അധികാര രാഷ്ട്രീയത്തിലെ സാമുദായിക പ്രാതിനിധ്യം ഭരണഘടനാവകാശം: ഫ്രറ്റേണിറ്റി സാഹോദര്യ സംഗമം

രോഹിത് വെമുലയുടെ പത്താം രക്തസാക്ഷിത്വ വാർഷികത്തോടനുബന്ധിച്ചാണ് സംഗമം സംഘടിപ്പിച്ചത്

രോഹിത് വെമുലയുടെ വ്യവസ്ഥാപിത കൊലപാതകത്തിൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംഘടിപ്പിച്ച സാഹോദര്യ രാഷ്ട്രീയ സംഗമത്തിൽ ‘കേരളത്തിൽ രോഹിത് ആക്ട് നടപ്പിലാക്കുക’ എന്ന ബാനർ ഉയർത്തിയപ്പോൾ

എറണാകുളം: അധികാര രാഷ്ട്രീയത്തിൽ വ്യത്യസ്ത സാമൂഹിക ജനവിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തേണ്ടത് ഭരണഘടനാപരമായ അവകാശമാണെന്നും അത്തരം അവകാശ ചോദ്യങ്ങൾ ഉന്നയിക്കുന്നവരുടെ മേൽ വർഗീയ ചാപ്പ ആരോപിക്കുന്നത് വലതുപക്ഷ രാഷ്ട്രീയ അജണ്ടയാണെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സാഹോദര്യ രാഷ്ട്രീയ സംഗമം അഭിപ്രായപ്പെട്ടു. രോഹിത് വെമുലയുടെ വ്യവസ്ഥാപിത കൊലപാതകത്തിന് പത്ത് വർഷം തികഞ്ഞ സന്ദർഭത്തിലാണ് വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടെയും സാമൂഹിക പ്രവർത്തകരുടെയും സാഹോദര്യ സംഗമം ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംഘടിപ്പിച്ചത്. സാമൂഹിക നീതി നിഷേധിക്കപ്പെടുന്ന സമുദായങ്ങളുടെ നേതൃത്വത്തിൽ രാഷ്ട്രീയ ഐക്യം രൂപപ്പെടുത്തണമെന്ന രാഷ്ട്രീയ സന്ദേശമാണ് രോഹിത് വെമുല ജീവിതത്തിലൂടെ കൈമാറിയതെന്നും പ്രസ്തുത രാഷ്ട്രീയ മുന്നേറ്റം നടത്താൻ ശ്രമിക്കുന്നവരെ സ്വത്വവാദം – വർഗീയത എന്നീ ലേബലുകളിലൂടെ അടിച്ചമർത്താനാണ് ഇടത് – വലത് കക്ഷികൾ ശ്രമിക്കുന്നതെന്നും സംഗമം അഭിപ്രായപ്പെട്ടു.

ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ ആമുഖ പ്രഭാഷണം നടത്തി. കെ.കെ ബാബുരാജ് (ആക്റ്റിവിസ്റ്റ്, എഴുതുകാരൻ),
സുദേശ് എം. രഘു (ആക്റ്റിവിസ്റ്റ്, എഴുതുകാരൻ), ബാബുരാജ് ഭഗവതി (ആക്റ്റിവിസ്റ്റ്, എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ),
ലദീദ ഫർസാന (പൗരത്വ സമര നായിക), ബൈജു പത്തനാപുരം (അണ്ണാ DHRM പാർട്ടി സംസ്ഥാന സെക്രട്ടറി), മൃദുല ദേവി (ആക്റ്റിവിസ്റ്റ്, സാഹിത്യകാരി), ഷിയാസ്.എച്ച് (ആക്റ്റിവിസ്റ്റ്, എഴുത്തുകാരൻ), ആശ ശശിധരൻ (ഗവേഷക വിദ്യാർത്ഥി, ASA നേതാവ് ), എ.കെ സജീവ് (AKCHMS അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി), ആഷ്ലി ബാബു
(CSDS സംസ്ഥാന എക്സിക്യൂട്ടീവ് അംഗം) എന്നിവർ സംസാരിച്ചു.

കേരളത്തിൽ രോഹിത് ആക്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംഗമത്തിൽ ബാനറുയർത്തി. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം സമാപന പ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഗോപു തോന്നക്കൽ സ്വാഗതവും സെക്രട്ടറി അൻവർ സലാഹുദ്ദീൻ നന്ദിയും പറഞ്ഞു.

Leave a Comment

More News