ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടരുകയാണ്. ഡിസംബർ 31 ന്, ശരിയത്ത്പൂർ ജില്ലയിൽ 50 വയസ്സുള്ള ഖോകോൺ ദാസിനെ ഒരു ജനക്കൂട്ടം ആക്രമിച്ചു. ആദ്യം മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയും പിന്നീട് തീകൊളുത്തുകയും ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് റിപ്പോർട്ട്.
റിപ്പോർട്ടുകൾ പ്രകാരം, ഖോകോൺ ദാസ് വീട്ടിലേക്ക് മടങ്ങുമ്പോൾ പെട്ടെന്ന് ഒരു കൂട്ടം ആളുകൾ അദ്ദേഹത്തെ വളയുകയും, യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടം അദ്ദേഹത്തെ ആക്രമിച്ചു. ഈ സംഭവം പ്രദേശത്ത് ഭീതി പരത്തിയതായി പറയപ്പെടുന്നു. പ്രദേശവാസികൾ ഭയന്നിരിക്കുകയാണ്, ന്യൂനപക്ഷ സമുദായത്തിൽ അരക്ഷിതാവസ്ഥ നിലനിൽക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ ഹിന്ദു സമുദായത്തിലെ അംഗങ്ങളെ ലക്ഷ്യം വച്ചുള്ള നാലാമത്തെ സംഭവമാണിത്. ഡിസംബർ 18 ന് ദിപു ചന്ദ്ര ദാസ് കൊല്ലപ്പെട്ടു, ഡിസംബർ 24 ന് അമൃത് മണ്ഡലിനെ ജനക്കൂട്ടം തല്ലിക്കൊന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബജേന്ദ്ര ബിശ്വാസിന് വെടിയേറ്റു. ഇപ്പോൾ, ഖോകോൺ ദാസിനെ ആക്രമിക്കുകയും ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമിക്കുകയും ചെയ്തു
മൈമെൻസിങ് ജില്ലയിലെ ഭാലുക പ്രദേശത്ത്, 27 വയസ്സുള്ള ദിപു ചന്ദ്ര ദാസിനെ ദൈവനിന്ദ ആരോപിച്ചാണ് ഒരു ജനക്കൂട്ടം തല്ലിക്കൊന്നത്. കിംവദന്തികളിൽ പ്രചോദിതരായ നൂറു കണക്കിന് ജനങ്ങള്‍ അദ്ദേഹത്തെ വളയുകയും, ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് മരത്തിൽ കെട്ടിത്തൂക്കി തീകൊളുത്തി. ഈ സംഭവം രാജ്യമെമ്പാടും ചർച്ചാവിഷയമായി.
ദീപുവിന്റെ കൊലപാതകത്തിന് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് സാമ്രാട്ട് എന്ന അമൃത് മണ്ഡലിനെ രാജ്ബാരി ജില്ലയിൽ ഒരു കൊള്ളക്കാരനാണെന്ന് ആരോപിച്ച് ജനക്കൂട്ടം പിടികൂടി സുഹൃത്തുക്കളുടെ മുന്നിൽ വെച്ച് മര്‍ദ്ദിക്കുകയും ചെയ്തത്. പിന്നീട് ആശുപത്രിയിൽ വെച്ച് മണ്ഡല്‍ മരിക്കുകയും ചെയ്തു.
ബംഗ്ലാദേശ് ന്യൂനപക്ഷങ്ങൾക്കായുള്ള മനുഷ്യാവകാശ കോൺഗ്രസ് (HRCBM) ഈ സംഭവങ്ങളിൽ അഗാധമായ ആശങ്ക പ്രകടിപ്പിച്ചു. സംഘടനയുടെ അഭിപ്രായത്തിൽ, സമീപ മാസങ്ങളിൽ നിരവധി ജില്ലകളിലെ ഹിന്ദു കുടുംബങ്ങളുടെ വീടുകൾക്ക് നേരെ ആക്രമണങ്ങൾ, കൊള്ളയടിക്കൽ, തീവയ്പ്പ് തുടങ്ങിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
തുടർച്ചയായ ആക്രമണങ്ങൾ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. മനുഷ്യാവകാശ സംഘടനകളും ഇരകളുടെ കുടുംബങ്ങളും ഇപ്പോൾ സർക്കാരിൽ നിന്ന് കൃത്യമായ നടപടിയും സംരക്ഷണവും ആവശ്യപ്പെടുന്നു.
