തിരുവനന്തപുരം: തൃശ്ശൂരിലെ സഹൃദയ കോളേജിൽ നിന്ന് വിഴിഞ്ഞത്തേക്ക് പഠനയാത്രയ്ക്കായി എംബിഎ വിദ്യാർത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് തിരുവനന്തപുരം കല്ലമ്പലത്തിനടുത്ത് നാവായിക്കുളത്ത് മറിഞ്ഞ് 17 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ബസിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ഉണ്ടായിരുന്നു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. നിസാര പരിക്കുകളോടെ മറ്റുള്ളവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസിൽ ആകെ 47 പേർ ഉണ്ടായിരുന്നു.
ഇന്ന് പുലർച്ചെ 3.30 ഓടെയാണ് അപകടം. ദേശീയപാതയിൽ നടക്കുന്ന ബൈപാസ് ജോലികൾ കാരണം സർവീസ് റോഡിൽ നിന്ന് വരികയായിരുന്ന ബസിന്റെ ചക്രങ്ങൾ ചെളിയിൽ പുതഞ്ഞാണ് മറിഞ്ഞത്. വിദ്യാർത്ഥിയായ ക്രിസ്റ്റോ പോൾ, അസിസ്റ്റന്റ് പ്രൊഫസർ നോയൽ വിൽസൺ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ബസ് ഡ്രൈവർക്ക് നിസാര പരിക്കുകൾ മാത്രമേ ഉള്ളൂവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
