കളമശേരി സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി

കൊച്ചി: കളമശേരിയിൽ ഒക്ടോബർ 29ന് യഹോവ സാക്ഷികളുടെ പ്രാർത്ഥനാ സമ്മേളനത്തിനിടെയുണ്ടായ സ്‌ഫോടന പരമ്പരയിൽ മരിച്ചവരുടെ എണ്ണം എട്ടായി. തൊടുപുഴ വണ്ടമറ്റം സ്വദേശി ലില്ലി ജോൺ (76) ആണ് മരിച്ചത്. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി.

പൊള്ളലേറ്റ് എറണാകുളം ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇവർക്കൊപ്പം ചികിത്സയിൽ കഴിഞ്ഞിരുന്ന ഭർത്താവ് ജോൺ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. 50 ശതമാനത്തിലധികം പൊള്ളലാണ് ലില്ലിയുടെ ശരീരത്തിൽ ഏറ്റിരുന്നത്. ചികിത്സയിൽ തുടരുന്നതിനിടെ ഇന്ന് രാവിലെയോടെ ലില്ലിയുടെ നില ഗുരുതരമാകുകയായിരുന്നു. ഇതേ തുടർന്ന് വൈകീട്ടോടെയായിരുന്നു ലില്ലിയുടെ മരണം.

ഒക്ടോബർ 29-നായിരുന്നു കളമശ്ശേരിയിൽ സ്‌ഫോടനം ഉണ്ടായത്. യഹോവ സാക്ഷികളുടെ കൺവെൻഷൻ നടക്കുന്നതിനിടെ ആയിരുന്നു സംഭവം. പരിപാടി നടന്ന സാമ്ര കൺവെൻഷൻ സെന്ററിലെ ഹാളിൽ സ്ഥാപിച്ച ബോംബുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ പ്രതി ഡൊമിനിക് മാർട്ടിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പെരുമ്പാവൂർ ഇരിങ്ങോൾ സ്വദേശി ലിയോണ പൗലോസ് (55), തൊടുപുഴ കാളിയാർ സ്വദേശിനി കുമാരി (52); കളമശേരി സ്വദേശി മോളി ജോയ് (61), മലയാറ്റൂർ സ്വദേശികളായ പ്രവീൺ പ്രദീപൻ (24), ലിബ്ന (12), സാലി പ്രദീപൻ (45) എന്നിവരാണ് ദുരന്തത്തിന് ഇരയായ മറ്റുള്ളവർ.

കളമശ്ശേരിയിലെ അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിലുണ്ടായ സ്‌ഫോടനങ്ങളിൽ 50ലധികം പേർക്ക് പരിക്കേറ്റിരുന്നു. അവരില്‍ ചിലരുടെ പരിക്ക് ഗുരുതരമാണ്.

സംഭവം നടന്ന് ഏതാനും മണിക്കൂറുകൾക്ക് ശേഷം, യഹോവ സാക്ഷികളിൽ നിന്ന് അകന്ന അംഗമാണെന്ന് അവകാശപ്പെടുന്ന ഡൊമിനിക് മാർട്ടിൻ എന്നയാൾ, ഒന്നിലധികം സ്‌ഫോടനങ്ങൾ നടത്തിയെന്ന് ഉറപ്പിച്ച് തൃശൂർ ജില്ലയിൽ പോലീസിന് മുമ്പാകെ കീഴടങ്ങി.

Print Friendly, PDF & Email

Leave a Comment

More News