ശബരിമല സ്വർണ്ണ മോഷണക്കേസ് പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സോണിയ ഗാന്ധിയെ കാണാൻ അപ്പോയിന്റ്മെന്റ് എടുത്തത് താന്‍ തന്നെയാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് സമ്മതിച്ചു. കൂടിക്കാഴ്ചയില്‍ താനുമുണ്ടായിരുന്നു എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ, സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട ഒരു കാട്ടു കള്ളനാണ് തന്നോടൊപ്പം ഉള്ളതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സോണിയ ഗാന്ധിയെ കാണാൻ അപ്പോയിന്റ്മെന്റ് എടുത്തത് താനാണെന്ന് അടൂർ പ്രകാശ് സ്ഥിരീകരിച്ചെങ്കിലും, പോറ്റിക്ക് ആരാണ് ഈ അവസരം ഒരുക്കിയതെന്ന് തനിക്ക് അറിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രീകൃത സുരക്ഷാ ക്രമീകരണങ്ങളുള്ള സോണിയ ഗാന്ധിയെ കാണാൻ കേസിൽ പ്രതിയായ ഒരാൾക്ക് എങ്ങനെ അവസരം ലഭിച്ചു, മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് പോലും ലഭ്യമല്ലാത്ത കൂടിക്കാഴ്ച എങ്ങനെ നടന്നു എന്നതിന് വ്യക്തമായ ഉത്തരം ലഭിച്ചില്ല. ഇത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. തന്നെയുമല്ല, ഇത് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സംശയത്തിന് ഇടവരുത്തുകയും ചെയ്തു.
ശബരിമല സ്വർണമോഷണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടുന്ന ചിത്രങ്ങൾ സിപിഐഎമ്മിനെതിരെ യു ഡി എഫ് പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. സോണിയാ ഗാന്ധിയുടെ കൈയിൽ പോറ്റി ചരട് കെട്ടി കൊടുക്കുന്ന ദൃശ്യങ്ങളും, ഗോവർധൻ, ആൻ്റോ ആൻ്റണി എംപി, അടൂർ പ്രകാശ് എന്നിവർ കൂടിയ ചിത്രങ്ങളും പുറത്തു വന്നിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ശബരിമല സ്വർണ്ണ കൊള്ള സംഭവം കോൺഗ്രസ് ഒരു പ്രധാന പ്രചാരണ ആയുധമായി ഉപയോഗിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍, പ്രതികൾ തമ്മിലുള്ള ബന്ധം പുറത്തുവന്നതിനുശേഷം, പ്രതിപക്ഷ നേതാക്കളും അനുയായികളും നിശബ്ദരായി, രാഷ്ട്രീയ പ്രതികരണങ്ങൾ ഗണ്യമായി മാറി എന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ഇത് കോൺഗ്രസിന്റെ നിലപാടുകളെയും പാർട്ടി നിയന്ത്രണത്തെയും കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു.
