സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവ് സംബന്ധിച്ച് അടിക്കടി ഉണ്ടാകുന്ന വാർത്തകൾ ദുരൂഹവും സംശയം ജനിപ്പിക്കുന്നതുമാണെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ അഭിപ്രായപ്പെട്ടു.
സ്വകാര്യ ആശുപത്രികളിൽ ചികിൽസിക്കുന്നവരടക്കം, അടിയന്തിര ഘട്ടങ്ങളിൽ ആശ്രയിക്കുന്നത് മെഡിക്കൽ കോളേജുകൾ അടക്കമുള്ള സർക്കാർ സംവിധാനങ്ങളെയാണ്. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ആ വിശ്വാസത്തെ തകർക്കാൻ ചില കേന്ദ്രങ്ങളിൽ നിന്നും ആസൂത്രിത ശ്രമങ്ങൾ നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു.
ബഹുനില മന്ദിരങ്ങളും അത്യാധുനിക ഉപകരണങ്ങളും പ്രഗത്ഭരായ ഡോക്ടർമാരുമടക്കമുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും ചികിത്സാ സമയത്ത് പിഴവ് സംഭവിക്കുന്നതും, അതിന് വലിയ വാർത്താ പ്രാധാന്യം ലഭിക്കുന്നതും ദുരൂഹത വർധിപ്പിക്കുന്നു.
ചികിത്സാ നടപടികൾ അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന ചിലരെങ്കിലും ഉണ്ടെന്നത് വസ്തുതയാണ്. അത്തരം സംഭവങ്ങളിൽ സർക്കാർ അന്വേഷണം നടത്തിക്കുകയും റിപ്പോർട്ട്‌കൾ ലഭിക്കുകയും ചെയ്യുന്നുണ്ട്. മിക്ക കേസുകളിലും ഡോക്ടർമാരേയും ജീവനക്കാരെയും വെള്ളപൂശിക്കൊണ്ടുള്ള റിപ്പോർട്ടുകളാണ് വകുപ്പ് തലത്തിൽ നിന്നും ഉണ്ടാകുന്നത്. അത് കൊണ്ട് തന്നെ കാര്യമായ നടപടികളും ഉണ്ടാകാതെ പോകുന്നുണ്ട്.
സംഘടിത ശക്തിയുടെ പേരിൽ മെഡിക്കൽ രംഗത്തെ സംഘടനകൾ ചെയ്യുന്ന ഇത്തരം പ്രവർത്തികളെ സമൂഹത്തിന് അംഗീകരിക്കാനാവില്ല.
മെഡിക്കൽ പഠനത്തിന് തങ്ങൾ മുടക്കിയ പണം പലിശ സഹിതം ഈടാക്കാനുള്ള മാർഗമായി ചികിത്സാ രംഗത്തെ കണക്കാക്കുന്ന ചിലരെങ്കിലും ഉണ്ട്. അവരെ നിയന്ത്രിക്കാനും നേർവഴിക്ക് കൊണ്ടുവരാനുമുള്ള സാമൂഹ്യപ്രതിബദ്ധത മെഡിക്കൽ രംഗത്തെ സംഘടനകൾ കാണിക്കണം.
സർക്കാർ ആശുപത്രികളിൽ തങ്ങളെ സമീപിക്കുന്ന സാധാരണക്കാരായ രോഗികളോട് കരുണയും കരുതലും ഉണ്ടാകണം. സാമൂഹ്യ പ്രതിബദ്ധതയോടെ ചുമതലകൾ നിർവഹിക്കുന്ന ബഹുഭൂരിപക്ഷം സർക്കാർ ഡോക്ടർമാരടക്കമുള്ള ജീവനക്കാരെ പൊതുസമൂഹം എന്നും നന്ദിപൂർവം ഓർക്കും.
മനപ്പൂർവമായും അശ്രദ്ധമായും സൃഷ്ടിച്ചവയാണ്, സർക്കാർ ആശുപത്രികളിലെ സമീപകാല ചികിത്സാ പിഴവുകൾ എന്ന് സംശയിക്കാൻ നിരവധി കാരണങ്ങൾ ഉണ്ട്.
സ്വകാര്യ മേഖലയുടെ സ്വാധീനത്തിന് വഴങ്ങി, ലാഭേശ്ചമാത്രം കരുതി, പാവപ്പെട്ട രോഗികളുടെ ജീവൻ പന്താടുന്ന, സർക്കാർ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന, ഡോക്ടർമാർ അടക്കമുള്ളവർക്കെതിരെ, മുഖം നോക്കാതെ കർശന നടപടികൾ സ്വീകരിക്കണമെന്ന് കാരുണ്യ ചികിത്സാ പദ്ധതി മുൻ സംസ്ഥാന കോഡിനേറ്റർ കൂടി ആയിരുന്ന ആനന്ദകുമാർ ആവശ്യപ്പെട്ടു
