സൂപ്പർ ബൗൾ സ്റ്റേഡിയത്തിന് മുന്നിൽ പ്രതിഷേധവുമായി റോ ഖന്ന; ഐസ് ഏജന്റുമാരെ പുറത്താക്കണമെന്ന് ആവശ്യം

കാലിഫോർണിയ:അമേരിക്കയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ‘സൂപ്പർ ബൗൾ’  നടക്കുമ്പോൾ, വിദേശികളെ വേട്ടയാടുന്ന ഇമിഗ്രേഷൻ ഏജൻസിക്ക് (ICE) എതിരെ പ്രതിഷേധവുമായി യു.എസ്. ജനപ്രതിനിധി റോ ഖന്ന രംഗത്തിറങ്ങി. കാലിഫോർണിയയിലെ സാന്താ ക്ലാരയിലുള്ള ലെവിസ് സ്റ്റേഡിയത്തിന് പുറത്താണ് അദ്ദേഹം പ്രതിഷേധക്കാർക്കൊപ്പം ചേർന്നത്.

ആഡംബരത്തിലിരുന്ന് കളി കാണുന്നതിന് പകരം തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ ആശങ്കകൾക്കൊപ്പം നിൽക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് സിലിക്കൺ വാലി എം.പിയായ റോ ഖന്ന പറഞ്ഞു.

കളി കാണാൻ എത്തുന്നവരിൽ നിന്നും വിദേശികളെ പിടികൂടാൻ ഐസ്  ഏജന്റുമാരെ വിന്യസിക്കുമെന്ന ട്രംപ് ഭരണകൂടത്തിന്റെ സൂചനകൾ പ്രദേശവാസികളിൽ വലിയ ഭീതിയുണ്ടാക്കിയിരുന്നു.

ഇമിഗ്രേഷൻ ഏജന്റുമാരെ ഭയന്ന് നിരവധി ആളുകൾ എം.പിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് സൂപ്പർ ബൗൾ ഞായറാഴ്ച തന്റെ ഓഫീസ് തുറന്നു പ്രവർത്തിപ്പിക്കാൻ അദ്ദേഹം നിർദ്ദേശം നൽകി.

“ICE Out” എന്നെഴുതിയ ബോർഡുകളുമായി പ്രതിഷേധക്കാർ സ്റ്റേഡിയത്തിന് പുറത്ത് അണിനിരന്നു. ഐസിന് പുതിയ ഫണ്ടുകൾ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്റ്റേഡിയത്തിൽ ഇമിഗ്രേഷൻ പരിശോധനകൾ ഉണ്ടാകില്ലെന്ന് എൻ.എഫ്.എൽ (NFL) സുരക്ഷാ വിഭാഗം അറിയിച്ചിരുന്നെങ്കിലും, ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ അവ്യക്തമായ മറുപടികളാണ് പ്രതിഷേധത്തിന് കാരണമായത്.

Leave a Comment

More News