2026 ഫെബ്രുവരി മാസം ക്രൈസ്തവലോകം വലിയ നോമ്പിലേക്ക് (അന്‍പതു നോമ്പ്) പ്രവേശിക്കുകയാണ്. ഫെബ്രുവരിയില്‍ എന്നു മുതലാണു നോമ്പാചരണം തുടങ്ങുന്നത് എന്ന കാര്യത്തില്‍ പാശ്ചാത്യ ക്രൈസ്തവ സഭകളുടെയും, പൗരസ്ത്യ സഭകളുടെയും പാരമ്പര്യങ്ങളില്‍ വ്യത്യാസം ഉണ്ടെന്നുമാത്രം. പേതൃത്താ ഞായറാഴ്ച്ച (ഈ വര്‍ഷം ഫെബ്രുവരി 15) അര്‍ദ്ധരാത്രി മുതല്‍ നോണ്‍ സ്റ്റോപ്പായി ഈസ്റ്റര്‍ വരെ എല്ലാ ഞായറാഴ്ച്ചകളും ഉള്‍പ്പെടെ പൗരസ്ത്യ സുറിയാനി ക്രിസ്ത്യാനികള്‍ (സെ. തോമസ് ക്രിസ്റ്റ്യന്‍സ്) അമ്പതു ദിവസത്തെ നോമ്പാചരിക്കുമ്പോള്‍ റോമന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യ ക്രൈസ്തവര്‍ വിഭൂതി ബുധന്‍ മുതല്‍ പെസഹാവ്യാഴം വരെ ഇടക്കു വരുന്ന ഞായറാഴ്ച്ചകള്‍ ഒഴിവാക്കി 40 ദിവസത്തെ നോമ്പാചരിക്കുന്നു.

പേതൃത്താ ആഘോഷത്തിന്‍റെ ഏറ്റവും പ്രധാന ഹൈലൈറ്റ് അരിപ്പൊടി, തേങ്ങാപാല്‍ മുതലായ സാധനങ്ങള്‍ ചേര്‍ത്ത് പ്രത്യേകമായി തയാറാക്കുന്ന പിടിയും (rice balls in thick sauce), തേങ്ങാ വറുത്തരച്ചു വച്ച കോഴിക്കറിയും കൂട്ടിയുള്ള വിഭവസമൃദ്ധമായ സദ്യയാണു. പുതുതലമുറക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ഈ വിഭവങ്ങള്‍ സുറിയാനി ക്രിസ്ത്യാനികളുടെ പേതൃത്താ ആഘോഷത്തിന്‍റെ പ്രത്യേകതയായിരുന്നു.
ഫെബ്രുവരി 17 ചൊവ്വാഴ്ച്ച പാശ്ചാത്യ ക്രൈസ്തവ പാരമ്പര്യത്തില്‍ ഫാറ്റ് റ്റ്യൂസ്ഡേ (Fat Tuesday) ആയി ആഘോഷിക്കപ്പെടുന്നു. 40 ദിവസത്തെ വലിയനോമ്പു തുടങ്ങുന്ന വിഭൂതിബുധനു (Ash Wednesday) തൊട്ടുമുന്‍പുവരുന്ന ചൊവ്വാഴ്ച്ചയെ ആണു ഫാറ്റ് റ്റ്യൂസ്ഡേ (Fat Tuesday) അഥവാ ഷ്രോവ് റ്റ്യൂസ്ഡേ (Shrove Tuesday) എന്നു വിളിക്കുന്നത്. ഫ്രഞ്ച് കത്തോലിക്കരുടെ ആചാരമനുസരിച്ച് ഇത് മാര്‍ഡിഗ്രാ (Mardi Gras) എന്നറിയപ്പെടുന്നു. ചില സ്ഥലങ്ങളില്‍ പാന്‍ കേക്ക് ട്യുസ്ഡേ (pan cake
Tuesday)എന്നും ഇതിനു വിളിപ്പേരുണ്ട്.
എന്താണി ഫാറ്റ് റ്റ്യൂസ്ഡേ ആഘോഷം. പൗരസ്ത്യ സുറിയാനികത്തോലിക്കരുടെ പേത്രത്ത ആഘോഷമാണു പാശ്ചാത്യ ക്രൈസ്തവരുടെ ഫാറ്റ് റ്റ്യൂസ്ഡേ. ഈസ്റ്ററിന്‍റെ തിയതി ഓരോ വര്‍ഷവും മാറി വരുന്നതിനാല്‍ അതിനോടു നേരിട്ടു ബന്ധപ്പെട്ടിരിക്കുന്ന പേത്രത്ത, ഫാറ്റ് റ്റ്യൂസ്ഡേ എന്നിവയുടെ തിയതിയും സ്ഥിരമല്ല.
പൗരസ്ത്യസുറിയാനി ക്രിസ്ത്യാനികളുടെ പാരമ്പര്യമനുസരിച്ച് 50 ദിവസത്തെ വലിയനോമ്പു തുടങ്ങുന്ന തിങ്കളാഴ്ച്ചക്കു മുന്‍പുവരുന്ന ഞായറാഴ്ച്ചയാണു (ഈ വര്‍ഷം ഫെബ്രുവരി 15 ഞായറാഴ്ച്ച) പേത്രത്താ ആഘോഷിക്കുന്നത്. പൗരസ്ത്യസുറിയാനി ക്രിസ്ത്യാനികള്‍ നോമ്പിന്‍റെ 50 ദിനങ്ങളിലും മാംസവും, മല്‍സ്യവും, മൃഗകൊഴുപ്പുകളും, ഉപേക്ഷിക്കുന്നതിനാല്‍ അതിനുള്ള തയാറെടുപ്പായി നോമ്പില്‍ വിലക്കപ്പെട്ട ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വയറുനിറച്ച് കഴിച്ച് പിറ്റേദിവസം മുതല്‍ നോമ്പാചരണത്തിനു തയാറെടുക്കുന്നു. കൊഴുപ്പു കൂടുതലുള്ള ഭക്ഷണപദാര്‍ത്ഥങ്ങളായ മുട്ട, വെണ്ണ, മാംസം എന്നിവ വീട്ടില്‍ സ്റ്റോക്കുള്ളതു മുഴുവന്‍ നോമ്പിനുമുന്‍പായി കഴിച്ചു തീര്‍ക്കുകയാണു ഫാറ്റ് റ്റ്യൂസ്ഡേ ആഘോഷത്തിലൂടെ പാശ്ചാത്യര്‍ ലക്ഷ്യമിടുന്നത്.
