പ്രതീക്ഷയും പ്രത്യാശയുമായി നാം 2026 ലേക്ക് പ്രവേശിക്കുമ്പോള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സംഭവബഹുലമായ 25 സംവല്‍സരങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ഒരു പുതുവര്‍ഷം കൂടി കാണാനുള്ള ഭാഗ്യം ലഭിച്ച നമ്മള്‍ എത്രയോ അനുഗ്രഹിക്കപ്പെട്ടവരാണ്. 2026 ലേക്ക് സ്രഷ്ടാവായ ദൈവം നമ്മെ കൈപിടിച്ചു നടത്തിയിരിക്കുന്നതെന്തിനെന്നല്ലേ? ദാനമായി ലഭിച്ചിരിക്കുന്ന കഴിവുകളും, സമയവും, സമ്പത്തും, ആരോഗ്യവും മറ്റുള്ളവര്‍ക്കുകൂടി പ്രയോജനപ്പെടുന്ന രീതിയില്‍ ദൈവമഹത്വത്തിനായി ഉപയോഗിക്കാന്‍. നമ്മുടെ ഹൃസ്വജീവിതത്തിലൂടെ ആല്‍മീയാന്ധകാരത്തില്‍ തപ്പിത്തടയുന്നവര്‍ക്ക് ഒരു ചെറുതിരി വെളിച്ചമാകാന്‍ സാധിച്ചാല്‍ നമ്മുടെ ജീവിതം ധന്യമായി.
കടന്നുപോകുന്നവര്‍ഷം നമ്മില്‍ പലര്‍ക്കും വിവിധ തരത്തിലുള്ള പ്രയാസങ്ങളും, സങ്കടങ്ങളും, ജീവിതനൊമ്പരങ്ങളും, വേണ്ടപ്പെട്ടവരുടെയും, സ്നേഹിതരുടെയും വിയോഗം നല്‍കിയ വ്യഥകളും, പ്രകൃതിക്ഷോഭങ്ങള്‍ വരുത്തിവച്ച വിനകളും നല്‍കിയിട്ടുണ്ടാവാം. അതെല്ലാം ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് പുതിയ ജീവിതത്തിലേക്ക് പ്രത്യാശയോടെ കാലെടുത്തു വക്കുക.
ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പലതരത്തിലുള്ള ആഘോഷ പരിപാടികള്‍ നടന്നുവരികയാണല്ലോ. കേരളത്തില്‍ പുതുവല്‍സരാഘോഷങ്ങളോടനുബന്ധിച്ച് വര്‍ഷാവസാനമായ ഡിസംബര്‍ 31 അര്‍ദ്ധരാത്രിക്ക് ഫോര്‍ട്ട്കൊച്ചിയിലും, മറ്റുപല സ്ഥലങ്ങളിലും പാപ്പാഞ്ഞിയുടെ കോലം കത്തിക്കുന്ന ഒരു ആചാരമുണ്ടല്ലോ. അതിന്‍റെ ഉദ്ദേശം കടന്നുപോകുന്ന വര്‍ഷത്തെ ആകുലതകളും, പ്രയാസങ്ങളും, വേദനകളും പാപ്പാഞ്ഞിയിലാവാഹിച്ച് അതു കത്തിച്ചുകളയുമ്പോള്‍ അടുത്തവര്‍ഷം സന്തോഷപ്രദമായിരിക്കുമെന്നുള്ള ശുഭപ്രതീക്ഷയും വിശ്വാസവും ആണ്. ഒരിക്കല്‍ ഒരു ധ്യാനഗുരു ധ്യാനപ്രസംഗങ്ങള്‍ക്കുശേഷം വിശ്വാസികളോടെല്ലാം അവരവരുടെ പാപങ്ങള്‍ ഒരു വെള്ളക്കടലാസില്‍ എഴുതി വാങ്ങിയിട്ട് അതെല്ലാം ഒരു വലിയ കുട്ടയിലാക്കി ശവസംസ്കാരത്തിനു കൊണ്ടുപോകുന്നതുപോലെ ഘോഷയാത്രയായി ദേവാലയത്തിനുവെളിയില്‍ കൊണ്ടുപോയി കത്തിച്ചുകളഞ്ഞു. ഇതിന്‍റെയും പിന്നിലുള്ള മനശാസ്ത്രം പഴയതെല്ലാം മറന്ന് പുതിയ ജീവിതത്തിലേക്കു കാലെടുത്തുവക്കുക എന്നതുതന്നെ.
