ഇൻഡ്യാന: അമേരിക്കയിലെ ഇൻഡ്യാനയിൽ വൻ മയക്കുമരുന്ന് വേട്ട. ഏകദേശം 58 കോടി രൂപ വിലമതിക്കുന്ന 309 പൗണ്ട് കൊക്കെയ്നുമായി രണ്ട് ഇന്ത്യൻ ട്രക്ക് ഡ്രൈവർമാരെ ഇൻഡ്യാന സ്റ്റേറ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
ഗുർപ്രീത് സിംഗ് (25), ജസ്വീർ സിംഗ് (30) എന്നിവരാണ് പിടിയിലായത്. 1,13,000-ത്തിലധികം അമേരിക്കക്കാരുടെ ജീവൻ എടുക്കാൻ ശേഷിയുള്ള മയക്കുമരുന്നാണ് ഇതെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം വ്യക്തമാക്കുന്നത്.
ഹൈവേയിൽ നടത്തിയ സാധാരണ പരിശോധനക്കിടെയാണ് ട്രക്കിനുള്ളിലെ സ്ലീപ്പർ ബർത്തിൽ പുതപ്പുകൊണ്ട് മൂടിയ നിലയിൽ കാർഡ്ബോർഡ് ബോക്സുകൾ പൊലീസ് കണ്ടെത്തിയത്. സ്നിഫർ ഡോഗ് യൂണിറ്റ് നൽകിയ സൂചനയെത്തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ബോക്സുകൾക്കുള്ളിൽ കൊക്കെയ്ൻ ആണെന്ന് സ്ഥിരീകരിച്ചത്. പ്രതികളെ ഉടൻ തന്നെ പുട്ട്നം കൗണ്ടി ജയിലിലേക്ക് മാറ്റി.
