ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) അറ്റ്ലാന്റ ചാപ്റ്റർ ജനുവരി 10ന് സംഘടിപ്പിച്ച ടോക്‌ഷോ പൊതുജന പങ്കാളിത്തത്താലും ചർച്ചയായ വിഷയങ്ങളുടെ വൈവിധ്യത്താലും ശ്രദ്ധേയമായി. വ്യത്യസ്തമായ രാഷ്ട്രീയ–സാമൂഹിക ആശയങ്ങളുടെ പ്രചാരകനായ മൈത്രേയനുമായി നടത്തിയ മുഖാമുഖം ആൽഫററ്റയിലെ ചാർക്കോൾ ഗ്രിൽ റെസ്റ്റോറന്റിൽ നടന്നു. ഏകദേശം 50 പേർ പരിപാടിയിൽ പങ്കെടുത്തു.
വിദ്യാഭ്യാസം, കുടുംബ വ്യവസ്ഥ, മാധ്യമ സ്വാതന്ത്ര്യം, മതങ്ങളുടെ സമകാലിക പ്രസക്തി, ആധുനിക ലോകത്തിലെ മാറിവരുന്ന കാഴ്ചപ്പാടുകൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സന്നിഹിതർ മൈത്രേയനുമായി സംവദിച്ചു. ചോദ്യോത്തര രൂപത്തിൽ നടന്ന ഈ പരിപാടിയിൽ 15ഓളം പേർ വിവിധ വിഷയങ്ങളിൽ ചോദ്യങ്ങൾ ഉന്നയിച്ചു.
IPCNA അറ്റ്ലാന്റ ചാപ്റ്ററിന്റെ 2026–2028 കാലയളവിലെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷൈനി അബൂബക്കർ സ്വാഗതം ആശംസിക്കുകയും IPCNA ഭാരവാഹികളെ പരിചയപ്പെടുത്തുകയും ചെയ്തു. മാറ്റത്തിന്റെ ശബ്ദമായ മൈത്രേയനെ അറ്റ്ലാന്റയിൽ അവതരിപ്പിച്ച IPCNA 2026–2028 അറ്റ്ലാന്റ കമ്മിറ്റിയുടെ ആദ്യ പരിപാടിയാണിതെന്നും, കമ്മിറ്റി അംഗങ്ങളുടെ കൂട്ടായ പരിശ്രമമാണ് ഈ വിജയത്തിന് പിന്നിലെന്നും ഷൈനി പറഞ്ഞു.
സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അനു ഷിബു, പരിപാടിയിൽ പങ്കെടുത്ത പൊതുജനങ്ങളുടെ തുറന്ന മനസ്സിനെയും വ്യത്യസ്ത ചിന്താധാരകളോടുള്ള സഹിഷ്ണുതയെയും സ്വാഗതപ്രസംഗത്തിൽ പ്രത്യേകമായി പരാമർശിച്ചു. ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ഫെമിന ചുക്കാൻ പരിപാടിയുടെ രൂപരേഖ സന്നിഹിതർക്കായി വിശദീകരിച്ചു.
അറ്റ്ലാന്റയിലെ പ്രമുഖ എഴുത്തുകാരിയും കവയിത്രിയുമായ IPCNA വൈസ് പ്രസിഡന്റ് അമ്മു സഖറിയയുടെ മാർഗനിർദേശങ്ങൾ പരിപാടിയുടെ നടത്തിപ്പിന് ഏറെ സഹായകമായി. IPCNA മുൻ പ്രസിഡന്റ് കാജൽ സഖറിയ, മുൻ സെക്രട്ടറി ബിനു കാസിം, മുൻ ട്രഷറർ തോമസ് ജോസഫ്, ജോയിന്റ് സെക്രട്ടറി സാദിഖ് പുളിക്കപ്പറമ്പിൽ എന്നിവർ ഒരുക്കങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചു.
സമയക്രമം പാലിച്ച് ചർച്ച മുന്നോട്ടുകൊണ്ടുപോകുന്നതിൽ മോഡറേറ്റർമാരായ കാജൽ സഖറിയയും ഫെമിന ചുക്കാനും ശ്രദ്ധേയമായ പങ്ക് വഹിച്ചു. പരിപാടിക്ക് വേദിയൊരുക്കിയ ചാർക്കോൾ ഗ്രിൽ റെസ്റ്റോറന്റിനും, IPCNA അറ്റ്ലാന്റ–നാഷണൽ കമ്മിറ്റി അംഗങ്ങൾക്കും – പ്രത്യേകമായി പ്രസിഡന്റ് രാജു പള്ളത്ത്, അഡ്വൈസറി ബോർഡ് അംഗം സുനിൽ ട്രൈസ്റ്റാർ എന്നിവർക്കും , മൈത്രേയനും , വാക്കുകൊണ്ടും സാന്നിധ്യത്തിലൂടെയും പിന്തുണ നൽകിയ എല്ലാവർക്കും IPCNA മുൻ പ്രസിഡന്റ് കാജൽ സഖറിയ നന്ദി അറിയിച്ചു . മൈത്രേയന്റെ അറ്റ്ലാന്റ സന്ദർശന വിവരം പങ്കുവെച്ച ഷിഹാസ് അബ്ദുല്ലയ്ക്കും, ക്യാമറ കൈകാര്യം ചെയ്ത സാദിഖ് പുളിക്കപ്പറമ്പിൽ, അബൂബക്കർ സിദ്ധിഖ് എന്നിവർക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തി.
