സംഗീത നാടക അക്കാദമിയുടെ സംസ്ഥാന നാടക മത്സരത്തിൽ പങ്കെടുത്തുകൊണ്ട് അക്കാദമി ആസ്ഥാനമായ മോഡൽ റീജിയണൽ തീയറ്ററിൽ (തൃശൂർ) അവതരിപ്പിക്കുകയും ഏറ്റവും നല്ല നാടക രചനക്കുള്ളത് ഉൾപ്പടെ മൂന്ന് അവാർഡുകൾ നേടുകയും ചെയ്ത ‘ആലയം താവളം’ എന്ന എന്റെ നാടകത്തിന് തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലായി ഏതാനും ബുക്കിങ്ങുകൾ കിട്ടിയിരുന്നു. തൃശൂർ ജില്ലയിലെ അവതരണങ്ങളുടെ ഉത്‌ഘാടനം വെള്ളിക്കുളങ്ങരയിൽ വച്ച് നിർവഹിച്ചത് പ്രിയപ്പെട്ട നടൻ ശ്രീ മാള അരവിന്ദനായിരുന്നു.
അണിയറ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഞാൻ ഗ്രീൻ റൂമിൽ ആയിരിക്കുമ്പോൾ ഒരു വിശിഷ്ട അഥിതിഎന്നെ അന്വേഷിക്കുന്നു എന്നറിഞ്ഞു ഞാൻ ചെന്നു കണ്ടു.
വെളുത്തു സുമുഖനായ, കറുത്ത താടി രോമങ്ങളിൽ പകുതിലേറെയും വെള്ളിക്കമ്പികൾ ആയിത്തീർന്ന, കാവിമുണ്ടുടുത്തു മറ്റൊരു കാവിമുണ്ടു പുതച്ച, തോളത്തു തൂങ്ങുന്ന തടിച്ച തുണിസഞ്ചിയുമായി, ധാരാളമായ തന്റെ സുഹൃത്തക്കളെ ആലിംഗനം ചെയ്യുകയും, അതിന്റെ ആവേശത്തിൽ ചിലപ്പോഴൊക്കെ വീഴാൻ പോവുകയും ചെയ്യുന്ന ഒരു സുസ്‌മേരവദനനെയാണ് ഞാൻ കാണുന്നത്. “ഞാൻ സുരാസു” എന്ന് പറഞ്ഞ് അദ്ദേഹം എന്റെകൈ പിടിച്ചു കുലുക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം നാടക ജീനിയസ്സായ സുരാസുവാണെന്ന് ഞാനറിഞ്ഞിരുന്നു. എന്റെ നാടകം കാണണമെന്നുള്ള എന്റെ അപേക്ഷ തന്റെ തിരക്ക് മൂലം അദ്ദേഹം നിരാകരിച്ചുവെങ്കിലും, “കുറച്ചു നേരം കാണാം” എന്നാശ്വസിപ്പിച്ച് അദ്ദേഹമെന്നെ തിരിച്ചയച്ചു. (ഒന്നാം രംഗം തീരുന്നതു വരെ തറയിലിരുന്നു നാടകം കണ്ട അദ്ദേഹം അതിനു ശേഷം തന്റ സഞ്ചിയുമായി എങ്ങോ മറഞ്ഞു എന്ന് പിന്നീടറിഞ്ഞു)
മറ്റൊരു നാടക ജീനിയസ്സായ ശ്രീ സിവിക് ചന്ദ്രനെ ഞാൻ പരിചയപ്പെടുന്നതും, തൃശൂർ ജില്ലയിലെ തന്നെ മറ്റൊരു നാടകാവതരണ സ്ഥലത്തു ‘വച്ചായിരുന്നു. സംവിധായകൻ പോൾ കോട്ടിലിന്റെ സുഹൃത്തായിരുന്ന അദ്ദേഹം നാടകം കാണാൻ വന്നതാണ്. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ശ്രീ നവാബ് രാജേന്ദ്രൻ ആയിരുന്നുവോ എന്ന് സംശയമുണ്ട് ; ഉറപ്പില്ല.) ഞാൻ അദ്ദേഹത്തെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിക്കുമ്പോൾ, താൻ വിപ്ലവ നാടകമായ ‘പടയണി ‘ യുടെ പ്രവർത്തനത്തിലാണെന്നും, കഴിയുമെങ്കിൽ അതുമായിസഹകരിക്കണമെന്നും അഭ്യർത്ഥിച്ചുവെങ്കിലും, എനിക്ക് സാധിച്ചില്ല.)
