കാസർഗോഡ്: മോഷണക്കുറ്റം ആരോപിച്ച് അപമാനിതയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അഫ്രീദിയെയും മാതാപിതാക്കളെയും വിശദമായി ചോദ്യം ചെയ്യാൻ പോലീസ് നീക്കം നടത്തുന്നു. ആത്മഹത്യ ചെയ്ത യുവതി ജസീലയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
ജസീലയുടെ കുടുംബാംഗങ്ങളിൽ നിന്ന് ആദ്യം മൊഴിയെടുത്തിരുന്നു. സംഭവം വിവാദമായതോടെ കഴിയുന്നത്ര പേരെ ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചു. അഫ്രീദിയുടെ വീട്ടിൽ നിന്ന് ഒമ്പതര പവന്‍ സ്വർണം മോഷണം പോയതാണ് സംഭവത്തിന്റെ തുടക്കം. ഇതേത്തുടർന്ന് അഫ്രീദിയുടെ മാതാവ് ജസീലയുടെ വീട്ടിലും ബന്ധുക്കളുടെ വീടുകളിലും പോയി ബഹളം വച്ചു. ഇതില്‍ മനം നൊന്താണ് ജസീല ആത്മഹത്യ ചെയ്തത്.
മരിക്കുന്നതിനു മുമ്പ് താൻ നിരപരാധിയാണെന്ന് പറഞ്ഞുകൊണ്ട് ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്നാണ് ഇക്കഴിഞ്ഞ ഞായറാഴ്ച ജസീല എലിവിഷം കഴിച്ചത്. ഉടൻ തന്നെ കാസർകോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു.
ജസീലയുടെ സുഹൃത്ത് അഫ്രീദിയുടെ വീട്ടിൽ നിന്ന് 9.5 പവൻ സ്വർണം നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള പരാതിയിൽ ആദൂർ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ജസീലയെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും പോലീസ് അവരുടെ വീട് പരിശോധിക്കുകയും ചെയ്തു. എന്നാൽ, മോഷണത്തിൽ ജസീലയ്ക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന ഒരു സൂചനയും പോലീസിന് ലഭിച്ചില്ല.
“എന്റെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് കാണാതായ സ്വർണ്ണം ഞാൻ മോഷ്ടിച്ചു എന്നാണ് അവർ പറഞ്ഞത്. പക്ഷേ, ഞാൻ അത് എടുത്തിട്ടില്ല. ഞാൻ ഒരു യുവാവിനൊപ്പം കോഴിക്കോട് പോയി അവിടെ ഒരു മുറിയെടുത്തുവെന്നാണ് അവർ പറയുന്നത്. എന്റെ വീട്ടിൽ ആർക്കും സമാധാനമില്ല. ഞാൻ മരിച്ചാൽ, ഇതിന് ഉത്തരവാദികളായവരെ ശിക്ഷിക്കണം. ഞാൻ എടുക്കാത്ത സ്വർണ്ണം എങ്ങനെ തിരികെ നൽകും? എന്തിനാണ് എന്നെ ഇങ്ങനെ അപമാനിക്കുന്നത്?” ജസീല ചിത്രീകരിച്ച വീഡിയോയില്‍ പറയുന്നു.
തന്റെ നിരപരാധിത്വം തെളിയിക്കാൻ പോലീസ് പരാതി സ്വീകരിക്കാൻ തയ്യാറായില്ലെന്ന് ജസീല ആരോപിച്ചു. സുഹൃത്തിന്റെ ബന്ധുക്കൾ വീട്ടിൽ എത്തി ജസീലയെ ഭീഷണിപ്പെടുത്തിയതായി അമ്മ വെളിപ്പെടുത്തി. ഖുർആനിൽ സത്യം ചെയ്തിട്ടും ആരും തന്നെ വിശ്വസിക്കാൻ തയ്യാറായില്ലെന്നും, ഭർത്താവിന്റെ വീട്ടുകാരും ആരോപണമുന്നയിച്ചതോടെ ജസീല കടുത്ത മാനസിക സംഘർഷത്തിലായിരുന്നു എന്നും കുടുംബം പറഞ്ഞു. സംഭവത്തിൽ വിദ്യാനഗർ പോലീസ് സ്റ്റേഷനിലും കാസർകോട് എസ്പിയിലും ജസീലയുടെ കുടുംബം പരാതി നൽകിയിരുന്നു.
