സംഘ്പരിവാറിൻ്റെ വംശീയ കൊലകൾക്ക് താക്കീതായി ജസ്റ്റിസ് ഫോർ രാം നാരായൺ ആക്‌ഷന്‍ കൗൺസിൽ സംഘടിപ്പിച്ച സാഹോദര്യ റാലി

പാലക്കാട്: സംഘ്പരിവാറിൻ്റെ നേതൃത്വത്തിൽ നടത്തുന്ന വംശീയ ആൾക്കൂട്ടക്കൊലകൾക്കെതിരെ കേരളത്തിൽ നിയമനിർമ്മാണം നടത്തണമെന്ന് ജസ്റ്റിസ് ഫോർ രാം നാരായൺ ആക്‌ഷന്‍ കൗൺസിൽ, കേരള സംഘടിപ്പിച്ച പ്രതിരോധ സംഗമം ആവശ്യപ്പെട്ടു.
ആൾക്കൂട്ടക്കൊലപാതകങ്ങൾക്ക് തടയിടാനായി തഹ്സീൻ പൂനെവാല കേസിലെ സുപ്രീം കോടതി മാർഗനിർദ്ദേശങ്ങൾ കേരള നിയമസഭ നടപ്പിലാക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. രാം നാരായണൻ്റെ മുഴുവൻ കൊലപാതകികളെയും അറസ്റ്റ് ചെയ്യാൻ പോലും പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. രാം നാരായണൻ്റെ കുടുംബത്തിന് പ്രഖ്യാപിച്ച 30 ലക്ഷത്തിൻ്റെ അടിയന്തര സഹായം ഉടൻ വിതരണം ചെയ്യണമെന്നും സംഗമം ആവശ്യപ്പെട്ടു.
മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു സംഗമം ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ അഡ്വ. കെ.എസ്.നിസാർ അധ്യക്ഷത വഹിച്ചു. രാം നാരായണൻ്റെ സഹോദരൻ ശശികാന്ത് ഭാഗേൽ മുഖ്യാതിഥിയായി.
ആക്ഷൻ കൗൺസിൽ കേരള ചെയർമാൻ കെ.ശിവരാമൻ മുഖ്യ പ്രഭാഷണം നടത്തി. സുരേന്ദ്രൻ കരിപ്പുഴ (വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി), അഡ്വ. പി. എ പൗരൻ (PUCL സംസ്ഥാന ചെയർമാൻ), പി.കെ. ഉസ്മാൻ (SDPI സംസ്ഥാന ജനറൽ സെക്രട്ടറി), പി.എൻ.പ്രോവിൻ്റ് (CPIML റെഡ്സ്റ്റാർ), അംബിക മറുവാക്ക്, ടി. ഇസ്മയിൽ (സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി), പ്രേം ബാബു (സേവ് ഇന്ത്യ കളക്ടീവ്) ഷാന്റോ ലാൽ (പോരാട്ടം), വിളയോടി ശിവൻകുട്ടി (മനുഷ്യാവകാശ പ്രവർത്തകൻ), ബാസിത് താനൂർ (ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി), സുറിയൻ മൂപ്പൻ (അട്ടപ്പാടി മൂപ്പൻ കൗൺസിൽ), സജീവൻ കള്ളിച്ചിത്ര (ആദിവാസി സമിതി), അഷിത നജീബ് (WIM), കെ. വാസുദേവൻ (സാധുജന പരിപാലന സംഘം), മുഹമ്മദ് സാദിഖ് (മാനവ് ഫൗണ്ടേഷൻ), ടി.കെ. വാസു, ഗഫൂർ വാടാനപ്പള്ളി, റയമണ്ട് ആൻ്റണി, എം.സുലൈമാൻ, സക്കീർ ഹുസൈൻ കൊല്ലങ്കോട് തുടങ്ങിയവർ സംസാരിച്ചു. സംഘാടക കമ്മിറ്റി ജനറൽ കൺവീനർ കെ. കാർത്തികേയൻ സ്വാഗതവും കൺവീനർ റസീന ആലത്തൂർ നന്ദി പറഞ്ഞു. രാം നാരായൺ ഭാഗേലിൻ്റെ കൊലപാതകത്തിൻ്റെ കേസന്വേഷണം കുറ്റമറ്റതാക്കണം, തഹ്സീൻ പൂനെവാല കേസിലെ സുപ്രീം കോടതി മാർഗനിർദ്ദേശങ്ങൾ നടപ്പിലാക്കണം, വംശീയ കൊലകൾക്കെതിരെ കേരളം ജാഗ്രത പുലർത്തണം, പ്രഖ്യാപിച്ച നഷ്ടപരിഹാര തുക വേഗത്തിൽ ലഭ്യമാക്കണം എന്നീ പ്രമേയങ്ങൾ സംഗമത്തിൽ അവതരിപ്പിച്ചു.
നേരത്തെ മുൻസിപ്പൽ സ്റ്റാൻ്റ് പരിസരത്ത് നിന്ന് ആരംഭിച്ച സാഹോദര്യ റാലിയിൽ നൂറുകണക്കിന് പേർ അണിനിരന്നു. റാലി സ്റ്റേഡിയം സ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു.