എന്റെ നാടക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കർശനമായി ഞാൻ നടപ്പിലാക്കിയ ചിലനിയമങ്ങളുണ്ടായിരുന്നു. റിഹേഴ്സൽ ക്യാമ്പുകളിലോ, നാടകാവതരണ വേദികളിലോ മദ്യപിച്ചു കൊണ്ട്പങ്കെടുക്കരുത് എന്നതായിരുന്നു അതിലൊന്ന്. ക്യാമ്പിൽ പങ്കെടുക്കുന്ന സ്ത്രീകളോട് വാക്കിലും, നോക്കിലുംമാന്യത പുലർത്തണം എന്നുള്ളതായിരുന്നു മറ്റൊന്ന്. ഞാനുൾപ്പടെയുള്ള സാധാരണ മനുഷ്യർ ശീലങ്ങളുടെയും, ദൗർബല്യങ്ങളുടെയും അടിമകളാണ് എന്ന് സമ്മതിക്കുമ്പോൾ തന്നെ, ആ ശീലങ്ങൾ വിളവിറക്കുന്നതിനുള്ളനിലങ്ങളാക്കി പവിത്രമായ നാടക വേദിയെ ദുരുപയോഗപ്പെടുത്തരുത് എന്നതായിരുന്നു പ്രധാന നിബന്ധന.
സംഗീത നാടക അക്കാദമിയുടെ സംസ്ഥാന തല നാടക മത്സരങ്ങളിൽ പങ്കെടുത്തു കൊണ്ട് അടുത്തടുത്ത രണ്ടുടേമുകളിൽ പുരസ്‌ക്കാരങ്ങൾ നേടിയ അസ്ത്രം, ആലയം താവളം എന്നീ ‘ രണ്ടു നാടകങ്ങളുടെയും രചയിതാവ്ഞാൻ ആയിരുന്നത് കൊണ്ട് എന്റെ കർശനമായ നിയന്ത്രണവും, സ്വാധീനവും ട്രൂപ്പിന്മേൽ ഉണ്ടായിരുന്നു. അസ്ത്രം അവതരിപ്പിച്ച ‘ ജ്വാല ‘ യുടെ രക്ഷാധികാരി തന്നെ ഞാനായിരുന്നുവല്ലോ? ‘ അക്രോപോളീസ് ‘ തൃശൂരിലെ പിള്ളേർ രൂപീകരിച്ചതാണെങ്കിലും, എന്റെ നാടകങ്ങൾ അവതരിപ്പിച്ച സമയങ്ങളിൽ എല്ലാം ഞാൻതന്നെയായിരുന്നു അവസാന വാക്ക്. ആലയം താവളത്തിന്റെ അക്കാദമി അവതരണത്തിന് വേണ്ടിവന്നതുകയുടെ നല്ലൊരു ഭാഗം ചെലവഴിച്ചതും ഞാനായിരുന്നു.
