കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കർണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേരളത്തിലെത്തും. കൊച്ചിയിലെത്തി തെളിവുകൾ ശേഖരിക്കുന്ന സംഘം കോൺഫിഡന്റ് ഗ്രൂപ്പിന്റെ കേരളത്തിലെ ഇടപാടുകൾ പരിശോധിക്കും. ആദായനികുതി വകുപ്പിന്റെ റെയ്ഡിന് തൊട്ടുപിന്നാലെ, ബെംഗളൂരുവിലെ ‘ജയനഗർ 8 ബ്ലോക്കിലെ’ ഒരു പ്രമുഖ ആശുപത്രിയിൽ റോയ് വിഷാദരോഗത്തിന് ചികിത്സ തേടിയതായി പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.
സാമ്പത്തിക ഇടപാടുകൾക്കും ആദായനികുതി വകുപ്പിന്റെ റെയ്ഡിലേക്ക് നയിച്ച കാരണങ്ങൾക്കും പുറമേ, വിഷാദരോഗത്തിന് ചികിത്സ തേടാനുള്ള കാരണങ്ങളും അന്വേഷിക്കുന്നുണ്ട്. നാല് മാസത്തിലേറെയായി റോയ് വിഷാദരോഗത്തിന് ചികിത്സ തേടുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം അന്വേഷണ സംഘത്തെ അറിയിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ചില പദ്ധതികൾക്ക് തിരിച്ചടികൾ നേരിട്ടിരുന്നു. ഈ പദ്ധതികളിലെ ചില നിക്ഷേപകർ നിരന്തരം പണം തിരികെ ആവശ്യപ്പെടുന്നത് റോയിയെ പ്രതിസന്ധിയിലാക്കുകയും ചെയ്തിരുന്നു. വായ്പയെടുക്കാതെയാണ് പദ്ധതികൾ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പലതവണ പറഞ്ഞിരുന്നു. ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുന്ന ശീലം അദ്ദേഹത്തിനില്ല. എന്നാല്‍, ഇത്ര ബൃഹത്തായ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്ക് റോയി എങ്ങനെ പണം കണ്ടെത്തി എന്നും പണത്തിന്റെ ഉറവിടത്തെക്കുറിച്ചും അന്വേഷണ സംഘം അന്വേഷിക്കും.
അതേസമയം, റോയിയുടെ മരണം ഭാവി പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്നും കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടിഎ ജോസഫ് പറഞ്ഞു. ബെംഗളൂരുവിലെ കാര്യങ്ങൾ മാത്രമാണ് റോയ് കൈകാര്യം ചെയ്തിരുന്നതെന്നും, കേരളത്തിലെ എല്ലാ പദ്ധതികളുടെയും ചുമതല തനിക്കാണെന്നും ജോസഫ് വ്യക്തമാക്കി.
“ഞങ്ങളുടെ കൈവശം ആരുടെയും കള്ളപ്പണമില്ല. കോൺഫിഡന്റ് ഗ്രൂപ്പിന് പിറകെ കേന്ദ്ര അന്വേഷണ ഏജൻസികളൊന്നുമില്ല. ചിലർ വ്യാജ കഥകൾ പ്രചരിപ്പിക്കുകയാണ്. റോയിയുടെ മരണശേഷവും അദ്ദേഹത്തെ വേട്ടയാടുകയാണ്. നാളെ മുതൽ ഞാൻ കൊച്ചിയിലെ ഓഫീസിലുണ്ടാകും,” ജോസഫ് പറഞ്ഞു.
