എംബിബിഎസ് ക്ലാസിൽ പ്ലസ് ടു വിദ്യാർത്ഥിനി; വീഴ്ച സമ്മതിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ

കോഴിക്കോട്: പ്ലസ് ടു വിദ്യാർത്ഥിനി ഒന്നാം വർഷ എംബിബിഎസ് ക്ലാസിൽ പ്രവേശിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ വീഴ്ച സംഭവിച്ചതായി സമ്മതിച്ചു. കോഴ്‌സ് കോഓർഡിനേറ്റർ, വകുപ്പ് മേധാവികൾ, ക്ലാസ് ടീച്ചർ എന്നിവരോട് പ്രിൻസിപ്പൽ വിശദീകരണം തേടുകയും സംഭവത്തിൽ ഉന്നത അധികാരികൾക്ക് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയും ചെയ്തു.

മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് യോഗ്യത നേടാത്ത പ്ലസ് ടു വിദ്യാർത്ഥിനി കോഴിക്കോട് മെഡിക്കൽ കോളജിൽ നവംബർ 29 മുതൽ നാലു ദിവസം എംബിബിഎസ് ക്ലാസിൽ പങ്കെടുത്തിരുന്നു. അഞ്ചാം തീയതി വിദ്യാർത്ഥിനി ക്ലാസിൽ എത്താതിരുന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അധികൃതർ രജിസ്റ്ററും ഹാജർ ബുക്കും പരിശോധിച്ചപ്പോഴാണ് വിദ്യാര്‍ത്ഥിനി അനധികൃതമായാണ് ക്ലാസില്‍ പ്രവേശിച്ചതെന്ന് മനസ്സിലായത്.

രണ്ടാം അലോട്ട്‌മെന്റിലാണ് വിദ്യാർത്ഥിനി ക്ലാസുകളിൽ ചേർന്നതെന്നാണ് മെഡിക്കൽ കോളജ് അധികൃതർ പറയുന്നത്. രണ്ടാം അലോട്ട്‌മെന്റിൽ 245 വിദ്യാർഥികൾക്കാണ് പ്രവേശനം ലഭിച്ചത്. വിദ്യാർഥികളെ ഒരുമിച്ച് ക്ലാസിൽ പ്രവേശിപ്പിച്ചപ്പോഴാണ് വീഴ്ച സംഭവിച്ചതെന്ന് മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ കെ.ജി.സജിത്ത് കുമാർ പറഞ്ഞു. “പുതിയ വിദ്യാർത്ഥികൾ പ്രവേശനത്തിനായി ഒന്നിച്ചപ്പോൾ, കൂടുതൽ വിവരങ്ങൾ ചോദിക്കാതെ ഉദ്യോഗസ്ഥർ അവരുടെ പേരുകൾ രേഖപ്പെടുത്തി അവരെ അകത്തേക്ക് കടത്തി വിട്ടു,” അദ്ദേഹം പറഞ്ഞു.

തുടർന്ന് നവംബർ 29 ന് മറ്റ് വിദ്യാർത്ഥികൾക്കൊപ്പം വിദ്യാർത്ഥി ക്ലാസിലെത്തി. വിദ്യാർത്ഥിക്ക് അഡ്മിറ്റ് കാർഡ് നൽകിയിട്ടില്ലെന്ന് വൈസ് പ്രിൻസിപ്പൽ പറഞ്ഞു. കോളേജിലെ ഹാജർ ബുക്കിൽ വിദ്യാർത്ഥിയുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും രജിസ്റ്റർ ബുക്കിൽ രേഖപ്പെടുത്തിയിരുന്നില്ല.

വിദ്യാർത്ഥിനി എങ്ങനെയാണ് ക്ലാസിലെത്തിയതെന്ന കാര്യത്തിൽ കോളേജ് അധികൃതർക്ക് വ്യക്തതയില്ല. ഇതിനിടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥിനി മലപ്പുറം സ്വദേശിയാണെന്ന് കണ്ടെത്തി. വിദ്യാർഥിനിക്ക് മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചതായി മറ്റുള്ളവർക്ക് വാട്‌സ്ആപ്പിൽ സന്ദേശങ്ങൾ അയച്ചതായും വെളിപ്പെട്ടിട്ടുണ്ട്.

 

Print Friendly, PDF & Email

Leave a Comment

More News