കളമശേരി ബോംബ് സ്‌ഫോടനം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചതോടെ മരണസംഖ്യ നാലായി

എറണാകുളം: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർത്ഥനാ സമ്മേളനത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. ഇതോടെ ഈ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ആലുവ തായിക്കാട്ടുകര സ്വദേശി മോളി ജോയിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മോളി ജോയ് മരണത്തിന് കീഴടങ്ങിയത്.

പെരുമ്പാവൂർ ഇരിങ്ങോളിൽ ലിയോണ പൗലോസ് (55), ഇടുക്കി കാളിയാർ സ്വദേശി കുമാരി (53), മലയാറ്റൂർ സ്വദേശി ലിബിന (12) എന്നിവരാണ് നേരത്തെ മരിച്ചത്. സ്‌ഫോടനം നടന്ന സ്ഥലത്ത് ലിയോണ പൗലോസിന് ജീവൻ നഷ്ടപ്പെട്ടു, ചികിത്സയിലിരിക്കെ കുമാരിയും ലിബിനയും മരിച്ചു.

സ്ഫോടനത്തിൽ പരിക്കേറ്റ 19 പേര്‍ നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്, അവരിൽ പത്ത് പേർ തീവ്രപരിചരണ വിഭാഗത്തിലും (ഐസിയു) ഒമ്പത് പേർ സാധാരണ വാർഡുകളിലുമാണ്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

പ്രതിയായ ഡൊമിനിക് മാർട്ടിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പോലീസിന്റെ ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ പ്രതിയായ മാർട്ടിനെ ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധിയാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

കളമശ്ശേരി സാമ്രാ ഇന്‍റർനാഷണൽ കൺവെൻഷൻ സെന്‍ററിൽ യഹോവ സാക്ഷികളുടെ വാർഷിക കൺവെൻഷനിടെയുണ്ടായ സ്‌ഫോടനത്തിൽ ആകെ 52 പേർക്കായിരുന്നു പരിക്കേറ്റത്‌. കൃത്യം നടത്തിയതിന് പിന്നിൽ മറ്റാർക്കും പങ്കില്ലെന്നും താൻ തന്നെ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയതാണെന്നും മാര്‍ട്ടിന്‍ മൊഴി നൽകിയിരുന്നു.

കൊച്ചി കടവന്ത്ര ഇളംകുളം സ്വദേശിയാണ് ഡൊമിനിക് മാര്‍ട്ടിന്‍. തമ്മനത്ത് വാടക വീട്ടില്‍ കുടുംബവുമൊത്ത് താമസിച്ചു വരികയായിരുന്നു. ഏറെക്കാലം യഹോവ സാക്ഷികളോടൊപ്പം പ്രവര്‍ത്തിച്ച ഇയാള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അഭിപ്രായ ഭിന്നത രേഖപ്പെടുത്തി വിശ്വാസത്തില്‍ നിന്നും അകന്നത്. ആശയങ്ങളില്‍ മാറ്റം വരുത്തണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യം പരിഗണിക്കപ്പെടാതെ വന്നതോടെയാണ് പ്രതി കുറ്റകൃത്യത്തിലേക്ക് നീങ്ങിയത്.

Print Friendly, PDF & Email

Leave a Comment

More News