ഹൂസ്റ്റൺ: അമേരിക്കയിൽ സ്വന്തമായി ആസ്ഥാനം ഉള്ള പ്രമുഖ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന് (MAGH) വേൾഡ് മലയാളി കൗൺസിൽ (WMC) സംഘടിപ്പിച്ച ‘സ്നേഹപൂർവ്വം 2026’ പുതുവത്സര സംഗമത്തിൽ പ്രത്യേക ആദരം അർപ്പിച്ചു. മലയാളി സമൂഹത്തിനായി സംഘടന നടത്തുന്ന സാമൂഹിക–സാംസ്കാരിക സേവനങ്ങളെ അംഗീകരിച്ചാണ് ഈ ആദരം.
ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ പുതുവത്സര സന്ദേശം അവതരിപ്പിച്ചു. ഐക്യവും സേവനവും സാമൂഹിക പ്രതിബദ്ധതയും മലയാളി സംഘടനകളുടെ ശക്തിയാണെന്ന് അദ്ദേഹം പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ അഡ്മിനിസ്ട്രേറ്റീവ് വൈസ് പ്രസിഡൻ്റ് ജെയിംസ് കൂടൽ, ഹ്യൂസ്റ്റൺ പ്രൊവിൻസ് പ്രസിഡൻ്റ് തോമസ് സ്റ്റീഫൻ, പ്രൊവിൻസ് ചെയർമാൻ അഡ്വ. ലാൽ അബ്രഹാം, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യൂ, മിസ്സൂരി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ. പി. ജോർജ്, സ്റ്റാഫോർഡ് സിറ്റി പൊലീസ് ക്യാപ്റ്റൻ മനു പൂപ്പാറ, IANAGH പ്രസിഡൻ്റ് ബിജു ഇട്ടൻ, MAGH പ്രസിഡൻ്റ് റോയ് മാത്യു, WMC അമേരിക്ക റീജിയൻ ചെയർമാൻ ഡോ. ഷിബു സാമുവൽ, പ്രസിഡൻ്റ് ബ്ലെസൺ മണ്ണിൽ, വുമൺസ് ഫോറം ചെയർപേഴ്സൺ ലക്ഷ്മി പീറ്റർ എന്നിവർ ഉൾപ്പെടെയുള്ള ഭാരവാഹികളും നഴ്സിംഗ് സംഘടനാ നേതാക്കളും ആരോഗ്യ പ്രവർത്തകരും സാമൂഹിക–സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
സാംസ്കാരിക പരിപാടികളുടെ ഭാഗമായി ലക്ഷ്മി പീറ്റർ അവതരിപ്പിച്ച ലൈവ് മ്യൂസിക് ബാൻഡും ഫാഷൻ ഷോയും ശ്രദ്ധേയമായി. മികച്ച അവതരണവും സംഘാടക മികവും ചേർന്ന ലൈവ് മ്യൂസിക്–ഫാഷൻ ഷോ വിഭാഗം വൻ വിജയമായി. പ്രിൻസി ജെയിംസും ആര്യ ജെയിംസും അവതരിപ്പിച്ച സെമി-ക്ലാസിക്കൽ നൃത്തം സദസിന്റെ പ്രശംസ നേടി.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ പ്രസിഡൻ്റ് റോയ് മാത്യുവിനെയും മാഗ് ബോർഡ് അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. നന്ദി പ്രകടനത്തോടെ പരിപാടി സമാപിച്ചു.
ഐക്യത്തിന്റെയും സേവനത്തിന്റെയും സാംസ്കാരിക അഭിമാനത്തിന്റെയും ശക്തമായ സന്ദേശമാണ് ‘സ്നേഹപൂർവ്വം 2026’ മലയാളി സംഗമം ഉയർത്തിപ്പിടിച്ചതെന്ന് സംഘാടകർ അറിയിച്ചു.