അമേരിക്കയില്‍ തെക്കന്‍ ലൂസിയാനയിലെ ന്യൂഓര്‍ലിയന്‍സ് കേന്ദ്രമായി നടക്കുന്ന മാര്‍ഡിഗ്രാസ് ഉല്‍സവം ഫ്രഞ്ച് പാരമ്പര്യത്തിലുള്ള ക്രൈസ്തവരുടെ പേത്രത്ത ആഘോഷമെന്നു പറയാം. വിലപിടിപ്പുള്ള ബഹുവര്‍ണകോസ്റ്റ്യൂമുകളും, മാസ്കുകളും അണിഞ്ഞുള്ള പരേഡ്, ഫെയിസ് പെയിന്‍റിങ്ങ്, കാര്‍ണിവല്‍, വിവിധ ഫുഡ് സ്റ്റാളുകള്‍ എന്നിവ മാര്‍ഡി ഗ്രാസ് ഉല്‍സവത്തിന്‍റെ പ്രത്യേകതകളാണു. ന്യൂഓര്‍ലിയന്‍സ് കൂടാതെ ടെക്സസിലെ ഗാല്‍വസ്റ്റണ്‍, ഫ്ളോറിഡായിലെ പെന്‍സക്കോള, കാലിഫോര്‍ണിയായിലെ സാന്‍ഡിയാഗോ, അലബാമയിലെ മൊബീല്‍ എന്നിവിടങ്ങളിലും ഫാറ്റ് റ്റ്യൂസ്ഡേ ആഘോഷം വലിയരീതിയില്‍ തന്നെ നടത്താറുണ്ട്.
യു. എസ്. കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സിന്‍റെ നിര്‍ദ്ദേശമനുസരിച്ച്, 18 വയസുമുതല്‍ 59 വയസുവരെയുള്ള കത്തോലിക്കാ വിശ്വാസികള്‍ വിഭൂതിബുധനാഴ്ച്ചയും, ദുഖവെള്ളിയാഴ്ച്ചയും ഉപവാസത്തിനും, മാംസവര്‍ജ്ജനത്തിനും കടപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ നോമ്പിലെ എല്ലാ വെള്ളിയാഴ്ച്ചകളിലും മാംസാഹാരം ത്യജിക്കാന്‍ 14 വയസിനുമുകളിലുള്ള എല്ലാ കത്തോലിക്കര്‍ക്കും കടമയുണ്ട്. എന്നാല്‍ വയസുനിബന്ധനക്കുപരി ഭിന്നശേഷിക്കാര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ഗുരുതരമായ രോഗാവസ്ഥയിലുള്ളവര്‍ എന്നിവരെ ഈ നിബന്ധനകളില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ലത്തീന്‍ ആരാധനാവല്‍സരമനുസരിച്ച് വിഭൂതിബുധനായ ഫെബ്രുവരി 18 നാണ് നോമ്പാരംഭിക്കുന്നത്. മണ്ണില്‍നിന്നും സ്രൂഷ്ടിക്കപ്പെട്ട മര്‍ത്യര്‍ മണ്ണിലേക്കുതന്നെ മടങ്ങുമെന്നുള്ള തിരുവചനങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് നെറ്റിയില്‍ ചാരംകൊണ്ടുള്ള കുരിശുവരച്ചും, അനുതാപത്തിന്‍റെ അടയാളമായി പരുക്കന്‍ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടും നോമ്പിനെ സ്വജീവിതത്തിലേക്ക് സ്വീകരിക്കുന്നു. ഏകദിന ഉപവാസം (ഒരിക്കല്‍ അഥവാ ഒരുനേരം), മൂന്നു നോമ്പ്, എട്ടു നോമ്പ്, ഇരുപത്തിയഞ്ചു നോമ്പ്, നാല്‍പ്പത് നോമ്പ്, അന്‍പതു നോമ്പ് എന്നിങ്ങനെ വിവിധ കാലയളവിലേക്കുള്ള നോമ്പുകള്‍ ആദിമ കാലം മുതല്‍ സഭാമക്കള്‍ ആചരിച്ചു വരുന്നുണ്ട്. ക്രൈസ്തവേതര മതങ്ങളും വിവിധ തരത്തിലൂള്ള ഉപവാസരീതികള്‍ അനുശാസിക്കുന്നുണ്ട്. ഓരോ നോമ്പും ഒരു പ്രത്യേക ലക്ഷ്യത്തിനു വേണ്ടിയാണു ആചരിക്കുന്നത്. ശരീരത്തെയും, മനസിനെയും ശുദ്ധീകരിച്ച് ഈശ്വര സന്നിധിയിലേക്ക് കൂടുതല്‍ അടുക്കുക എന്നുള്ള ലക്ഷ്യസാക്ഷാല്‍ക്കാരമാണു എല്ലാ ഉപവാസങ്ങളുടെയും കാതല്‍.
