ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് സ്റ്റാഫിലെ ഒരു അംഗം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ദക്ഷിണ കൊറിയൻ വനിതാ യാത്രക്കാരി ആരോപിച്ചു. “മാനുവൽ ദേഹപരിശോധന” എന്ന വ്യാജേന അനുചിതമായി സ്പർശിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്ത ശേഷം “നന്ദി” പറഞ്ഞ് പോകാൻ പറഞ്ഞുവെന്ന് അവർ ആരോപിച്ചു.
ബിസിനസുകാരിയായ 32 കാരി നവംബറിൽ ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തി തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് കുറ്റാരോപിതനായ ജീവനക്കാരനെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
സ്ത്രീയുടെ പരാതി പ്രകാരം, ടെർമിനൽ 2 ലെ അന്താരാഷ്ട്ര ഡിപ്പാർച്ചർ ഏരിയയിൽ രാവിലെ 10:45 ഓടെയാണ് സംഭവം നടന്നത്. സിഐഎസ്എഫ് സുരക്ഷാ പരിശോധനയും ഇമിഗ്രേഷൻ പ്രക്രിയയും പൂർത്തിയാക്കിയ ശേഷം, ഒരാൾ അവരുടെ അടുത്തേക്ക് വന്ന് വിമാനത്താവള ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തി. അയാൾ സ്ത്രീയുടെ ബോർഡിംഗ് പാസ് പരിശോധിക്കുകയും അവരുടെ ചെക്ക്-ഇൻ ബാഗേജിൽ എന്തോ പ്രശ്നമുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തു.
പുനഃപരിശോധനയ്ക്ക് സമയമെടുക്കുമെന്ന് അയാള് സ്ത്രീയോട് പറഞ്ഞതായും “മാനുവൽ ദേഹപരിശോധന”യ്ക്കായി തന്നോടൊപ്പം വരാൻ ആവശ്യപ്പെട്ടതായും ആരോപിക്കപ്പെടുന്നു. അയാൾ അവളെ പുരുഷന്മാരുടെ വാഷ്റൂമിലേക്ക് കൊണ്ടുപോയി, അവിടെ, പരിശോധനയുടെ മറവിൽ, സ്ത്രീയുടെ മാറിടങ്ങളിൽ പലതവണ സ്പർശിച്ചു, തിരിഞ്ഞു നില്ക്കാന് ആവശ്യപ്പെട്ടു, തുടർന്ന് അവളുടെ ജനനേന്ദ്രിയത്തിൽ സ്പർശിച്ചു. സ്ത്രീ എതിർത്തപ്പോൾ, അയാള് സ്ത്രീയെ കെട്ടിപ്പിടിച്ച് “നന്ദി” പറഞ്ഞ് പോകാൻ ആവശ്യപ്പെട്ടു.
പരാതി ലഭിച്ചയുടനെ വിമാനത്താവള ഉദ്യോഗസ്ഥർ അയാളെ കസ്റ്റഡിയിലെടുത്ത് കെഐഎ പോലീസിൽ അറിയിച്ചു. എയർ ഇന്ത്യ എസ്എടിഎസിൽ ഗ്രൗണ്ട് സ്റ്റാഫ് അംഗമായി ജോലി ചെയ്തിരുന്ന കമ്മനഹള്ളി സ്വദേശിയായ 25 വയസ്സുള്ള മുഹമ്മദ് അഫാൻ അഹമ്മദ് ആണ് കുറ്റകൃത്യം ചെയ്തതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
യാത്രക്കാരെ ശാരീരികമായി പരിശോധിക്കാൻ അഹമ്മദിന് അധികാരമില്ലെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. ഏതെങ്കിലും ലഗേജിനെക്കുറിച്ച് എന്തെങ്കിലും സംശയം തോന്നിയാൽ, ഇമിഗ്രേഷനെയോ സിഐഎസ്എഫ് ഉദ്യോഗസ്ഥരെയോ അറിയിക്കുകയും അംഗീകൃത വനിതാ ജീവനക്കാരാണ് പരിശോധന നടത്തുന്നതെന്ന് ഉറപ്പാക്കുകയും ചെയ്യണമായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ യുവതിയുടെ മൊഴി സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു. ലൈംഗികാതിക്രമത്തിന് കേസെടുത്ത അഹമ്മദിനെ പരപ്പന അഗ്രഹാരയിലെ സെൻട്രൽ ജയിലിലേക്ക് അയച്ചു. ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
