ഒ.വി. വിജയന് ആദരമായി ബർഫി ആപ്പിന്റെ പുതിയ മലയാളം ഫോണ്ട് ‘തസ്രാക്ക്’

തസ്രാക്ക് ഫോണ്ടിന്റെ പ്രകാശന വേളയിൽ, പ്രശസ്ത കാലിഗ്രഫി ആർട്ടിസ്റ്റ് നാരായണ ഭട്ടതിരി, ബ്രാൻഡ് കോൺസൾട്ടന്റ് ഫേവർ ഫ്രാൻസിസിന് ‘ഖസാക്കിന്റെ ഇതിഹാസം’ നോവലിന്റെ എക്സ്ക്ലൂസീവ് കോപ്പി കൈമാറുന്നു

കോഴിക്കോട്: മലയാള സാഹിത്യത്തിലെ ഇതിഹാസ കൃതിയായ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിനും രചയിതാവ് ഒ.വി. വിജയനും ആദരമർപ്പിച്ച് ബർഫി ആപ്പ് തങ്ങളുടെ ഏറ്റവും പുതിയ മലയാളം ഫോണ്ട് പുറത്തിറക്കി. നോവലിന്റെ പശ്ചാത്തലമായ പാലക്കാടൻ ഗ്രാമത്തിന്റെ പേരിൽ രൂപകൽപ്പന ചെയ്ത ‘തസ്രാക്ക്’ എന്ന ഫോണ്ടിന്റെ ഔദ്യോഗിക പ്രകാശനം കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ (KLF) വേദിയിൽ വെച്ചാണ് നടന്നത്.

പ്രശസ്ത കാലിഗ്രഫി ആർട്ടിസ്റ്റ് നാരായണ ഭട്ടതിരി, പ്രമുഖ ബ്രാൻഡ് കമ്മ്യൂണിക്കേഷൻ വിദഗ്ധൻ ഫേവർ ഫ്രാൻസിസ്, പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജമാൽ കൊച്ചാങ്ങാടി എന്നിവർ ചേർന്നാണ് ‘തസ്രാക്ക്’ ഫോണ്ട് പ്രകാശനം ചെയ്തത്. ചടങ്ങിൽ സാംസ്കാരിക-സാഹിത്യ രംഗത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.

എഴുത്തുകാർക്കും സോഷ്യൽ മീഡിയ ക്രിയേറ്റർമാർക്കും അവരുടെ ചിന്തകളും ആശയങ്ങളും ഡിജിറ്റൽ ഇടങ്ങളിൽ മനോഹരമായി ആവിഷ്കരിക്കാൻ സഹായിക്കുന്ന രീതിയിലാണ് ‘തസ്രാക്ക്’ ഫോണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആകർഷകമായ പോസ്റ്ററുകൾ ഡിസൈൻ ചെയ്യുന്നതിനും ദൈർഘ്യമേറിയ ഉള്ളടക്കങ്ങൾ മനോഹരമായി അവതരിപ്പിക്കുന്നതിനും അനുയോജ്യമായ ടൈപ്പോഗ്രഫി ശൈലിയാണ് ഈ ഫോണ്ട് പിന്തുടരുന്നത്.

സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തുന്നതിനും ബർഫി ആപ്പ് മുൻതൂക്കം നൽകുന്നു. വിദ്യാർത്ഥികൾക്ക് സ്വന്തം ആശയങ്ങൾ ഡിസൈനുകളിലൂടെയും ഫോണ്ടുകളിലൂടെയും അവതരിപ്പിക്കാൻ ഈ ആപ്പ് അവസരമൊരുക്കുന്നു. ഡിജിറ്റൽ യുഗത്തിൽ ടൈപ്പോഗ്രഫി, കണ്ടന്റ് ക്രിയേഷൻ എന്നീ മേഖലകളിൽ വിദ്യാർത്ഥികളുടെ നൈപുണ്യം വർധിപ്പിക്കാൻ ബർഫി ആപ്പിലെ വിവിധ ഫീച്ചറുകൾ സഹായകരമാണ്. മലയാളം മാതൃഭാഷയിൽ ലളിതമായും മനോഹരമായും എഴുതാൻ പ്രേരിപ്പിക്കുന്നതിലൂടെ ഭാഷാപരമായ അറിവ് വളർത്താനും ഇത് ഉപകരിക്കുന്നു.

ലോഞ്ചിനോടനുബന്ധിച്ച് ബർഫി ആപ്പ് പ്രത്യേക ക്വിസ് മത്സരവും സംഘടിപ്പിച്ചു. വിജയികളായ അഞ്ച് പേർക്ക് ‘ഖസാക്കിന്റെ ഇതിഹാസം’ നോവലിന്റെ പ്രത്യേക കോപ്പികളും ബർഫി ആപ്പിന്റെ ഒരു മാസത്തെ പ്രീമിയം സബ്സ്ക്രിപ്ഷനും സമ്മാനമായി നൽകി.

മലയാളം ടൈപ്പോഗ്രഫിയിൽ പുതിയൊരു വിപ്ലവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബർഫി ആപ്പ് ഇത്തരത്തിലുള്ള വ്യത്യസ്തവും ആശയസമ്പന്നവുമായ ഫോണ്ടുകൾ അവതരിപ്പിക്കുന്നതെന്ന് ബർഫി ആപ്പ് സ്ഥാപകൻ ഇമ്തിയാസ് പെരുവൻ അഭിപ്രായപ്പെട്ടു.

Leave a Comment

More News