയുമെന്നും കമ്മിറ്റി പറഞ്ഞു.

2022 ഫെബ്രുവരിയിൽ ഉക്രെയ്‌നിൽ സമ്പൂർണ്ണ അധിനിവേശം ആരംഭിച്ച മോസ്കോ, യുദ്ധമേഖലയിൽ നിന്ന് ദുർബലരായ കുട്ടികളെ സംരക്ഷിക്കുകയാണെന്ന് പറഞ്ഞാണ് അവരെ കടത്തിക്കൊണ്ടുപോയത്. ഈ ആരോപണവും റഷ്യ നിരസിച്ചു.

ഒരു കുട്ടിയുടെയും ഉക്രേനിയൻ പൗരത്വം നഷ്ടപ്പെട്ടിട്ടില്ലെന്നും അവരുടെ വ്യക്തിത്വം, പേര്, കുടുംബബന്ധങ്ങൾ എന്നിവ സംരക്ഷിക്കപ്പെടുമെന്ന ഉറപ്പ് റഷ്യ പാലിക്കണമെന്നും കമ്മിറ്റി പറഞ്ഞു.

ഉക്രെയിനിൽ നിന്ന് കുട്ടികളെ അനധികൃതമായി നാടുകടത്തിയ കുറ്റത്തിന് പുടിനും റഷ്യയിലെ കുട്ടികളുടെ അവകാശ കമ്മീഷണർ മരിയ എൽവോവ-ബെലോവയ്ക്കും ഐസിസി കഴിഞ്ഞ മാർച്ചിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ഉക്രെയ്‌നിലെ അധിനിവേശ പ്രദേശങ്ങളിലെ അനാഥാലയങ്ങളിൽ നിന്നും കെയർ ഹോമുകളിൽ നിന്നും “കുറഞ്ഞത് നൂറുകണക്കിന്” കുട്ടികളെയെങ്കിലും റഷ്യ മാറ്റിയിട്ടുണ്ടെന്നും അവരില്‍ പലരേയും ദത്തെടുക്കാൻ വിട്ടുകൊടുത്തിട്ടുണ്ടെന്നും ഐസിസിയുടെ ചീഫ് പ്രോസിക്യൂട്ടർ പറഞ്ഞു.

അതേസമയം, ഐസിസി ആരോപണങ്ങൾ അതിക്രമവും അസ്വീകാര്യവുമാണെന്ന് പറഞ്ഞ് റഷ്യ അവയെ തള്ളിക്കളഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News