( രണ്ടായിരത്തി അഞ്ഞൂറില്പരം വർഷങ്ങളായി, അതായത് ക്രിസ്തുവിനും അഞ്ഞൂറ് കൊല്ലങ്ങൾക്ക് മുമ്പ് മൂതൽ നിലനിൽക്കുന്ന നാടകം എന്ന ഈ കലാരൂപം പുരാതന ഗ്രീക്ക് സംസ്‌കൃതിയിൽ ദൈവാരാധനക്ക് വേണ്ടിക്ഷേത്രങ്ങളിൽ നേരിട്ട് സമർപ്പിക്കപ്പെട്ട നെവേദ്യങ്ങൾ ആയിരുന്നു എന്നതാണ് ചരിത്ര സത്യം. പുരാതനഭാരതീയ സംസ്‌കൃതിയിലും, മറ്റു ലോക സംസ്‌കൃതികളിലും ദൈവാരാധനയുടെ ഭാഗമായിട്ടോ, ദൈവീകപ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്നതിനോ, ദൈവ സാന്നിധ്യം അറിയിക്കുന്നതിനോ ഒക്കെവേണ്ടിയിട്ടായിരുന്നു നാടക അവതരണങ്ങൾ. പുരാതന ഗ്രീക്ക് നാടകങ്ങളുടെ രീതികളിൽ നിന്ന് പ്രചോദനംഉൾക്കൊണ്ട് രൂപപ്പെടുത്തിയിട്ടുള്ളതാണ് ഇന്നും പള്ളികളിൽ അവതരിപ്പിക്കപ്പെടുന്ന കുർബാന എന്ന കലാരൂപം. ക്രിസ്‌തുവിന്റെ ജീവിതവും, പ്രവർത്തികളും പ്രത്യേക വേദിയിൽ, പ്രത്യേക വേഷം ധരിച്ചു നിൽക്കുന്നപുരോഹിതൻ എന്ന അഭിനേതാവ്, സഹായികളുടെയും, കർട്ടന്റെയും, മറ്റ് ഉപകരണങ്ങളുടെയുംസഹായത്തോടെ അyഭിനയിച്ചു കാണിക്കുക എന്നതാണല്ലോ അവിടെ നടക്കുന്നത്.
മനുഷ്യ വംശ ചരിത്രത്തിലെ എത്രയോ പ്രതിഭാ ശാലികൾ ഈ കലാരൂപവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു.? ഭാരതതീയാചാര്യന്മാരായ ഭാസനും, കാളിദാസനും മാത്രമല്ലാ, പാശ്ചാത്യ ദേശങ്ങളിൽ നിന്നുള്ള സോഫോക്ളീസും, യൂറിപ്പിഡീസും, യെസ് കൈലസും, അരിസ്റ്റോഫനീസും മുതൽ ഷേക്സ്പിയറും ഇബ്‌സണും, ബർണാഡ്ഷായും ബ്രഷ്‌തും, സാമുവൽ ബക്കറ്റും, വരെയുള്ള മഹാ രഥന്മാർ നടന്നു പോയ വഴിയിലൂടെയാണ്ഓരോ നാടക പ്രവർത്തകനും നടക്കുന്നത് എന്ന ഒരു അവബോധം ഞാൻ മനസ്സിൽ സൂക്ഷിച്ചിരുന്നുഎന്നതിനാലാവാം, പിള്ളേര് കളിക്കുള്ള ഒരു തമാശക്കളമായി നാടക വേദിയെ കാണാൻ എനിക്ക് കഴിയാതെപോയത് എന്നാണു ഞാൻ സ്വയം ആശ്വസിക്കുന്നത്.
ഏതൊരു കാലഘട്ടങ്ങളിലെയും നാടകങ്ങൾക്ക് സമകാലീന ജീവിത പരിസരങ്ങളിൽ കാതലായ മാറ്റങ്ങൾക്കു കാരണമായിത്തീരാൻ സാധിക്കുമെന്നതു കൊണ്ട് , നമ്മുടെ നാടക പരിസരങ്ങൾ ജീവിത വിശുദ്ധി വിളയാടുന്ന സമർപ്പണ വേദികൾ ആയിരിക്കണമെന്ന് ഞാൻ നിഷ്‌കർഷിച്ചിരുന്നത് എന്റെ സബോർഡിനേറ്റുകൾ അക്ഷരം പ്രതി പാലിച്ചിരുന്നു എന്ന സത്യം അവരോടുള്ള എല്ലാ സ്നേഹാദരവുകളോടെയും ഇവിടെ അനുസ്മരിക്കുന്നു. എന്റെ പെരുമാറ്റത്തിൽ ഉണ്ടായേക്കാവുന്ന ചെറിയ പാളിച്ചകൾ പോലും നിയമത്തിന്റെ ഈ നൂൽച്ചരട് പൊട്ടിച്ചുകളഞ്ഞേക്കാം എന്ന തിരിച്ചറിവോടെ വളരെ കരുതലോടെയാണ് ഞാനും പെരുമാറിയിരുന്നത്. ഇതുമൂലമാവാം, അനിർവചനീയമായ ഒരു സുഹൃത് ബന്ധവും, കൂട്ടായ്മയും, കെട്ടുറപ്പും ഞങ്ങളുടെ സമിതികളിൽ നിലനിന്നിരുന്നു.
