ദോഹ: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി ഇന്ത്യന്‍ ഭരണഘടനയാണെന്നും ഭരണഘടന മൂല്യങ്ങളുടെ ശാക്തീകരണമാണ് റിപബ്ളിക് ദിനം ആവശ്യപ്പെടുന്നതെന്നും റിപബ്ളിക് ദിനാഘോഷത്തിന്റെ ഭാഗമായി മീഡിയ പ്ളസും അല്‍ സുവൈദ് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച ടേബിള്‍ ടോക്കില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. എല്ലാവര്ക്കും സമത്വവും അവകാശങ്ങളും ഉറപ്പാക്കുന്ന ഭരണഘടനയാണ് രാജ്യത്തെ ഐക്യത്തോടെ മുന്നോട്ട് നയിക്കുന്നത്. ഗ്രാമപഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഭരണസംവിധാനം ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തമാക്കുന്നു.
ജനാധിപത്യം എന്നത് വോട്ടുചെയ്യുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. അഭിപ്രായസ്വാതന്ത്ര്യം, നിയമത്തിന്റെ മുന്നില്‍ സമത്വം, മാധ്യമസ്വാതന്ത്ര്യം, സാമൂഹിക നീതി എന്നിവയെല്ലാം ചേര്‍ന്നതാണ് യഥാര്‍ത്ഥ ജനാധിപത്യം. ഈ മൂല്യങ്ങള്‍ നിലനിര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ട ഉത്തരവാദിത്വം ഓരോ പൗരനുമുണ്ട്.അതിനാല്‍, ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നത് ഒരു വിശേഷണം മാത്രമല്ല; അത് നമ്മള് കാത്തുസൂക്ഷിക്കേണ്ട ഒരു മഹത്തായ പൈതൃകമാണ്. ജനാധിപത്യ മൂല്യങ്ങള്‍ ജീവിതത്തില്‍ നടപ്പിലാക്കി, ഉത്തരവാദിത്വമുള്ള പൗരന്മാരായി മാറുമ്പോഴാണ് ഇന്ത്യയുടെ ജനാധിപത്യം കൂടുതല്‍ ശക്തമാകുന്നത്. ഇക്കാര്യങ്ങളൊക്കെ നമ്മെ ഓര്‍മപ്പെടുത്തുന്ന ദിനമാണ് റിപബ്ളിക് ദിനമെന്ന് പ്രസംഗകര്‍ ഊന്നിപ്പറഞ്ഞു.
ഇന്‍കാസ് പ്രസിഡണ്ട് സിദ്ധീഖ് പുറായില്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ഐസിസി ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ്, കെബിഎഫ് പ്രസിഡണ്ട് ഷഹീന് മുഹമ്മദ് ഷാഫി, ഇന്‍കാസ് സീനിയര്‍ വൈസ് പ്രസിഡണ്ട് വി.എസ്. അബ്ദുറഹിമാന്, മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് സത്യേന്ദ്ര പഥക്, ക്യാപ്റ്റന്‍ ദീപക് മഹാജന്, അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.വി.വി.ഹംസ, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷീല ഫിലിപ്പ്, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ സിദ്ധീഖ് ചെറുവല്ലൂര്‍, വ്ളോഗര്‍ രതീഷ് എന്നിവര്‍ സംസാരിച്ചു. മീഡിയ പ്ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര സ്വാഗതവും ഫാദിയ ഹംസ നന്ദിയും പറഞ്ഞു.
