കളമശ്ശേരി സ്ഫോടനം: കോൺഗ്രസും സിപിഎമ്മും പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍

ന്യൂഡൽഹി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ കൺവെൻഷൻ സെന്ററിൽ ഞായറാഴ്ച രാവിലെയുണ്ടായ സ്‌ഫോടനങ്ങളിൽ മൂന്നു പേര്‍ മരിക്കുകയും 50 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതിന് പിന്നാലെ കോൺഗ്രസിനെയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയെയും (മാർക്‌സിസ്റ്റ്) കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നിശിതമായി വിമർശിച്ചു.

സോഷ്യൽ മീഡിയ പോസ്റ്റിൽ ചന്ദ്രശേഖർ സ്ഫോടനത്തെ അപലപിക്കുകയും കോൺഗ്രസും സിപിഎമ്മും പ്രീണന രാഷ്ട്രീയം
കളിക്കുകയാണെന്നും ആരോപിച്ചു. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെ വില എല്ലാ സമുദായങ്ങളിലെയും നിരപരാധികളാണ് വഹിക്കുന്നത്, അതാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കേരളത്തിൽ നടന്ന ഫലസ്തീൻ അനുകൂല റാലിയിൽ ഒരു ഹമാസ് നേതാവിന്റെ വെർച്വൽ സാന്നിധ്യത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് കേന്ദ്രമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടു, “ലജ്ജാകരമായ പ്രീണന രാഷ്ട്രീയത്തിന് തെളിവാണ് കോൺഗ്രസ്/സിപിഎം/യുപിഎ/ഇന്ത്യൻ സഖ്യ കക്ഷികള്‍ കേരളത്തില്‍ ‘ജിഹാദിന്’ വേണ്ടി ഹമാസിനെ വിദ്വേഷം പരത്താനും ആഹ്വാനം ചെയ്യാനും ക്ഷണിച്ചത്. ഇത് നിരുത്തരവാദപരവും വീണ്ടുവിചാരമില്ലാത്തതുമായ രാഷ്ട്രീയത്തിന്റെ പാരമ്യമാണ്,!”

“നിങ്ങളുടെ വീട്ടുമുറ്റത്ത് പാമ്പുകളെ വളർത്തി അവ നിങ്ങളുടെ അയൽക്കാരെ മാത്രം കടിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഒടുവിൽ, ആ പാമ്പുകൾ വീട്ടുമുറ്റത്തുള്ളവരെയും കടിക്കും,” ഹില്ലരി ക്ലിന്റന്റെ ഒരു ഉദ്ധരണിയും അദ്ദേഹം കുറിച്ചു.

കേരള ഡിജിപി ഷെയ്ക് ദർവേഷ് സാഹിബ് പറയുന്നതനുസരിച്ച്, പ്രാഥമിക അന്വേഷണത്തിൽ സ്ഫോടനം ഉണ്ടായത് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണം (ഐഇഡി) ആണെന്നാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രാദേശിക പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം നാലംഗ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സംഘവും നിലവിൽ പ്രവർത്തിക്കുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ നാശനഷ്ടങ്ങളുടെ കണക്കുകൾ സ്ഥിരീകരിക്കുകയും സംഭവത്തിന്റെ ഗൗരവം ഊന്നിപ്പറയുകയും ചെയ്തു. അന്വേഷണം നടക്കുകയാണെന്നും ഇത് പൂർത്തിയാകുമ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കൺവെൻഷൻ സെന്ററിലുണ്ടായ സ്‌ഫോടനത്തെ തുടർന്ന് ഡൽഹി പോലീസ് അതീവ ജാഗ്രതയിലാണ്. തിരക്കേറിയ സ്ഥലങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തുന്നതായി ഡൽഹി പോലീസ് പ്രസ്താവനയിൽ സ്ഥിരീകരിച്ചു.

“സ്പെഷ്യൽ സെൽ ഇന്റലിജൻസ് ഏജൻസികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്, ഒരു വിവരവും നിസ്സാരമായി കാണില്ല. തിരക്കേറിയ സ്ഥലങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നു,” ഡല്‍ഹി പോലീസിന്റെ പ്രസ്താവനയില്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News