പ്രകൃതിയും ഇതേ പാഠങ്ങള്‍ തന്നെയാണു നമുക്കു നല്‍കുന്നത്. ശരത്കാലം ആയാല്‍ മരങ്ങള്‍ ഇലകള്‍ പൊഴിച്ച് മഞ്ഞുകാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു. പഴയ ഇലകളും, തളിരുകളും ഉപേക്ഷിച്ച് പുത്തന്‍ ഉണര്‍വിനായി മരങ്ങള്‍ കാത്തിരിക്കുന്നു. കാട്ടുമൃഗങ്ങളാണെങ്കില്‍ ശരീരമാസകലം കട്ടിയുള്ള രോമങ്ങള്‍കൊണ്ടുള്ള പുതപ്പണിഞ്ഞു ശൈത്യത്തെ അതിജീവിക്കാന്‍ ഹിബര്‍നേഷനിലേക്കു പോകുന്നു. ഇഴജന്തുക്കളാകട്ടെ പടം പൊഴിച്ച് പുതിയത് സ്വീകരിക്കുന്നു. പ്രകൃതിയിലെ ജീവജാലങ്ങളും, വൃക്ഷലതാദികളും കാട്ടിത്തരുന്നതുപോലെ നാമും നമ്മുടെ പഴയശീലങ്ങള്‍ വെടിയേണ്ടിയിരിക്കുന്നു പുതുവര്‍ഷം സന്തോഷപൂര്‍ണമാക്കണമെങ്കില്‍.
വിശ്വവിഖ്യാത ശില്‍പി മൈക്കളാഞ്ജലോ ഒരിക്കല്‍ തന്‍റെ സ്റ്റുഡിയോയില്‍ ഒരു വലിയ മാര്‍ബിള്‍ കല്ലിലെന്തോ കൊത്തുപണികള്‍ ചെയ്തുകൊണ്ടിരിക്കെ ഒരു കൊച്ചുപെണ്‍കുട്ടി അങ്ങെന്താണീ ചെയ്യുന്നതെന്ന് ആശ്ചര്യപൂര്‍വം അദ്ദേഹത്തോടു ചോദിച്ചു. അതിനു മറുപടിയായി മൈക്കളാഞ്ജലോ പറഞ്ഞതെന്തെന്നോ. വിരൂപമായ ഈ കല്ലിനകത്തൊരു സുന്ദരിയായ മാലാഖ ഒളിഞ്ഞിരിപ്പുണ്ട്. ഞാനതിനെ പുറത്തെടുത്ത് സ്വതന്ത്രയാക്കാന്‍ നോക്കുകയാണു. (ങശരവമലഹമിഴലഹീ യുടെ പേരിലും ഒരു മാലാഖ ഒളിഞ്ഞിരിപ്പുണ്ട്). മൈക്കളാഞ്ജലോയെപ്പോലെ നമ്മള്‍ സഹവസിക്കുന്നതും, സ്ഥിരം ഇടപെടുന്നതുമായ ഓരോരുത്തരിലും മറഞ്ഞിക്കുന്ന നന്മ കാണാനും, അതിനെ പരിപോഷിപ്പിക്കാനും നമുക്ക് സാധിക്കണം.
