ഡിഫറന്റ് ആര്‍ട് സെന്ററില്‍ റോബോട്ടിക്സ് പരിശീലനത്തിന് തുടക്കം
തിരുവനന്തപുരം: ചാടിയും ഓടിയും വിശേഷങ്ങള്‍ പറഞ്ഞും ഡിഫറന്റ് ആര്‍ട് സെന്ററിലെത്തിയ പുതിയ കാലഘട്ടത്തിന്റെ കൂട്ടുകാരായ റോബോ സംഘം ഭിന്നശേഷിക്കാര്‍ക്ക് കൗതുകമായി. സെന്ററില്‍ ആരംഭിക്കുന്ന റോബോട്ടിക്സ് പരിശീലന പരിപാടിയുടെ ഭാഗമായാണ് റോബോ ഡോഗ്, വന്ദന, മേധ എന്നീ റോബോകള് എത്തിയത്. കുട്ടികള്‍ക്ക് ഹസ്തദാനം ചെയ്തും വിശിഷ്ടാതിഥികള്‍ക്ക് പനിനീര്‍പ്പൂവ് നല്‍കിയും നൃത്തം ചെയ്തുമൊക്കെ റോബോകള് കാണികളുടെ ഹൃദയങ്ങളിലിടം പിടിച്ചു.
സൃഷ്ടി ഇന്നവേറ്റീവിന്റെ സഹകരണത്തോടെ ഭിന്നശേഷിക്കാര്‍ക്ക് റോബോട്ടിക്സ് പരിശീലനം നല്കുന്ന റോബോ സ്പാര്‍ക്ക് പരിപാടി ടെക്നോപാര്‍ക്ക് മുന്‍ സി.ഇ.ഒ സഞ്ജീവ് നായര്‍ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. എല്ലാ മേഖകളിലും ഭിന്നശേഷിക്കാര്‍ക്ക് വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുവാന്‍ അവസരം നല്കുന്നതിനോടൊപ്പം എല്ലാ ഓഫീസുകളിലും ഇത്തരക്കാര്‍ക്ക് ഒരു തൊഴിലവസരമെങ്കിലും ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു. സാധ്യമായ എല്ലാ മേഖലകളിലും എത്തിപ്പെടാന്‍ അവസരം ഒരുക്കുന്ന ഡിഫറന്റ് ആര്‍ട് സെന്റര്‍ ഭിന്നശേഷിക്കാര്‍ക്ക് ഒരു ഊര്‍ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സൃഷ്ടി ഇന്നവേറ്റീവ് സി.ഇ.ഒ കൃഷ്ണദാസ് പിഷാരം മുഖ്യപ്രഭാഷണം നടത്തി. സൃഷ്ടി ഇന്നവേറ്റീവ് സി.എസ്.ഒ മോനിഷ എച്ച്.ചന്ദ്രന് പദ്ധതി വിശദീകരണം നടത്തി. ടീം ലീഡുമാരായ വിനായക്, രാധുല്‍, ജിതിന്, റോബോട്ടിക്സ് ഡെവലപ്പര്‍ കൃഷ്ണകുമാര്‍, റോബോട്ടിക്സ് ടീം ലീഡ് നിഹാല്‍ എന്നിവര്‍ പങ്കെടുത്തു. ഡിഫറന്റ് ആര്‍ട് സെന്റര്‍ ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ നായര്‍ സ്വാഗതവും സൃഷ്ടി ഇന്നവേറ്റീവ് എച്ച്.ആര്.എം വിഷ്ണുപ്രസാദ് നന്ദിയും പറഞ്ഞു. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഡിഫറന്റ് ആര്‍ട് സെന്റര്‍ റോബോട്ടിക്സ് പരിശീലന പദ്ധതിക്ക് തുടക്കമിടുന്നത്. മൂന്ന് മാസമാണ് കാലാവധി. ആദ്യബാച്ചില്‍ 20 കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്.

