തിരുവല്ല: ആന്തരിക രൂപാന്തരമായിരിക്കണം ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനമെന്ന് ഡോ. സാമുവേൽ മാർ തെയോഫിലോസ് മെത്രാപ്പോലീത്താ പ്രസ്താവിച്ചു.
സെന്റ് മേരീസ് ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് തോട്ടഭാഗം ഇടവകയിൽ വൈദീക ദിനത്തില്‍ നടന്ന ആരാധനയിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ അഭിവന്ദ്യ മോറാൻ മോർ ഡോ.സാമുവല്‍ തിയോഫിലോസ് മെത്രാപ്പോലീത്ത.
പ്രാർത്ഥന ജീവിതവും വിശ്വാസവും അനുകമ്പയും ഉള്ളവരായി വിശ്വാസികൾ മാറണമെന്നും, വീണ്ടും ജനനത്തിന്റെ പുതുക്കം ഓരോ ദിവസവും ജീവിതത്തിൽ വർദ്ധിച്ചു വരണമെന്നും, ആത്മീയ ഫലങ്ങൾ പുറപ്പെടുവിച്ച് ദൈവരാജ്യത്തിന്റെ വളർച്ചയ്ക്ക് വിശ്വാസസമൂഹം നിലകൊള്ളണമെന്നും മെത്രാപ്പോലീത്താ കൂട്ടിച്ചേര്‍ത്തു.
വിശുദ്ധ കുർബാനയ്ക്ക് അഭിവന്ദ്യ മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ സഹകാർമ്മികത്വം വഹിച്ചു. വൈദികർ ദേശത്തിന്റെ പ്രകാശ ഗോപുരമായി മാറണമെന്നും വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ ജീവിതത്തിനിടയിൽ ഇടവകയിലെ കുടുംബങ്ങള്‍ക്ക് വേണ്ടി പ്രാർത്ഥിക്കുവരായ വൈദീകർ സഭയുടെ ശക്തിയാണെന്നും അഭിവന്ദ്യ മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ കൂട്ടിച്ചേര്‍ത്തു. റവ. ഫാദർ ഷിജു മാത്യു, റവ. ഫാദർ മർക്കോസ് പള്ളിക്കുന്നേൽ,റവ. ഫാദർ റെജി തമ്പാന്, റവ. ഫാദർ ബേബി ജോസഫ് ,ഫാദർ യേശുദാസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
വൈദികരെ ഇടവക സെക്രട്ടറിമാർ, ട്രസ്റ്റിമാർ എന്നിവർ ചേർന്ന് ആദരിക്കുകയും ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു. തുടർന്ന് വൈദീകർക്ക് വേണ്ടി അഭിവന്ദ്യ മോറാൻ മോർ ഡോ.സാമുവല്‍ തിയോഫിലോസ് മെത്രാപ്പോലീത്ത പ്രാർത്ഥിക്കുകയും ചെയ്തു.

