തിരുവനന്തപുരം: ശബരിമല സ്വര്‍ണ കവര്‍ച്ചയുടെ അന്വേഷണം സ്തംഭിച്ചിരിക്കുകയാണെന്നും അത് ഒരു പ്രഹസനമായി മാറിയിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേസിലെ പ്രതികള്‍ ഓരോരുത്തരായി പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും, അവര്‍ പുറത്തുവന്നാല്‍ തെളിവുകള്‍ നശിപ്പിക്കാനും അന്വേഷണത്തെ അട്ടിമറിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൊണ്ടി മുതല്‍ ഇതുവരെ കണ്ടെടുക്കാനാവാത്തതെന്താണെന്ന ചോദ്യം തുടക്കം മുതല്‍ ഉയര്‍ന്നിരുന്നെങ്കിലും ആരും അതിനെക്കുറിച്ച് സംസാരിക്കാത്തത് സംശയം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. എസ്.ഐ.ടിയുടെ ആത്മാര്‍ത്ഥതയെ അദ്ദേഹം ചോദ്യം ചെയ്യുന്നില്ലെങ്കിലും, മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും എസ്.ഐ.ടിക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കേസിൽ സിപിഐ എം നേതാക്കളുടെ പേരുകൾ ഉയർന്നുവന്നിട്ടും അവർക്കെതിരെ നടപടിയെടുക്കാൻ പാർട്ടി തയ്യാറാകുന്നില്ലെന്നും, അത് കൂടുതൽ പേരുകൾ പുറത്തുവരുമെന്ന് ഭയമുള്ളതുകൊണ്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സ്വർണ മോഷണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ സോണിയ ഗാന്ധിയുടെ പേര് പരാമർശിച്ച മന്ത്രി വി ശിവൻകുട്ടിയെ രമേശ് ചെന്നിത്തല ശക്തമായി വിമർശിച്ചു. ശിവൻകുട്ടി സോണിയ ഗാന്ധിയുടെ പേര് പരാമർശിക്കുന്നത് സ്വയം പേരെടുക്കാൻ വേണ്ടിയാണെന്നും അത് ശിവൻകുട്ടിയുടെ കൈയ്യില്‍ വെച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ആരെയും ഒരു ഫോട്ടോയുടെ പേരിൽ കുറ്റപ്പെടുത്തിയിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. എസ്ഐടിയെ പ്രശംസിച്ച ഹൈക്കോടതിയുടെ പരാമർശത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, പ്രതിപക്ഷം ഉന്നയിക്കുന്നത് ജനങ്ങളുടെ ആശങ്കകളാണെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. ഹൈക്കോടതിയെ കുറ്റപ്പെടുത്തുന്നില്ലെന്നും ഹൈക്കോടതി അവരുടെ ജോലി ഭംഗിയായി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതിന് ശേഷം അന്വേഷണത്തിൽ പുരോഗതി ഉണ്ടായില്ലെന്നും ഇപ്പോഴത്തെ ദേവസ്വം മന്ത്രിയെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. എസ്ഐടിക്കുമേൽ തന്നെയാണ് മുഴുവൻ സമ്മർദമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, രക്തസാക്ഷി ഫണ്ട് വരെ മുക്കുന്ന പാർട്ടിയെ ലോകത്ത് ആദ്യമായി കാണുന്നതായാണ് സിപിഐഎമ്മിനെ പരിഹസിച്ചുകൊണ്ട് രമേശ് ചെന്നിത്തല പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥി നിർണയം എത്രയും വേഗം പൂർത്തിയാക്കുമെന്നും യുഡിഎഫ് അധികാരത്തിൽ വരുമെന്ന ഉറപ്പാണ് എൽഡിഎഫിനെ അലോസരപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
