റഷ്യ, ചൈന, ഈജിപ്ത്, ഘാന, സ്പെയിൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ കൂടാതെ, 16 സംസ്ഥാനങ്ങളിലെ നടൻ കലകളും കര കൗശല സ്റ്റാളുകൾ, 14 ജില്ലകളിലെ കേരളീയ നാടൻ കലകൾ എന്നിവ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു.

തിരുവനന്തപുരം: കേരള ഫോക് ലോർ അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവലിന് ഇന്ന് സമാപനം. വൈവിധ്യമാർന്ന കലകളുടെയും സംസ്കാരത്തിന്റെയും സമ്മേളനത്തിന്റെ 5 ദിവസത്തിനാണ് തലസ്ഥാനം സാക്ഷിയായത്. പാളിച്ചയില്ലാത്ത ഏകോപനവും ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായ മേളയ്ക്കാണ് ഇന്ന് തിരശ്ശീല വീഴുന്നത്. സമാപന സമ്മേളനം ഇന്ന് വൈകിട്ട് 6 മണിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദുവാണ് സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നത്. കേരള ഫോക് ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ സ്വാഗതം പറയുന്ന ചടങ്ങിൽ അധ്യക്ഷൻ അക്കാദമി ചെയർമാൻ ഒ. എസ് ഉണ്ണിക്കൃഷ്ണനാണ്.
കഴിഞ്ഞ ദിവസങ്ങളിലായി പ്രദർശിപ്പിച്ച ഘാനയുടെ അക്വബ നൃത്തം, ഈജിപ്‌ഷ്യൻ തന്യൂറ നൃത്തം, ചൈനീസ് ലയൺ ഡാൻസ്, റഷ്യൻ ബാലെറ്റ് നൃത്തം കൂടാതെ മധ്യപ്രദേശ്, രാജസ്ഥാൻ, അസം, തമിഴ്നാട്, കർണാടക, ഒഡിഷ, പോലുള്ള സംസ്ഥാനങ്ങളിലെ കലാപ്രകടനങ്ങൾ കാണികളിൽ ദൃശ്യവിസ്മയമായി. ദൃശ്യമാധ്യമങ്ങളിൽ മാത്രം കണ്ടിട്ടുള്ള കലാപ്രകടനങ്ങൾ നേരിട്ട് കാണാനുള്ള അവസരം ലഭിച്ച കാണികൾ കലാകാരോടൊപ്പം ഫോട്ടോകൾ എടുത്താണ് മടങ്ങിയത്. കൂടാതെ നേപ്പാൾ, കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള പരമ്പരാഗത പാചക വിദഗ്‌ധർ അവരുടെ ആധികാരിക വംശീയ പാചകരീതികൾ തയ്യാറാക്കി ഫെസ്റ്റിവലിന്റെ ഭാഗമായിഅവതരിപ്പിച്ചു. കൂടാതെ, ഇന്ത്യയിലുടനീളമുള്ളതും കേരളത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള പാചക സംഘങ്ങളും വൈവിധ്യമാർന്ന തദ്ദേശീയ ഭക്ഷണ പാരമ്പര്യങ്ങൾ പ്രദർശിപ്പിച്ചു.
സമാപന ദിവസമായ ഇന്ന് ബ്രസീലിന്റെ സാമ്പ നൃത്തവും സ്പെയിനിന്റെ ഫ്ലാമിൻങ്കോ നൃത്തവുമാണ് പ്രധാന ആകർഷണം. കേരളത്തിൽ ആദ്യമായാണ് ഇത് പോലുള്ള ഒരു വേദിയിൽ ഈ നൃത്തങ്ങൾ പ്രദർശിപ്പിക്കുന്നതെന്നും കാഴ്ചക്കാർക്ക് ഈ കലകൾ അടുത്ത് കണ്ട് ആസ്വദിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും കേരള ഫോക് ലോർ അക്കാദമി സെക്രട്ടറി എ.വി.അജയകുമാർ പറഞ്ഞു.
