മസ്തിഷ്ക മരണം സംഭവിച്ച പിഞ്ചു പൈതല്‍ ആലിൻ ഷെറിന്‍ എബ്രഹാമിന്റെ അവയവങ്ങള്‍ ദാനം ചെയ്തു

കൊച്ചി: മസ്തിഷ്‌ക മരണം സംഭവിച്ച, വെറും പത്ത് മാസം പ്രായമുള്ള പിഞ്ചു പൈതല്‍ ആലിൻ ഷെറിന്‍ എബ്രഹാമിന്റെ അവയവങ്ങള്‍ ദാനം ചെയ്തതോടെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആ കുഞ്ഞ് മാറി.

എറണാകുളം അമൃത ആശുപത്രിയിൽ വെച്ചാണ് ആലിൻ ഷെറിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റെയും ഷെറിന്റെയും മകളാണ് ആലിൻ ഷെറിൻ എബ്രഹാം. വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.

രണ്ട് വൃക്കകൾ തിരുവനന്തപുരം എസ്എടി (SAT) ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാർഡിൽ ചികിത്സയിലുള്ള 10 വയസ്സുകാരിക്കാണ് നൽകുന്നത്. ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീചിത്രയിൽ ചികിത്സയിലുള്ള കുഞ്ഞിന് നല്‍കും. ഇതിനായുള്ള ക്രോസ് മാച്ചിങ് ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. കുഞ്ഞിൻ്റെ കരൾ നൽകുന്നത് തിരുവനന്തപുരം കിംസ് (KIMS) ആശുപത്രിയിൽ ചികിത്സയിലുള്ള ആറു മാസം പ്രായമുള്ള കുഞ്ഞിനാണ്. മരണാനന്തര അവയവദാനത്തിൽ കരൾ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞാണ് അലിന്റെ കരൾ സ്വീകരിക്കുന്നത്. നേത്രപടലങ്ങൾ കൊച്ചി അമൃത ആശുപത്രിയിലെ രോഗികൾക്ക് നൽകും. നാല് കുരുന്നുകൾക്ക് പുതുജീവൻ നൽകിയാണ് ആലിൻ യാത്രയാകുന്നത്.

ഫെബ്രുവരി അഞ്ചാം തീയതിയാണ് കുഞ്ഞിന് അപകടം സംഭവിച്ചത്. കോട്ടയത്തുനിന്ന് തിരുവല്ലയിലേക്ക് എംസി റോഡ് വഴി പോകുമ്പോൾ പള്ളം ബോർമ കവല ജംഗ്ഷന് സമീപം വച്ചായിരുന്നു അപകടം. മാതാപിതാക്കളും ഈ സമയം വാഹനത്തിൽ ഉണ്ടായിരുന്നു. അപകടത്തെത്തുടർന്ന് ബോധം തൽക്ഷണം നഷ്ടപ്പെട്ട കുഞ്ഞിനെ ഉടൻതന്നെ ചങ്ങനാശേരിയിലുള്ള ജനറൽ ആശുപത്രിയിലും തുടർന്ന് ചികിത്സയ്ക്കായി ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയായ സെൻ്റ് തോമസിലേക്കും മാറ്റി. അവിടെ പീഡിയാട്രിക് ഐസിയു സൗകര്യം ഇല്ലാത്തതിനാൽ കുട്ടിയെ തിരുവല്ലയിലെ ബിലീവേഴ്സ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.

ബിലീവേഴ്സ് ഹോസ്പിറ്റലിൽ എത്തിച്ച് ചികിത്സ ആരംഭിച്ചെങ്കിലും ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായില്ല. തുടർന്ന് ഫെബ്രുവരി ആറാം തീയതി രാത്രി 11.30ഓടെ കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചു. ഒരാഴ്ചയായി അവിടെ ചികിത്സയിലായിരുന്നു. വിദഗ്ധരായ ഡോക്ടർമാരുടെ സംഘം പരമാവധി പരിശ്രമിച്ചുവെങ്കിലും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായില്ല. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധരായത്.

അവയവങ്ങൾ എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരം 6.30ഓടെ എറണാകുളം അമൃത ആശുപത്രിയിൽനിന്ന് പ്രത്യേക ആംബുലൻസുകളിൽ പൊലീസിൻ്റെ സഹായത്തോടെ തിരുവനന്തപുരത്തേക്ക് തിരിക്കും. റോഡ് മാർഗം അവയവങ്ങൾ തിരുവനന്തപുരത്തേക്ക് എത്തിക്കുന്നതിനാൽ എല്ലാ ജില്ലകളിലും ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ കെ-സോട്ടോ അധികൃതർ ജില്ലാ പൊലീസ് മേധാവിമാരോടും മറ്റ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രീൻ ചാനൽ ഒരുക്കിയാണ് അവയവങ്ങൾ എത്തിക്കുന്നത്.

Leave a Comment

More News