മറ്റുള്ളവരെ ക്ഷമാപൂര്‍വം ശ്രവിക്കുന്നതിനും, അവരുടെ അഭിപ്രായങ്ങള്‍ മാനിക്കുന്നതിനും, ആദരിക്കുന്നതിനുമുള്ള സന്മനസ് കാണിച്ചാല്‍ നാം വിജയിച്ചു. പരസ്പരബഹുമാനവും, സ്നേഹവും നമ്മുടെ എല്ലാ ഇടപാടുകളിലും കാത്തുസൂക്ഷിക്കണം. മറ്റുള്ളവരെ കൊച്ചാക്കി സംസാരിക്കുന്നതു സംസ്കാരമുള്ള ആര്‍ക്കും ഭൂഷണമല്ല. അപരനെ തന്നേക്കാള്‍ ശ്രേഷ്ടനായി കാണാന്‍ വലിയ മനസിനുടമയായിട്ടുള്ളവനേ സാധിക്കൂ. ഫരീശന്‍റെയല്ല, മറിച്ച് ഒരു ചുങ്കക്കാരന്‍റെ മനോഭവം ആണു നാം പുലര്‍ത്തേണ്ടത്. “ഇത്തിരി ചെറുതാവാനെത്ര വളരേണം.” എത്രയോ അര്‍ത്ഥവത്തായ വാക്കുകള്‍. നമ്മില്‍ പലര്‍ക്കും മറ്റുള്ളവരുടെ മുന്‍പില്‍ അല്‍പം താഴാന്‍ വലിയ ബുദ്ധിമുട്ടാണു. എന്നാല്‍ മറ്റുള്ളവനെ പാതാളത്തോളം ഇടിച്ചുതാഴ്ത്തി സ്വയം ഉയരാന്‍ ശ്രമിക്കുന്ന അല്‍പന്മാരെ നമുക്കു ചുറ്റും കാണുവാന്‍ സാധിക്കും.
മറ്റുള്ളവര്‍ നമുക്കായി ചെയ്തുതരുന്ന സഹായങ്ങള്‍ക്ക് സ്നേഹപൂര്‍വം നന്ദി പറയുന്നതിനും, മറ്റുള്ളവരോടു നാം തെറ്റു ചെയ്തു എന്നോ അവരെ വേദനിപ്പിച്ചു എന്നോ ബോദ്ധ്യപ്പെട്ടാല്‍ ആത്മാര്‍ത്ഥമായി ഒരു സോറി പറയുന്നതിനും ഉള്ള ആര്‍ജവം നമുക്കുണ്ടാവണം. അമ്മയുടെ ഉദരത്തില്‍ ഉരുത്തിരിയുന്നതുമുതല്‍ മരിച്ചുമണ്ണടിയുന്നതുവരെ നാം മറ്റുള്ളവരുടെ സഹായവും, കാരുണ്യവും എന്നും സ്വീകരിക്കുന്നു. “നന്ദി ചൊല്ലി തീര്‍ക്കുവാനീജീവിതം പോരാ…”
പുല്‍ക്കൂട്ടില്‍ ഭൂജാതനായി എളിമയുടെ മൂര്‍ത്തീഭാവമായ ഉണ്ണിയേശുവിന്‍റെ പിറവിത്തിന്നാള്‍ ആഘോഷിച്ച്, പുതുവര്‍ഷത്തിലേക്കു കാലെടുത്തുവക്കാന്‍ തയാറെടുത്തുനില്‍ക്കുന്ന നമുക്ക് എളിമയുടെ ബാലപാഠങ്ങള്‍ ഉള്‍ക്കൊള്ളാം. പ്രകൃതിയിലേക്കു സൂക്ഷിച്ചു നോക്കിയാല്‍ നമുക്കു കാണാന്‍ സാധിക്കും വൃക്ഷലതാദികള്‍ ഫലം പുറപ്പെടുവിക്കാന്‍ തുടങ്ങുമ്പോള്‍ തലകുനിച്ച് കൂടുതല്‍ വിനയാന്വിതരാകുന്നു. നെല്‍ച്ചെടികള്‍ വളര്‍ന്നു വലുതായി കതിരുകള്‍ ആയിക്കഴിയുമ്പോള്‍ അവ താഴേക്ക് വില്ലുപോലെ വളഞ്ഞ് തങ്ങളുടെ എളിമ വ്യക്തമാക്കുന്നു. മാങ്ങാക്കുലകളും, വാഴക്കുലയും, തെങ്ങിന്‍പൂക്കുലയും വിളഞ്ഞുകഴിയുമ്പോള്‍ വിനയ ഭാവത്തില്‍ തലകുനിക്കുന്നു. നല്ലൊരു പാഠമാണു പ്രകൃതി നമുക്കു കാണിച്ചുതരുന്നത്. വിദ്യയും, വിവേകവും, സമ്പത്തും ആര്‍ജിക്കുന്നതനുസരിച്ച് എളിമയും സ്വായത്തമാക്കാന്‍ ശ്രമിക്കുക.
