
മഞ്ചേരി: ബംഗളൂരു സ്ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ട് വിചാരണത്തടവുകാരനായി ജയിലിൽ കഴിയുന്ന സക്കരിയയുടെ നീതി നിഷേധത്തിന് 17 വർഷം തികയുന്ന സാഹചര്യത്തിൽ, ‘അനീതിയുടെ തടവറക്കെതിരെ’ എന്ന മുദ്രാവാക്യമുയർത്തി സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മഞ്ചേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന സംഗമം സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് ഉദ്ഘാടനം ചെയ്തു.
സക്കരിയയുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ 17 വർഷങ്ങളാണ് വിചാരണ പോലും പൂർത്തിയാകാതെ ഇരുമ്പഴികൾക്കുള്ളിൽ ഹോമിക്കപ്പെട്ടതെന്നും, ഇത്തരം നീതിനിഷേധങ്ങൾക്കെതിരെ തെരുവിൽ ശക്തമായ പ്രതിഷേധങ്ങൾ ഉയരണമെന്നും സംഗമം ആവശ്യപ്പെട്ടു
വുമൺ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ഫായിസ വി.എ, സാമൂഹിക പ്രവർത്തകൻ അഡ്വ. പി.എ പൗരൻ, മറുവാക്ക് എഡിറ്റർ അംബികാ മറുവാക്ക്, സോളിഡാരിറ്റി മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് അജ്മൽ കെ.പി, ജനറൽ സെക്രട്ടറി അൻഫൽ ജാൻ തുടങ്ങിയവർ സംസാരിച്ചു.
