സ്ഫോടനം നടക്കുമ്പോള്‍ ഹാളിൽ 2000-ത്തിലധികം ആളുകൾ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ; മൂന്നു സ്ഥലങ്ങളില്‍ സ്ഫോടനം നടന്നു

കൊച്ചി: കളമശ്ശേരി സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിനിടെ സ്‌ഫോടനം നടക്കുമ്പോൾ ഹാളിൽ 2000-ത്തിലധികം പേർ ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍. 9.30ന് എല്ലാവരും ഹാളിലെത്തിയിരുന്നു. രാവിലെ 9.40ന് പ്രാര്‍ത്ഥന കഴിഞ്ഞയുടനെയാണ് സ്‌ഫോടനമുണ്ടായതെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. എല്ലാവരും കണ്ണടച്ചിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്ന് ആർക്കും കൃത്യമായി അറിയില്ല. ഹാളിന്റെ മധ്യഭാഗത്താണ് ആദ്യം സ്‌ഫോടനം ഉണ്ടായത്. തുടർന്ന് ഹാളിന്റെ ഇടതുവശത്ത് വലിയ സ്‌ഫോടനമുണ്ടായി.

സ്‌ഫോടനത്തിൽ 35 പേർക്ക് പരിക്കേറ്റതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് സ്ഥിരീകരിച്ചു. 35 പേരെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഏഴുപേർ ഐസിയുവിലാണ്. ഗുരുതരമായി പൊള്ളലേറ്റവരിൽ ഒരു കുട്ടിയും ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ടെങ്കില്‍ ആവശ്യപ്രകാരം അവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. കോട്ടയത്ത് ബേൺസ് യൂണിറ്റും സജ്ജമാക്കിയിട്ടുണ്ട്.

സംഭവസ്ഥലത്ത് കരിമരുന്നിന്റെ സാന്നിധ്യം അന്വേഷണ സംഘം കണ്ടെത്തി. വിദഗ്ധ സംഘം അവയുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. എൻഐഎ കൊച്ചി യൂണിറ്റും ഇന്റലിജൻസ് ബ്യൂറോ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News