മദ്ധ്യ കേരളത്തിലെ നാടക പ്രവർത്തകർക്ക് ഗുരൂ തുല്യനായിരുന്ന ശ്രീ ആർ.സി. ബാലൻ ഞങ്ങളോടൊപ്പം സഹകരിച്ചു പ്രവർത്തിച്ചിരുന്നു. ശബ്ദവും വെളിച്ചവും സെറ്റും മ്യൂസിക്കും ബാലന്റെ ചുമതലയിൽ ആയിരുന്നു.
നാടകാവതരണങ്ങൾ നന്നായി നടക്കുന്ന കാലത്ത് പണം പങ്കു വയ്‌ക്കുന്നതിനെക്കുറിച്ചുള്ള ബാലന്റെ ചിലനിർദ്ദേശങ്ങൾ വന്നു. ആയിരം രൂപയാണ് ഒരു നാടക അവതരണത്തിന് ഞങ്ങൾക്ക് കിട്ടിയിരുന്നത്. അതിൽ സെറ്റ്, മേക്കപ്പ്, ലൈറ്റ് ആൻഡ് സൗണ്ട്, മ്യൂസിക്, ലേഡീസ്, എന്നിവയുടെ നിശ്ചിത നിരക്കുകൾ കഴിച്ചു ബാക്കി വരുന്നതിൽ മൂക്കന് എഴുപത്തി അഞ്ച്, തൊടുപുഴയിലെയും, തൃശൂർ സൈഡിലേയും മുൻപരിചയമുള്ളവർക്ക്അൻപതു വീതം, തൃശൂരിൽ നിന്നുള്ള പുതു മുഖങ്ങൾ ആയിട്ടുള്ളവർക്ക് ഇരപത്തി അഞ്ചു വീതം. ഇതായിരുന്നുനിരക്ക്. എല്ലാം കൊടുത്തു കഴിയുമ്പോൾ എനിക്കും കിട്ടിയിരുന്നു നൂറു രൂപ.
ബാലന്റെ പുതിയ നിർദ്ദേശത്തിൽ മൂക്കന് നൂറു രൂപയും, തൊടുപുഴ സൈഡിലുള്ള മറ്റുള്ളവർക്ക് എഴുപത്തിഅഞ്ചു രൂപ വീതവും വേണം എന്ന ആവശ്യം വന്നു. അങ്ങിനെ കൊടുത്താൽ തൃശൂരിൽ നിന്നുള്ളവർക്ക് ഒന്നുംതന്നെ കിട്ടാതെ വരും എന്ന എന്റെ വാദം ബാലൻ തള്ളി. തൊടുപുഴയിലുള്ളവർ പ്രൊഫഷണലുകൾ ആണെന്നും, പുതുമുഖങ്ങൾക്ക് അവസരം കിട്ടുന്നതാണ് വലിയ കാര്യം എന്നുമാണ് ബാലന്റെ പക്ഷം. ഇത് സമ്മതിക്കാൻസാധ്യമല്ലെന്നു ഞാൻ പറഞ്ഞതോടെ ടീമിന്റെ കെട്ടുറപ്പിൽ ഒരു വിള്ളൽ വീഴുകയും ക്രമേണ അത് വളർന്ന്സമിതീയുടെ തന്നെ തകർച്ചക്ക് കാരണമാവുകയും ചെയ്തു.
