വാളയാറില്‍ ആൾക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ഛത്തീസ്ഗഢ് സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബം; 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു

തൃശൂർ: വാളയാറിലെ അട്ടപ്പള്ളത്ത് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണൻ ബാഗേലിന്റെ (31) കുടുംബം നീതി ലഭിക്കുന്നതുവരെ മൃതദേഹം സ്വീകരിക്കില്ലെന്ന് തീരുമാനിച്ചു. 25 ലക്ഷം രൂപ നഷ്ടപരിഹാരവും കുറ്റവാളികൾക്കെതിരെ എസ്‌സി-എസ്ടി അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ആവശ്യവും ഉന്നയിച്ച് കുടുംബാംഗങ്ങൾ തൃശൂർ മെഡിക്കൽ കോളേജിൽ പ്രതിഷേധിച്ചു.

എല്ലാ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ കേരളത്തിൽ തന്നെ തുടരുമെന്ന് കുടുംബാംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. ആശങ്കകൾ ഉയരുന്നതിനിടയിൽ, പ്രതിഷേധിക്കുന്ന കുടുംബവുമായി ചർച്ച നടത്താൻ പാലക്കാട് ആർഡിഒ ഒരു സർക്കാർ പ്രതിനിധിയായി തൃശൂരിലേക്ക് പോകാൻ തീരുമാനിച്ചു. അദ്ദേഹം മെഡിക്കൽ കോളേജ് സന്ദർശിച്ച് കുടുംബവുമായി സംസാരിക്കും.

അതേസമയം, രാംനാരായണന്റെ രണ്ട് കുട്ടികൾ അനാഥരായെന്ന് ബന്ധുക്കൾ പറഞ്ഞു. സർക്കാരിൽ നിന്ന് ആശ്വാസ
വാക്കുകളോ സഹായമോ ലഭിച്ചിട്ടില്ലെന്ന് ബന്ധു ശശികാന്തും വിശദീകരിച്ചു. ജസ്റ്റിസ് ഫോർ രാം നാരായൺ ബാഗേൽ ആക്ഷൻ കമ്മിറ്റി പ്രവർത്തകരും മാനവീയം സംഘടനാ പ്രതിനിധികളും മറ്റ് സാമൂഹിക സംഘടനാ പ്രതിനിധികളും ചേർന്നാണ് ബന്ധുക്കളെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്.

ഛത്തീസ്ഗഡിലെ കർഹി ഗ്രാമത്തിലെ ഒരു ചെറിയ കുടിലിലാണ് രാംനാരായണനും കുടുംബവും താമസിച്ചിരുന്നത്. പത്ത് വയസ്സും എട്ട് വയസ്സും പ്രായമുള്ള രണ്ട് ആൺമക്കളും രോഗിയായ അമ്മയും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു രാംനാരായണൻ. കേരളത്തില്‍ നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്യുന്ന ബന്ധുവായ ശശികാന്തിനെ കാണാനാണ് രാമനാരായണൻ പാലക്കാടെത്തിയത്. ജോലിയും മികച്ച സാധ്യതകളും തേടിയാണ് റാം കേരളത്തിലെത്തിയത്.

എല്ലാ കൊലയാളികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കേരള സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും കെ പി സി സി സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്ത് പറഞ്ഞു.

അടിയന്തരമായി നഷ്ടപരിഹാരം പ്രഖ്യാപിക്കാത്ത സർക്കാർ നിലപാട് അംഗീകരിക്കാവുന്നതല്ല, കൊലപാതകത്തിൽ ഉൾപ്പെട്ട ആളുകൾക്കെതിരെ നടപടിയെടുക്കുന്നതിലും പോലീസിനെ ഗുരുതര വീഴ്‌ചയുണ്ടായി കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നും പതിനഞ്ചോളം പ്രതികള്‍ ഉണ്ടെന്നും നാലുപേരെ മാത്രമാണ് അറസ്റ്റ് ചെയ്‌തതെന്നും സെക്രട്ടറി പറഞ്ഞു.

ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ വ്യാപക പ്രതിഷേധവും വിമർശനവും ഉയർന്നതിന് പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്. കേസില്‍ ക്രൈബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. അട്ടപ്പളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്ദന്‍, ബിപിന്‍ എന്നിവരാണ് റിമാന്‍ഡിലായത്. അതേസമയം സംഭവത്തില്‍ സ്ത്രീകള്‍ക്കും പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. കേസിൽ പൊലീസ് സംശയിക്കുന്ന സ്‌ത്രീകള്‍ക്ക് മർദനത്തിൽ നേരിട്ട് പങ്കുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കും. മൊബൈൽ ഫോണുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.

ഡിസംബര്‍ 18-നാണ് ഛത്തീസ്‌ഗഡ് സ്വദേശിയായ രാം നാരായണനെ മോഷ്ടാവെന്ന് ആരോപിച്ച് ഒരു സംഘം മര്‍ദ്ദിച്ചത്. നീ ബംഗ്ലാദേശി ആണോടാ’ എന്നടക്കം ചോദിച്ചായിരുന്നു മര്‍ദ്ദനം. അതേസമയം കൈയില്‍ മോഷണ വസ്‌തുക്കളൊന്നും ഉണ്ടായിരുന്നില്ല. സംസാരിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ മര്‍ദനമേല്‍ക്കേണ്ടി വന്നു. പിന്നീട് അവശനിലയിലായ റാം നാരായണനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Comment

More News