കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കാൻ വിചാരണ കോടതിക്ക് അധികാരമില്ലെന്നും, ഹൈക്കോടതിക്ക് മാത്രമേ അധികാരമുള്ളൂ എന്നും പ്രോസിക്യൂഷൻ. ദിലീപ് സമർപ്പിച്ച വിവിധ കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കവേയാണ് പ്രൊസിക്യൂഷന്‍ നിലപാട് അറിയിച്ചത്.
രഹസ്യ വിചാരണ സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർന്നു കിട്ടിയതായി ഹർജിയിൽ ദിലീപ് വാദിച്ചിരുന്നു. എതിർ കക്ഷിയെ സംരക്ഷിക്കാനാണ് ഈ നിലപാട് സ്വീകരിച്ചതെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. ആർ ശ്രീലേഖയ്‌ക്കെതിരായ ഹർജിയിൽ മറുപടി നൽകാൻ അതിജീവിത കൂടുതൽ സമയം ആവശ്യപ്പെട്ടു. അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി കോടതിയിൽ ഹാജരായി.
ഹർജികളുമായി ബന്ധപ്പെട്ട പ്രാഥമിക വാദം കേട്ട ശേഷം, വിചാരണ കോടതി എല്ലാ ഹർജികളും അടുത്ത മാസം 12-ാം തീയതി പരിഗണിക്കുന്നതിനായി മാറ്റിവച്ചു. അതേസമയം, നേരത്തെ കോടതിയിൽ ഹാജരാകാത്തതിന് അഭിഭാഷകൻ ടി ബി മിനിയെ ജഡ്ജി നിശിതമായി വിമർശിച്ചു. പ്രതിയായ ദിലീപിന്റെ ഹർജികളിൽ ഉൾപ്പെടുത്തിയിട്ടുള്ള കോടതിയലക്ഷ്യ ഹർജികൾ ഹൈക്കോടതിയിൽ പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ ആവർത്തിച്ചു. ഇതോടെ, കേസിലെ എല്ലാ നടപടികളും അടുത്ത മാസം പരിഗണിക്കാനിരിക്കെ, ഹർജികളിൽ വീണ്ടും ജുഡീഷ്യൽ പുനഃപരിശോധന നടത്താൻ കോടതി തീരുമാനിച്ചു.
അതേസമയം, വിചാരണ കോടതിയിൽ എട്ടാം പ്രതിയായ നടൻ ദിലീപ് ഹാജരായപ്പോള്‍ ജഡ്ജി എഴുന്നേറ്റു നിന്നതായി ആരോപിച്ചതിനെ തുടർന്ന് പോലീസ് നടപടി സ്വീകരിച്ചു. മത്സ്യത്തൊഴിലാളി യുണൈറ്റഡ് ഫോറത്തിന്റെ സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജിനെതിരെ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. വിചാരണ കോടതിക്കെതിരെ മുമ്പ് അപമാനകരമായ പരാമർശം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