കിട്ടിയ ബുക്കിങ്ങുകളിൽ രണ്ടെണ്ണം കൂടി ബാക്കിയുണ്ട്. ചാലക്കുടി കലാ ഫൈൻ ആർട്സ് സൊസൈറ്റിയുടേതാണ് ഒന്ന്. രണ്ടാമത്തേത് തൊടുപുഴ ടൌൺ ഹാളിൽ ബാലന്റെ സുഹൃത്തും, പിൽക്കാലത്ത്സിനിമാ അഭിനയത്തിൽ എത്തിപ്പെട്ട ആളുമായ ശ്രീ ആന്റണി മാത്യു കോൺട്രാക്ട് ചെയ്തിട്ടുള്ളത്.
(വർഷങ്ങൾക്ക് ശേഷം എന്നോടൊപ്പം ശ്രീ ആന്റണി മാത്യുവും കൂടി പേട്രൺ പാനലിൽ ഉൾപ്പെട്ട ‘ ഉത്സവ് ‘ എന്നസാംസ്കാരിക സംഘടനയുടെ പരിപാടിയായി ‘ ‘ജ്യോതിർഗമയ ‘ എന്ന എന്റെ നാടകം ന്യൂ യോർക്കിൽഫ്ളഷിങ്ങിലെ ഹിന്ദു ടെമ്പിൾ ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ചപ്പോൾ ശ്രീ ആന്റണി മാത്യു ആയിരുന്നു സംവിധായകൻ )
ചാലക്കുടി കലയിൽ വച്ച് അക്കാദമി അവാർഡ് വിന്നേഴ്‌സ് എന്ന നിലയിൽ എനിക്കും, മൂക്കനും, കമലത്തിനും സ്വീകരണവും ഒരുക്കിയിട്ടുണ്ട്. അതിനു ശേഷമാണ് നാടകം. ഞാനുൾപ്പടെ തെക്കൻ ഭാഗത്തു നിന്നുള്ളവർ ബസ്സിലാണ് സ്ഥലത്തെത്തിയത്.
ചാലക്കുടി കലാ ഓഡിറ്റോറിയത്തിന്റെ കസ്റ്റോഡിയൻ ആയി പ്രവർത്തിക്കുന്ന അറുപതിനും, എഴുപതിനുംഇടയിൽ പ്രായമുള്ള ഒരു റപ്പായിച്ചേട്ടൻ എന്നെ വിടാതെ പിന്തുടരുകയാണ്. ഞാൻ നോക്കുമ്പോൾ ആൾ ഒന്ന്പുഞ്ചിരിക്കുകയും, വലതു കൈത്തലം തലയോളം ഉയർത്തി ഒന്ന് അഭിവാദ്യം ചെയ്യുകയും ചെയ്യും. പല തവണ ഇതാവർത്തിച്ചപ്പോൾ എനിക്കും ജിജ്ഞാസയായി. കാരണം അന്വേഷിച്ചപ്പോൾ വെള്ളിക്കുളങ്ങരയിൽ വച്ച്അദ്ദേഹം നാടകം കണ്ടിരുന്നുവെന്നും, ചാലക്കുടി കലയിൽ അക്കാലത്ത് അവതരിപ്പിച്ച എല്ലാ പ്രൊഫഷണൽ നാടകങ്ങളും താൻ കണ്ടിട്ടുണ്ടെന്നും, ഇത് പോലൊരു നാടകം ജീവിതത്തിൽ ആദ്യം കാണുകയാണെന്നും, ഇതെഴുതിയ എന്റെ കാൽ തൊട്ടു നിറുകയിൽ വയ്ക്കണം എന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.
