കണ്ണൂർ: ആരോഗ്യ മേഖലയിലെ തൊഴിലവസരങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, വടക്കേ മലബാറിലെ ആദ്യത്തെ ക്ലിനിക്കൽ അസോസിയേറ്റ് കോഴ്സ് കിംസ് ശ്രീചന്ദ് ഹോസ്പിറ്റൽ ആരംഭിച്ചു. വടക്കേ ഇന്ത്യയിലെ പ്രമുഖ ആരോഗ്യ നൈപുണ്യ വികസന ഗ്രൂപ്പായ സ്കിൽടൈറോയുമായി സഹകരിച്ചാണ് ക്ലിനിക്കൽ അസോസിയേറ്റ് കോഴ്സ് ആരംഭിക്കുന്നത്.
ആരോഗ്യ സംരക്ഷണ മേഖലയിൽ പ്രായോഗിക പരിചയമുള്ള പ്രൊഫഷണലുകളുടെ ആവശ്യകത വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡോക്ടർമാർക്കും നഴ്സുമാർക്കും പുറമെ, ക്ലിനിക്കൽ അസോസിയേറ്റ്സ് പോലുള്ള അനുബന്ധ പ്രൊഫഷണലുകൾക്കും ഇക്കാലത്ത് വലിയ ഡിമാൻഡാണ്. കുറഞ്ഞ സമയത്തിനുള്ളിൽ നല്ലൊരു ജോലി നേടുന്നതിനും ഡോക്ടർമാരോടൊപ്പം പ്രവർത്തിക്കുന്നതിനും ഇത്തരം പ്രായോഗിക കോഴ്സുകൾ സഹായകമാണ്. മറ്റ് സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി, പൂർണ്ണമായും പ്രായോഗിക പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആറു മാസത്തെ കോഴ്സിൽ രണ്ട് മാസത്തെ തിയറിയും നാല് മാസത്തെ പ്രായോഗിക പരിശീലനവും ഉൾപ്പെടും.
കിംസ് ശ്രീചന്ദ് ആശുപത്രിയിലെ പരിചയസമ്പന്നരായ ഡോക്ടർമാരുടെയും ആരോഗ്യ സംരക്ഷണ വിദഗ്ധരുടെയും നേരിട്ടുള്ള മേൽനോട്ടത്തിൽ യഥാർത്ഥ ആശുപത്രി അന്തരീക്ഷത്തിലാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക. ആശുപത്രി നടപടിക്രമങ്ങൾ, രോഗി പരിചരണം, ക്ലിനിക്കൽ പിന്തുണാ പ്രവർത്തനങ്ങൾ എന്നിവയിൽ സമഗ്ര പരിശീലനം നൽകും. മെഡിക്കൽ മേഖലയിൽ ഒരു കരിയർ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് കോഴ്സിൽ പ്രവേശനം നേടാം.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകരിച്ച സർട്ടിഫിക്കറ്റ് ലഭിക്കും. വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ് സഹായവും അധികൃതർ ഉറപ്പു നൽകുന്നുണ്ട്.
ബിരുദം പൂർത്തിയാക്കിയ ശേഷം ഏത് തൊഴിൽ തിരഞ്ഞെടുക്കണമെന്ന് അറിയാത്ത നിരവധി വിദ്യാർത്ഥികൾ നമ്മുടെ മുന്നിലുണ്ട്. ക്ലിനിക്കൽ അസോസിയേറ്റ് കോഴ്സ് അത്തരം വിദ്യാർത്ഥികൾക്ക് വളരെ സഹായകരമാകുമെന്നും പരിശീലനത്തിൽ മികവ് പുലർത്തുന്നവർക്ക് ആശുപത്രിയിൽ തന്നെ ജോലി ഉറപ്പാക്കുമെന്നും കിംസ് കേരള ക്ലസ്റ്റർ സിഇഒ ഫർഹാൻ യാസീൻ പറഞ്ഞു. ആരോഗ്യ മേഖലയിൽ മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് യുവാക്കളെ ശാക്തീകരിക്കുക എന്നതാണ് കോഴ്സിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
റിജിൽ ചന്ദ്രൻ മാക്കൂറ്റി (സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, കണ്ണൂർ കോർപ്പറേഷൻ) മുഖ്യാതിഥിയായിരുന്നു. ഫർഹാൻ യാസീൻ (കിംസ് ശ്രീചന്ദ് കേരള ക്ലസ്റ്റർ സിഇഒ), സയ്യിദ് അബൂബക്കർ സിദ്ദിഖ് (ബിസിനസ് ഹെഡ്, സ്കിൽ ടൈറോ), അഭിനന്ദൻ ചൗധരി (ജനറൽ മാനേജർ, സ്കിൽ ടൈറോ), സജീർ ഇ.കെ. (റീജിയണൽ മീഡിയ ലീഡ്, സ്കിൽ ടൈറോ കേരള) തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക്- 7416495511, 74165 61133.