നമ്മുടെ ഉള്ളിലേക്കു തിരിഞ്ഞു നോക്കാനുള്ള ഒരവസരമായി പുതുവര്‍ഷത്തെ കണക്കാക്കി നമ്മില്‍ അടിഞ്ഞുകൂടിയിരിക്കുന്ന അസൂയ, അഹംഭാവം, അനാദരവ്, വെറുപ്പ്, വാശി, വൈരാഗ്യം എന്നിങ്ങനെയുള്ള മാലിന്യങ്ങളെല്ലാം സ്നേഹത്തിന്‍റെ തലോടലാല്‍ കഴുകികളയുക. മറ്റുള്ളവരില്‍ അവരുടെ നന്മ കാണുന്നതിനും, നല്ലകാര്യം ചെയ്താല്‍ അവരെ അകമഴിഞ്ഞ് അനുമോദിക്കുന്നതിനും, അവരുടെ കുറവുകള്‍ നിറവുകളായി കാണുന്നതിനും കൊഴിയാന്‍ പോകുന്ന വര്‍ഷത്തില്‍ നമുക്കു സാധിച്ചിട്ടില്ലായെങ്കില്‍ 2026 അതിനുള്ള അവസരമൊരുക്കട്ടെയെന്ന് നമുക്കു പ്രാര്‍ത്ഥിക്കാം.
അശരണരിലും, നിരാലംബരിലും, പിഞ്ചുകുഞ്ഞുങ്ങളിലും ഈശ്വരമുഖം ദര്‍ശിച്ച് അവരെ മാറോടണച്ച അഗതികളുടെ അമ്മയും, കരുണയുടെ മൂര്‍ത്തീഭാവവുമായ വാഴ്ത്തപ്പെട്ട മദര്‍തെരേസായെ അനുകരിച്ച് കരുണയുടെ ചെറിയ ചെറിയ കാര്യങ്ങള്‍ നമുക്കും ചെയ്യാം. അതുവഴി ലോകനന്മക്കായി നമുക്കും കൈകോര്‍ക്കാം ഈ പുതുവര്‍ഷപുലരിയില്‍.
ക്രിസ്മസ്രാവില്‍ കിഴക്കുദിച്ച നക്ഷത്രം ആട്ടിടയര്‍ക്കും, പൂജ്യരാജാക്കന്മാര്‍ക്കും വഴികാട്ടിയായതുപോലെ നമുക്കും സ്വയം പ്രകാശിക്കുന്ന നക്ഷത്രവിളക്കുകളായി മറ്റുള്ളവര്‍ക്കു മാര്‍ഗദര്‍ശികളാകാം. ഹൃദയകവാടങ്ങള്‍ മറ്റുള്ളവര്‍ക്കായി തുറന്നിടാനും, ഈ ഹൃസ്വജീവിതം പങ്കുവക്കലിന്‍റെയും പരസ്പരസ്നേഹ ത്തിന്‍റെയും ചേര്‍ത്തുപിടിക്കലിന്‍റെയും വിളനിലമാക്കാനും, ലോകത്തിന്‍റെ അന്ധകാരമകറ്റാനും, കാരുണ്യത്തിന്‍റെ കൈത്തിരിനാളം അണയാതെ ഉള്ളില്‍ സൂക്ഷിക്കാനും നമുക്കെന്നും കഴിയട്ടെ.
എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍!!!