ശരിക്കും ഞാൻ നാണിച്ചു പോയി. എന്റെ വല്യാപ്പനാവാൻ പ്രായമുള്ള ഒരാൾ. അദ്ദേഹത്തിന് എന്റെ കാൽ തൊട്ടുനിറുകയിൽ വയ്‌ക്കണമത്രേ ! എന്റെ എല്ലാ എതിർപ്പുകളെയും അവഗണിച്ചു കൊണ്ട് അദ്ദേഹം എന്റെ കാൽതൊട്ടു നിറുകയിൽ വച്ചു. ഞെട്ടിത്തെറിച്ചു പോയ ഞാൻ ഉടൻ തന്നെ അദ്ദേഹത്തിന്റെ കാൽ തൊട്ട് എന്റെനെറുകയിലും വച്ചു. ഈ മനുഷ്യന് വട്ടായിരിക്കും എന്നാണ് കരുതിയത്. എന്നാൽ പിന്നീടുള്ളഅന്വേഷണത്തിൽ അദ്ദേഹം ഒരു വലിയ വീട്ടിലെ അംഗമായിരുന്നുവെന്നും, വിവാഹം കഴിക്കാഞ്ഞതിനാൽഒറ്റയ്‌ക്ക് ജീവിക്കുകയാണെന്നും, തനിക്കു നല്ലതെന്ന് തോന്നുന്ന എല്ലാറ്റിനെയും ആരാധിച്ചുനടക്കുന്നയാളാണെന്നും, ഇപ്പോൾ ‘ കല ‘ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ജീവാത്മാവായിപ്രവർത്തിക്കുകയാണെന്നും, തനിക്കു ബഹുമാനം തോന്നുന്നവരോട് ഇതാണ് പെരുമാറ്റ രീതി എന്നുംമനസ്സിലായി.
കലാ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ചെറിയ സ്വീകരണ യോഗത്തിൽ എല്ലാവർക്കും വേണ്ടി നന്ദി പറഞ്ഞത് ഞാനായിരുന്നു. കലയുടെ ഉപഹാരമായി ഓരോ പൂച്ചെണ്ട് ഞങ്ങൾക്ക് കിട്ടി. യോഗാനന്തരം നടന്നനാടകാവതരണം നല്ല വിജയമായിരുന്നു. അതിരാവിലെയുള്ള ഒരു തിരുവനന്തപുരം ഫാസ്റ്റിനാണ് ഞങ്ങൾമടങ്ങിപ്പോന്നത്. ബസ്സിൽ അൽപ്പം തിരക്കുണ്ടായിരുന്നു. കമലക്കും, ശോഭക്കുമായി ഒരു സീറ്റു തരപ്പെട്ടു . ഞാൻഎത്ര നിരസിച്ചിട്ടും ബാലൻ നിർബന്ധിച്ചു ബലമായി ആ പെൺകുട്ടികളുടെ നടുവിൽ എന്നെ പിടിച്ചിരുത്തി. മറ്റൊരു സീറ്റിലേക്ക് മാറിയിരിക്കുവാനുള്ള എന്റെ ശ്രമങ്ങളെ ബാലൻ മനപ്പൂർവം തടസ്സപ്പെടുത്തി.
രണ്ടു പേർക്കുള്ള ഒരു സീറ്റിൽ യുവതികളും, സുന്ദരികളുമായ രണ്ടു പെൺകുട്ടികളുടെ നടുവിൽ യുവാവായ ഞാൻ. സൂപ്പർ ഫാസ്‌റ്റിന്റെ അതിവേതയിലുള്ള ഓട്ടം. ആ ഓട്ടത്തിൽ ഉലയുന്ന ബസ്സിന്റെ താളത്തിനൊപ്പം ആരും കൊതിച്ചു പോകുന്ന ശോഭയുടെ അംഗ ലാവണ്യം എന്റെ ശരീരത്തിൽ നൃത്തം വയ്ക്കുന്നത് ഞാനറിയുന്നുണ്ട്. ഞാൻ നടപ്പിലാക്കിയ നിയമങ്ങളോട് ഞാൻ എങ്ങിനെ പ്രതികരിക്കുന്നു എന്ന് നിരീക്ഷിക്കാനാണ് ബാലൻ ഇത്ചെയ്തത് എന്ന് എനിക്ക് മനസ്സിലായി. എന്റെ വ്യക്തിഗത ബലഹീനതകൾ വിളവിറക്കാനുള്ള വേദിയല്ല നാടകം എന്ന് മുന്നമേ തിരിച്ചറിഞ്ഞു നടപ്പിലാക്കിയിരുന്ന ഞാൻ തികഞ്ഞ മാന്യതയോടെ ആ പെൺകുട്ടികൾക്ക് നടുവിലിരുന്നു യാത്ര ചെയ്‌ത് മൂവാറ്റുപുഴയിലെ ട്രാൻസ്‌പോർട്ട് ബസ് സ്റ്റാൻഡിലിറങ്ങി വീട്ടിൽപ്പോന്നു.
