ജോർജ് വർഗീസ് ഡാലസ് എഴുതിയ വചനം ധ്യാനം ഗാനം എന്ന ഗ്രന്ഥം ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ പ്രകാശനം ചെയ്തു

ഡാലസ്: പ്രശസ്ത ഗാന രചയിതാവ് ജോർജ് വർഗീസ് (ജയൻ) എഴുതിയ വചനം ധ്യാനം ഗാനം എന്ന ഗ്രന്ഥം തിരുവല്ലായിൽ വെച്ച് ഫെബ്രുവരി 4 ബുധനാഴ്ച വൈകിട്ട് നടന്ന ചടങ്ങിൽ മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ സഭയുടെ കോട്ടയം- കൊച്ചി ഭദ്രാസനാധ്യക്ഷൻ ബിഷപ്പ് തോമസ് മാർ തിമോഥിയോസിന് നൽകി കൊണ്ട്  പ്രകാശനം ചെയ്തു.

ഒരു വ്യക്തി എപ്രകാരം വചനത്തിൽ നിന്നും ധ്യാനത്തിലേക്കും, ധ്യാനത്തിൽ നിന്നും ഗാനത്തിലൂടെ ആരാധനയിലേക്കും അർപ്പണത്തിലേക്കും നയിക്കപ്പെടുന്നു എന്നത് ഏറ്റം ശ്രേഷ്ഠമായി ഈ പുസ്തകത്തിൽ വിവരിക്കുന്നു എന്ന് ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ അഭിപ്രായപ്പെട്ടു.

വികാരി ജനറാൾ വെരി.റവ.മഹേഷ് തോമസ് ചെറിയാൻ, മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘം ജനറൽ സെക്രട്ടറി റവ.എബി കെ.ജോഷ്വാ, സഭയുടെ ഡിപ്പാർട്ട്മെൻറ് ഓഫ് സേക്രട്ട് മ്യൂസിക് ആൻഡ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ റവ.ഉമ്മൻ കെ. ജേക്കബ്, മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ  സെക്രട്ടറി റവ.കെ.ഇ ഗീവർഗീസ്, മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം മുൻ ജനറൽ സെക്രട്ടറി റവ.പി.സി സജി, തുരുത്തിക്കാട് ബിഎഎം കോളേജ് മുൻ പ്രിൻസിപ്പൽ പ്രഫ.ഡോ. ജോസ് പാറകടവിൽ തുടങ്ങി അനേകർ ചടങ്ങിൽ പങ്കെടുത്തു.

ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവകാംഗം ആയ ജോർജ് വർഗീസ് രചിച്ച ഗാനങ്ങൾ എല്ലാം തന്നെ കഴിഞ്ഞ നാളുകളായി മാരാമൺ കൺവെൻഷനിലൂടെ പ്രസിദ്ധിയാർജ്ജിച്ചവയാണ് . താൻ രചിച്ച ഗാനങ്ങൾക്കു പിന്നിലെ ജീവിതാനുഭവങ്ങളും ധ്യാന ചിന്തകളും, ഗാനങ്ങളും കോർത്തിണക്കി തയ്യാറാക്കിയതാണ് വചനം ധ്യാനം ഗാനം എന്ന ഈ പുസ്തകം.

ഫെബ്രുവരി 8 മുതൽ ആരംഭിക്കുന്ന മാരാമൺ കൺവൻഷനോടനുബന്ധിച്ച് വിവിധ സ്റ്റാളുകളിലും കൂടാതെ സഭാ ബുക്ക് ഡിപ്പോ, സി എസ് എസ് ബുക്ക് ഡിപ്പോ എന്നിവിടങ്ങളിലും ഈ പുസ്തകം ലഭ്യമാണന്നും , ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം നോർത്ത് അമേരിക്ക ഭദ്രാസനം തുടക്കം കുറിച്ച ഇന്ത്യയിലെ വിവിധ പ്രദേശത്തെ അനേക കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ലൈറ്റ് ടൂ ലൈഫ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നും ഗ്രന്ഥകാരൻ ജോർജ് വർഗീസ് അറിയിച്ചു.

Leave a Comment

More News