ആരോഗ്യ വകുപ്പിൻ്റെ ഗുരുതര വീഴ്ച; മതിയായ നഷ്ടപരിഹാരം പ്രഖ്യാപിക്കാൻ മന്ത്രി വീണാ ജോർജ് തയ്യാറാകണം: വി. എ ഫായിസ

ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസ്ഥാന പ്രസിഡന്റ് ഫായിസ് കരുവാരക്കുണ്ട് സംസാരിക്കുന്നു

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെത്തുടർന്ന് പല്ലശ്ശന സ്വദേശിനിയായ ഒമ്പതു വയസ്സുകാരിക്ക് വലതുകൈ നഷ്ടപ്പെട്ട സംഭവം ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ചയാണെന്ന് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് വി.എ. ഫായിസ. കുട്ടിക്ക് അടിയന്തരമായും മതിയായ നഷ്ടപരിഹാരം പ്രഖ്യാപിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു. വിമൻ ജസ്റ്റിസ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

കുടുംബം നിരന്തരം മാധ്യമങ്ങളിലൂടെ പരാതി ഉന്നയിച്ചതിനെത്തുടർന്നാണ് ദുരിതാശ്വാസ നിധിയിൽ നിന്നും കേവലം രണ്ട് ലക്ഷം രൂപ നൽകാൻ സർക്കാർ തയ്യാറായത്. എന്നാൽ പകരം വെക്കാനാവാത്ത ഈ നഷ്ടത്തിന് ഈ തുക ഒന്നിനും തികയില്ല. ഷീറ്റ് മറച്ചുകെട്ടിയ വാടകവീട്ടിൽ കഴിയുന്ന ഈ ദളിത് കുടുംബത്തോട് സർക്കാർ കാണിക്കുന്നത് ക്രൂരമായ അവഗണനയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ഫായിസ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് കുട്ടിയുടെ കൃത്രിമ കൈ വെക്കുന്നതിനുള്ള ചെലവ് ഏറ്റെടുത്തത് ആശ്വാസകരമാണ്. എന്നാൽ ആരോഗ്യവകുപ്പിന് സംഭവിച്ച ഇത്രയും വലിയ വീഴ്ചയിൽ മന്ത്രി ഇതുവരെ കുടുംബത്തെ സന്ദർശിക്കാൻ പോലും തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്. ശിശുക്ഷേമ വകുപ്പിന്റെ സ്പോൺസർഷിപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇപ്പോൾ സർക്കാർ കൃത്രിമ കൈ പ്രഖ്യാപിച്ചിരിക്കുന്നത്.

വിമൻ ജസ്റ്റിസ് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ശിശുക്ഷേമ വകുപ്പ്, ചൈൽഡ് ലൈൻ, പട്ടികജാതി വികസന വകുപ്പ്, മന്ത്രി കെ. കൃഷ്ണൻകുട്ടി, ജില്ലാ കളക്ടർ എന്നിവർക്ക് കുടുംബത്തോടൊപ്പം എത്തി നിവേദനം നൽകിയിരുന്നു. കുട്ടിക്ക് പൂർണ്ണമായ നീതി ലഭ്യമാകും വരെ നിയമയുദ്ധത്തിനൊരുങ്ങുന്ന കുടുംബത്തിന് എല്ലാ വിധ പിന്തുണയും സംഘടന ഉറപ്പുവരുത്തുമെന്നും അവർ വ്യക്തമാക്കി.

ജില്ലാ പ്രസിഡന്റ് ഷക്കീല ടീച്ചർ അദ്ദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സഫിയ ഇക്ബാൽ, ജില്ലാ ജനറൽ സെക്രട്ടറി ഫൗസിയ അബുലൈസ്, ജില്ലാ വൈസ് പ്രസിഡന്റ് പ്രസന്ന എന്നിവർ സംസാരിച്ചു.

Leave a Comment

More News