ഖത്തര്: ഖത്തറിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ കഴിഞ്ഞ 24 വർഷമായി തന്റെ കലാവൈഭവം കൊണ്ട് വിസ്മയങ്ങൾ തീർത്ത ആർട്ടിസ്റ്റ് സൂപ്പർവൈസർ ഷിബു പ്രവാസ ജീവിതത്തോട് വിടപറയുന്നു. തൃശൂർ ജില്ലയിലെ തളിക്കുളം സ്വദേശിയായ ഷിബുവിനെ ലുലുവിലെ മുൻ ചീഫ് ആർട്ടിസ്റ്റ് റഫീഖ് പൊക്കാക്കിയാണ് ഖത്തറിലേക്ക് കൊണ്ടുവരുന്നത്. തുടർന്ന് സ്വന്തം കഠിനാധ്വാനവും സമർപ്പണവും കൊണ്ട് ഷിബു ലുലുവിലെ ആർട്ട് വിഭാഗത്തിൽ ശ്രദ്ധേയനായ വ്യക്തിത്വമായി മാറി.
ലുലു ഡി-റിംഗ് റോഡ്, അബു സിദ്ര മാൾ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹം പ്രധാനമായും സേവനമനുഷ്ഠിച്ചിരുന്നത്. ലുലുവിൽ നടന്ന നൂറു കണക്കിന് പ്രമോഷൻ ഡിസ്പ്ലേകളും, വിവിധ രാജ്യങ്ങളുടെ പ്രമോഷൻ ഫെസ്റ്റിവലുകളിലുമായി ഷിബു ഒരുക്കിയ വലിയ കലാസൃഷ്ടികൾ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം പള്ളിയായ മർക്കസ് നോളജ് സിറ്റിയിലെ ‘മസ്ജിദ് ഫുത്തൂഹിന്റെ’ മനോഹരമായ വൻ മാതൃക ലുലു ഡി-റിംഗ് റോഡിൽ ഒരുക്കിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. കാന്തപുരത്തിന്റെ മകൻ ഹകീം അസ്ഹരി ദോഹയിലെത്തിയപ്പോൾ ഷിബുവിനെ നേരിട്ട് വിളിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ഈ സംഭവം ചാനലുകളിലും പത്രങ്ങളിലും വൈറൽ വാർത്തയായി മാറുകയും ചെയ്തു.
ദോഹയിൽ എത്തിയ നിരവധി ബോളിവുഡ്, മോളിവുഡ് താരങ്ങൾക്കും, ഗായകർക്കും, കായികതാരങ്ങൾക്കും ഷിബു അവരുടെ ചിത്രങ്ങൾ വരച്ചു നൽകി സ്നേഹാദരവുകൾ നേടിയിട്ടുണ്ട്.
ഇത്ര വർഷങ്ങളോളം ലുലു ഗ്രൂപ്പിൽ ജോലി നൽകി തന്റെ ജീവിതം കെട്ടിപ്പടുക്കാൻ പിന്തുണ നൽകിയ ലുലു ഗ്രൂപ്പ് ചെയർമാൻ ഡോ. എം. എ. യൂസുഫലിയോടുള്ള കടപ്പാട് വാക്കുകൾക്കതീതമാണെന്ന് ഷിബു പറഞ്ഞു.
ഏതാനും വർഷങ്ങളായി ഷിബുവിന്റെ കുടുംബവും ഖത്തറിൽ കൂടെയുണ്ടായിരുന്നു. ഭാര്യ കൃഷ്ണപ്രിയ ഒപ്താൽമോളജിസ്റ്റാണ്. മകൾ ചിത്രഞ്ജലി, മകൻ ദയാൽ എന്നിവർ നിലവിൽ ഖത്തറിൽ തന്നെയാണ്. ഇനി നാട്ടിലെ സ്വന്തം സ്ഥാപനമായ തളിക്കുളത്തെ “ഷിബു ആർട്സ്” കേന്ദ്രീകരിച്ചായിരിക്കും തന്റെ പ്രവർത്തനമെന്ന് ഷിബു അറിയിച്ചു.
ദീർഘകാലത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഷിബുവിന് ലുലു ഗ്രൂപ്പിലെ സഹപ്രവർത്തകർ ഹൃദയംഗമമായ സ്നേഹാശംസകൾ നേർന്നു.