ഒരാഴ്ച കഴിഞ്ഞപ്പോൾ ഇരുപത് വയസ്സുകാരിയും, അതിസുന്ദരിയുമായ ശോഭയുടെ ഒരു കത്ത് എനിക്ക് കിട്ടി. ആകത്തിൽ ശോഭക്ക് എന്നോട് പ്രണയമാണെന്നും, എന്നോടൊത്തു ജീവിക്കാൻ വലിയ ആഗ്രഹമുണ്ടെന്നും, ഞാൻ വിവാഹിതനാണ് എന്നത് ഒരു പ്രശ്‌നമല്ലെന്നും, അവളുടെ മാതാപിതാക്കളെ ഏക മകളായ അവൾ സമ്മതിപ്പിച്ചുകൊള്ളാമെന്നും, എത്രയും വേഗം പാലായിലെത്തി അവളെ കാണണം എന്നുമായിരുന്നു കത്ത്.
സത്യം പറഞ്ഞാൽ എന്റെ ഹൃദയം പിടയുക തന്നെ ചെയ്തു. നാടകം മുഖാന്തിരം ബന്ധപ്പെട്ട ഒരു പെൺകുട്ടി അല്ലായിരുന്നു ശോഭയെങ്കിൽ ഒരുപക്ഷെ ഞാൻ പാലായ്‌ക്ക് പോയി അവളെ സന്ധിക്കുമായിരുന്നു എന്നാണ് അന്നും, ഇന്നും എനിക്ക് തോന്നുന്നത്. നാടകം ഒരു വിശുദ്ധ വേദിയായി കണക്കാക്കുന്ന ഞാൻ ആ വേദി സ്വന്തം സ്വാർത്ഥതക്ക് വേണ്ടി ദുരുപയോഗപ്പെടുത്തുകയില്ല എന്ന എന്റെ തീരുമാനത്തിൽ ഉറച്ചു നിന്ന് കൊണ്ട് ആ വഴിപോയില്ല.
തൊടുപുഴ ടൗൺ ഹാളിലെ അവതരണത്തിനായി വിളിക്കുമ്പോൾ ഇനി തൻ വരുന്നില്ലെന്ന് ശോഭ തീർത്ത്പറഞ്ഞു. മറ്റാരും ഒന്നും അറിഞ്ഞില്ലെങ്കിലും എത്രമാത്രം ആഴത്തിലുള്ള ഒരു പ്രണയമാണ് ആ കിളുന്ത്പെൺകുട്ടിക്ക് എന്നോട് ഉണ്ടായിരുന്നതെന്നും അത് നിരസിക്കപ്പെട്ടപ്പോൾ എത്ര വലിയ പ്രാണ വേദനയാണ്അവൾ അനുഭവിച്ചതെന്നും നിസ്സഹായതയോടെ ഞാൻ മനസ്സിലാക്കിയിരുന്നു.
ഇവിടെ ഒന്ന് പറയാം.
പ്രണയം ഒരു പ്രാണവേദന തന്നെയാണ്.. സാമൂഹ്യാവസ്ഥയുടെ അഴിക്കൂടുകളിൽ വികാരങ്ങളുടെ മനയോലകൊറിച്ചു മോഹങ്ങൾക്ക് പതം വരുത്തി മാന്യതയുടെ സുരക്ഷിതപ്പുതപ്പ് വാരിചുറ്റി ജീവിക്കുന്ന കൂട്ടിലിട്ട തത്തകളെപ്പോലെയാണ് മനുഷ്യർ. അവരിൽ ഒരാൾ മാത്രമാണ് ഞാനും.
* ‘പാടുന്നു പാഴ്മുളം തണ്ട് പോലെ‘ എന്ന അനുഭവക്കുറിപ്പുകളിൽ നിന്ന്.
