തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ ലോക്ഭവന് ജീവനക്കാരുടെ അവധി നിഷേധിച്ചുകൊണ്ട് സംഘടിപ്പിച്ച പ്രത്യേക പരിപാടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഉത്തർപ്രദേശിലെ സ്കൂളുകൾ ഉൾപ്പെടെ ക്രിസ്മസ് ദിനങ്ങളിൽ അവധി നിഷേധിച്ച ഉത്തരവുകളുടെ തുടർച്ചയാണ് ലോക് ഭവന്റെ ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കുന്നത് ‘ഓപ്ഷണൽ’ ആണെന്ന് ലോക് ഭവന് അധികൃതർ വിശദീകരിച്ചെങ്കിലും, കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണിതെന്നും ജനാധിപത്യ മൂല്യങ്ങളെയും തൊഴിൽ നീതിയെയും ബഹുമാനിക്കുന്നതിനെതിരാണെന്നും മന്ത്രി വ്യക്തമാക്കി.
ഒരു പ്രധാന ഉത്സവത്തിന് ജീവനക്കാരെ ഓഫീസിൽ ഹാജരാകാൻ നിർബന്ധിക്കുന്നത് വിപരീതഫലം ഉണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. മേലുദ്യോഗസ്ഥരുടെ നിർദ്ദേശം നിലനിൽക്കുമ്പോൾ, ‘ഓപ്ഷണൽ’ എന്ന് പറയുന്നത് പേരിന് മാത്രമേ സ്ഥാനമുള്ളൂ. അന്താരാഷ്ട്ര ഉത്സവങ്ങൾ ഇത്തരം പരിപാടികൾക്കായി ഉപയോഗിക്കുന്നത് മതേതര മൂല്യങ്ങളെ വെല്ലുവിളിക്കുന്നതാണെന്നും അത്തരം പ്രവണതകൾ തിരുത്തേണ്ടതുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
അതോടൊപ്പം, ശബരിമല സ്വർണ്ണ മോഷണക്കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി മുൻ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി നടത്തിയ വെളിപ്പെടുത്തലുകൾ അതീവ ഗൗരവമുള്ളതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സോണിയ ഗാന്ധിയെ കാണാൻ ആരാണ് അവസരം ഒരുക്കിയതെന്ന് വ്യക്തമല്ലെന്നും എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഇതിന് ഉത്തരം നൽകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
