മലയാളി അസ്സോസിയേഷന്‍ ഓഫ് ടാമ്പായുടെ (MAT) പ്രവര്‍ത്തനോദ്ഘാടനവും ഫാമിലി നൈറ്റും ഫെബ്രുവരി 28-ന്

ടാമ്പാ: മാതൃകാപരമായ പ്രവര്‍ത്തനമികവുകൊണ്ട് വളരെ ചുരുങ്ങിയ ഒരു കാലഘട്ടത്തിനുള്ളില്‍ത്തന്നെ, അമേരിക്കന്‍ മലയാളി സംഘടനകളുടെ മുന്‍നിരയിലെത്തിയ ‘മലയാളി അസ്സോസിയേഷന്‍ ഓഫ് ടാമ്പാ’യുടെ പ്രവര്‍ത്തനോദ്ഘാടനവും ഫാമിലി നൈറ്റും സംയുക്തമായി ഫെബ്രുവരി 28-നു ശനിയാഴ്ച നടത്തപ്പെടുന്നു.

വൈകുന്നേരം ആറുമണിയോടുകൂടി ക്നാനായ കമ്മ്യൂണിറ്റി സെന്‍ററില്‍ (2620 Washington Road, Valarico)ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ പ്രൗഢഗംഭീരമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായി പ്രസിഡണ്ട് ബിജോയ് ജോസഫ്, സെക്രട്ടറി ജെഫി ജോസഫ്, ട്രഷറര്‍ ബാബു വര്‍ക്കി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രസ്താവിച്ചു.

‘മാറ്റ്’ അസ്സോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും കൂടുതല്‍ ജനപ്രിയമാക്കുന്നതിനുമായി രൂപം കൊടുത്തിട്ടുള്ള”She MAT, MAT Youth Forum, MAT Cultural Forum’ എന്നീ സബ് കമ്മിറ്റികള്‍ ആഘോഷ പരിപാടികളില്‍ സജീവ പങ്കാളിത്തം വഹിക്കുന്നു.

ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് ഡോ. സൗമ്യ വിശ്വനാഥനാണ്. പതിനഞ്ച് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളും നൂറിലധികം അനുബന്ധ ആരോഗ്യ പരിപാലന കേന്ദ്രങ്ങളുമുള്ള Bay Care Medical Group ന്‍റെ Physician Executive- ചുമതല വഹിക്കുന്ന വനിതയാണ് ഡോ. സൗമ്യ വിശ്വനാഥ്. ആരോഗ്യരംഗത്ത് ക്രിയാത്മകമായ നൂതന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി, നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ എടുക്കുന്ന ചുമതലയാണ് ഡോ. സൗമ്യയ്ക്ക്.

അനേകം മെഡിക്കല്‍ പ്രൊഫഷനുകള്‍ സേവനമനുഷ്ഠിക്കുന്ന Bay Care Health System-ത്തിന്‍റെ സുപ്രധാന ചുമതല വഹിക്കുന്ന ഡോ. സൗമ്യ വിശ്വനാഥ് ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് തികച്ചും അഭിമാനകരമാണെന്ന് ഭാരവാഹികള്‍ പ്രസ്താവിച്ചു.
വിശിഷ്ടാതിഥിയായി എത്തുന്നത് ഇന്ത്യന്‍ സിനിമാ സംഗീത സംവിധായകനും ഗായകനുമായ ഗിരീഷ് നാരായണനാണ്. പാരമ്പര്യ ശാസ്ത്രീയ സംഗീതത്തെ, സമകാലിക സംഗീതവുമായി സംയോജിപ്പിച്ചുകൊണ്ട്, സംഗീതത്തിന്‍റെ ഒരു മാസ്മരിക ലോകം തീര്‍ക്കുന്ന ഗിരീഷ് നാരായണന്‍ മലയാളം, തമിഴ്, ഹിന്ദി സിനിമാരംഗത്തെ സജീവ സാന്നിദ്ധ്യമാണ്. സഹ്യാദ്രിയിലെ ചുവന്ന പൂക്കള്‍, ഹാപ്പി ഡര്‍ബാര്‍, പെരുമാള്‍, ക്ലിയോപാട്രാ, നാല്പതുകളിലെ പ്രണയം തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹത്തിന്‍റെ സംഗീത്യ സാന്നിദ്ധ്യമുണ്ട്.

ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്റ്റേജ്ഷോകളിലൂടെ സംഗീതപ്രേമികളുടെ മനംകവര്‍ന്ന ഗിരീഷ് നാരായണന്‍റെ സാന്നിദ്ധ്യം ‘മാറ്റിന്‍റെ’ ആഘോഷരാവിന് പത്തരമാറ്റ് മിഴിവേകുന്നു.

ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച്, കള്‍ച്ചറല്‍ ഫോറത്തിന്‍റെ നേതൃത്വത്തില്‍ പ്രാദേശിക യുവപ്രതിഭകളെ ഉള്‍പ്പെടുത്തി, വൈവിധ്യമാര്‍ന്ന വര്‍ണ്ണശബളമായ കലാപരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

ഫൈവ്സ്റ്റാര്‍ റേറ്റിംഗുള്ള ടാമ്പായിലെ “Curry Leaves Restaurent’ തയ്യാറാക്കുന്ന കേരളത്തനിമയുള്ള ഡിന്നറോടുകൂടി പരിപാടികള്‍ സമാപിക്കും.

മലയാളി അസ്സോസിയേഷന്‍റെ (MAT) ഈ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ഏവരേയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Leave a Comment

More News