പി.എസ്.സി റാങ്ക് ജേതാക്കൾ തെരുവിൽ; മുഖ്യമന്ത്രിയുടെ ഗൺമാന് ‘ഔട്ട് ഓഫ് ടേൺ’; മെറിറ്റ് കൊല്ലപ്പെടുന്നു: കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള ആയിരക്കണക്കിന് യുവാക്കൾ നിയമനത്തിനായി വർഷങ്ങളായി കാത്തിരിക്കെ, മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറിന് പ്രത്യേക പദവി സൃഷ്ടിച്ച് ഔട്ട് ഓഫ് ടേൺ പ്രമോഷൻ നൽകിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് ഇടയാക്കി. മെറിറ്റ് അടിസ്ഥാനത്തിലുള്ള നിയമന സംവിധാനത്തെ അട്ടിമറിക്കുന്ന ഈ നീക്കം സർക്കാർ സംരക്ഷണത്തിൽ നടക്കുന്ന പിൻവാതിൽ നിയമനത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണെന്ന് കോൺഗ്രസ് നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ K C Venugopal ആരോപിച്ചു.

“വർഷങ്ങളോളം പഠിച്ച് പരീക്ഷ ജയിച്ചവർ തെരുവിലിറങ്ങി കാത്തിരിക്കുമ്പോൾ, അധികാരത്തിന് അടുത്തവർക്കായി ഒരു രാത്രികൊണ്ട് പദവികൾ സൃഷ്ടിക്കുന്നു. ഇത് മെറിറ്റിനോടുള്ള തുറന്ന വെല്ലുവിളിയാണ്. ഈ ഭരണത്തിൽ യുവജനങ്ങൾക്ക് ഉണ്ടായിരുന്ന നാമമാത്രമായ വിശ്വാസം പോലും തകർത്ത നടപടിയാണിത്,” വേണുഗോപാൽ കടുത്ത ഭാഷയിൽ പ്രതികരിച്ചു.

‘നവകേരള സദസ്’ ആക്രമണ വിവാദത്തിന്റെ നിഴൽ
2023-ലെ ‘നവകേരള സദസ്’ യാത്രയ്ക്കിടെ ആലപ്പുഴയിലും കണ്ണൂരിലും പ്രതിഷേധക്കാരെ വടി ഉപയോഗിച്ച് മർദിച്ച സംഭവത്തിൽ ഗൺമാൻ അനിൽകുമാറിനെതിരെ കേസെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. വി.ഐ.പി സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം, വാഹനമൊഴിഞ്ഞ് പ്രതിഷേധക്കാരെ നേരിടാൻ ഇറങ്ങുന്നത് ചട്ടലംഘനമാണെന്ന് മുൻ സുരക്ഷാ ഉദ്യോഗസ്ഥർ അന്ന് വിമർശിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ ‘ബ്ലൂ ബുക്ക്’ മാർഗനിർദ്ദേശങ്ങൾ പ്രകാരം, സംഘർഷസ്ഥലത്തിൽ നിന്ന് വി.ഐ.പി വാഹനത്തെ മാറ്റുന്നതാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ മുൻഗണന.

പ്രമോഷൻ വിവാദം: മെറിറ്റിന് മേൽ അധികാരം
ഇതിനിടെയാണ് പോലീസിൽ പുതിയതായി സൃഷ്ടിച്ച പ്രത്യേക പദവിയിലേക്ക് അനിൽകുമാർ ഉൾപ്പെടെ ഇരുപതുപേർക്കു ഔട്ട് ഓഫ് ടേൺ പ്രമോഷൻ നൽകിയെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽ ഒഴിവുകൾ നിലനിൽക്കുമ്പോഴും നിയമനം ലഭിക്കാതെ പല ലിസ്റ്റുകളും കാലഹരണപ്പെടുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

2023-ലെ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് നേടിയിട്ടും സർക്കാർ ജോലി ലഭിക്കാത്ത മലപ്പുറത്തുകാരി റഷീദയുടെ ദയനീയാവസ്ഥ അടുത്തിടെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. “പോസ്റ്റ് ഇല്ല എന്നാണ് പറയുന്നത്. സ്വന്തം പണവും സമയവും ചെലവഴിച്ചാണ് ഒന്നാം റാങ്ക് നേടിയത്. കാണുന്നവരെല്ലാം എന്തായി എന്ന് ചോദിക്കുമ്പോൾ അനുഭവിക്കുന്ന വേദന വേറെ,” റഷീദ പ്രതികരിച്ചു.

‘യുവതലമുറയോടുള്ള കൊടും വഞ്ചന’
പി.എസ്.സി റാങ്ക് ജേതാക്കൾ മുഖ്യമന്ത്രിയെയും രാഷ്ട്രീയ നേതാക്കളെയും ആവർത്തിച്ച് സമീപിച്ചിട്ടും നീതി ലഭിച്ചില്ലെന്ന് അവർ പറയുന്നു. “തിരുവനന്തപുരത്തേക്ക് എത്ര തവണ വണ്ടികയറിയെന്നതിന് കണക്കില്ല. പി.എസ്.സി ഓഫീസിൽ കയറിയിറങ്ങി. ഞങ്ങളുടെ മുഖം തന്നെ അവർക്കു പരിചിതമായിരിക്കണം. എന്നിട്ടും ഒന്നുമില്ല,” അവർ പറഞ്ഞു.

ഇത് കേരളത്തിലെ ഓരോ ഉദ്യോഗാർത്ഥിയുടെയും ഉള്ളുനീറ്റലാണെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. “പിൻവാതിൽ നിയമനങ്ങൾക്കും ധൂർത്തിനും പിആർ വർക്കുകൾക്കും കോടികൾ ഒഴുക്കുന്ന സർക്കാർ, അർഹരായവർക്ക് നിയമനം നൽകാൻ മാത്രം സാമ്പത്തിക പ്രതിസന്ധി പറയുന്നത് യുവതലമുറയോടുള്ള കൊടും വഞ്ചനയാണ്. അർഹരായവർക്ക് നീതി ലഭിക്കാൻ ഏതറ്റം വരെയും ഞങ്ങൾ ഇവർക്കൊപ്പമുണ്ടാകും,” അദ്ദേഹം വ്യക്തമാക്കി.

വ്യാപക ചർച്ചയും ട്രോളും
സുരക്ഷാ നടപടികളിലെ ചട്ടലംഘന ആരോപണങ്ങളും, വിവാദ പ്രമോഷനും, പി.എസ്.സി നിയമന പ്രതിസന്ധിയും ചേർന്ന് സംസ്ഥാന ഭരണരീതിയെക്കുറിച്ചുള്ള കടുത്ത പൊതുചർച്ചയ്ക്ക് വഴിവെച്ചു. എല്ലാ നടപടികളും ചട്ടപ്രകാരമാണെന്ന സർക്കാർ വാദത്തിനിടെ, ഭരണം കൈവിടും മുൻപേ ആശ്രിതരെ സർക്കാർ സർവീസിൽ കുത്തിക്കയറ്റാനുള്ള കുറുക്കുവഴിയാണിതെന്ന് സോഷ്യൽ മീഡിയ ട്രോളുകൾ പരിഹസിക്കുന്നു.

Leave a Comment

More News