ഫെഡറേഷന്‍ ഓഫ്‌ കേരള അസോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (ഇന്റര്‍നാഷണല്‍), ജോര്‍ജിയ റീജിയണ്‍ സമ്മേളനം വര്‍ണ്ണാഭമായി; കൂടുതല്‍ പുതിയ അംഗസംഘടനകള്‍ അണിചേരുന്നു

അറ്റ്‌ലാന്റ: ഫെഡറേഷന്‍ ഓഫ്‌ കേരള അസോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (ഇന്റര്‍നാഷണല്‍), ജോര്‍ജിയ റീജിയണല്‍ കണ്‍വെന്‍ഷന്‍ അറ്റ്‌ലാന്റയില്‍ വര്‍ണ്ണാഭമായി സമാപിച്ചു. സംഘാടകരുടെ പ്രതീക്ഷകള്‍ക്കും അപ്പുറമുള്ള ജനപങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായ സമ്മേളനത്തില്‍ കൂടുതല്‍ പുതിയ അംഗസംഘടനകള്‍ ഫൊക്കാനയുടെ ഭാഗമായി.

പരമ്പരാഗതമായ നിലവിളക്ക്‌ കൊളുത്തിക്കൊണ്ട്‌ ആരംഭിച്ച ചടങ്ങില്‍ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ജയിന്‍ സ്റ്റീഫന്‍ അദ്ധ്യക്ഷത വഹിച്ചു. ഫൊക്കാന പ്രസിഡന്റ്‌ സണ്ണി മറ്റമന തന്റെ പ്രസംഗത്തില്‍ സംഘടനയുടെ വരും വര്‍ഷത്തെ കാഴ്ചപ്പാടുകള്‍, സംഘടനയുടെ ഐക്യം, വരാനിരിക്കുന്ന നാഷണല്‍ കണ്‍വെന്‍ഷന്‍ എന്നിവയെക്കുറിച്ച്‌ സംസാരിച്ചു. അതിനു ശേഷം തോമസ്‌ ജോര്‍ജ്‌ (അസ്സോസിയേറ്റ്‌ സെക്രട്ടറി) ഏവരെയും സ്വാഗതം ചെയ്തു.

ജനറല്‍ സെക്രട്ടറി റോബര്‍ട്ട്‌ അരിച്ചിറ (സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ നല്‍കി, ട്രഷറര്‍ എബ്രഹാം കളത്തില്‍, ഷാജി ജോണ്‍ (അസ്സോസിയേറ്റ്‌ ട്രഷറര്‍), ബിജു സ്കറിയ (ന്യൂജേഴ്‌സി RVP), ഷാജി സാമുവല്‍ (നാഷണല്‍ കമ്മറ്റി മെമ്പര്‍) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

‘യഥാര്‍ത്ഥ ഫൊക്കാനയും അപര സംഘടനയും’: ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍ ജോസഫ്‌ കുരിയപ്പുറം തന്റെ മുഖ്യപ്രഭാഷണത്തില്‍ ഫൊക്കാനയുടെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച്‌ സദസ്സിനെ ബോധ്യപ്പെടുത്തി. യഥാര്‍ത്ഥ ഫൊക്കാനയും, ഫൊക്കാനയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന അപര സംഘടനയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അദ്ദേഹം എടുത്തു പറഞ്ഞു. സംഘടന നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും യഥാര്‍ത്ഥ പ്രസ്ഥാനത്തിന്റെ പ്രസക്തിയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

പുതിയ അസോസിയേഷനുകളുടെ കടന്നുവരവ്‌ : ഫൊക്കാനയുടെ വളര്‍ച്ചയ്ക്ക്‌ കരുത്തേകിക്കൊണ്ട്‌ പുതിയ അംഗ അസോസിയേഷനുകളെ ചടങ്ങില്‍ ഓദ്യോഗികമായി ഉള്‍പ്പെടുത്തി. മലയാളി അസോസിയേഷന്‍ ഓഫ്‌ ജോര്‍ജിയ’ (MAG), ‘സാന്ദ്രലയ’ (Sandralaya Media, SMAF) എന്നീ സംഘടനകളെയാണ്‌ ഫൊക്കാന കുടുംബത്തിലേക്ക്‌ സ്വാഗതം ചെയ്തത്‌. ചടങ്ങില്‍ ഷാജി ജോണ്‍, ജയിന്‍ സ്റ്റീഫന്‍, റോയ്‌ മാമ്മന്‍, പൗലോസ്‌ പോട്ടൂർ ജോസഫ്‌ (Sandralaya Media – SMAF) എന്നിവരെ ആദരിച്ചു.

ജോണി ഇളല്ലിക്കാടന്‍ (ജോണി ജോസഫ്‌) ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. ഡോ. കലാ ഷാഹി എംസിയായി (Master of Ceremonies) പരിപാടികള്‍ നിയന്ത്രിച്ചു.

കലാപരിപാടികള്‍: ഓദ്യോഗിക ചടങ്ങുകള്‍ക്ക്‌ ശേഷം നടന്ന കലാപരിപാടികള്‍ സദസ്സിന്‌ നവ്യാനുഭവമായി. ഹാരോണ്‍, റാഫ, ഷാരോണ്‍, ആന്‍ എന്നിവര്‍ അവതരിപ്പിച്ച ഹോളിവുഡ്‌ ഡാന്‍സ്‌ കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. സാന്ദ്രലയ മീഡിയ അവതരിപ്പിച്ച ഗാനമേള അതീവ ഹൃദ്യമായിരുന്നു. റോയി മാമ്മന്‍, വിനിത, മീര, ഗായത്രി, കുല്‍ക്കര്‍ണി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചപ്പോള്‍, തോമസ്‌ മാമന്‍, പൌലോസ്‌ പോട്ടൂർ, കുല്‍ക്കര്‍ണി, ഷാജി എന്നിവര്‍ പിന്നണിയില്‍ സജീവസാന്നിധ്യമായി. വിഭവസമൃദ്ധമായ അത്താഴവിരുന്നോടെ പരിപാടികള്‍ പര്യവസാനിച്ചു.

Leave a Comment

More News