കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കഴുത്തിനേറ്റ പരിക്ക് കാരണം വലതുകൈ മരവിച്ചിരിക്കുന്നു എന്ന് മന്ത്രി. ഇടതുകൈയ്ക്കും ചെറിയ പരിക്കുണ്ട്. എംആർഐ സ്കാനിൽ ഗുരുതരമായ പ്രശ്നമൊന്നും കണ്ടില്ലെന്ന് ഡോക്ടര്‍മാര്‍. രാവിലെ 10 മണിക്ക് മെഡിക്കൽ ബോർഡ് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കും.
അതേസമയം, മന്ത്രിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളൊന്നും തന്നെ കണ്ടെത്താനായില്ലെന്ന് പോലീസ് പറയുന്നു. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് പരിശോധിച്ചു. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ വീണ ജോർജിനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ രാത്രി 10 മണിയോടെയാണ് മന്ത്രിയെ പരിയാരത്തേക്ക് കൊണ്ടുപോയത്.
എംആർഐ സ്കാനിംഗ് ഉൾപ്പെടെ ആവശ്യമായ ചികിത്സ നൽകാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു. കെഎസ്യു പ്രവർത്തകർ കഴുത്തിൽ ഇടിക്കുകയും കൈ തിരിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് മന്ത്രിയെ ഇന്നലെ വൈകുന്നേരം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകുന്നേരം മുതൽ അഞ്ചര മണിക്കൂർ കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ മന്ത്രിയെ രാത്രിയിൽ കൂടുതൽ പരിശോധനകൾക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ച കേസിൽ അഞ്ച് കെഎസ്യു പ്രവർത്തകരെ കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്ത് റെയില്‍വേ പോലീസിന് കൈമാറി. ഇന്നലെ രാത്രി വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. കെഎസ്യു ജില്ലാ പ്രസിഡന്റ് എംസി അതുൽ, അഹമ്മദ് യാസിൻ, സിഎച്ച് മുബാസ്, വിവി അക്ഷയ്, ബിതുൽ ബാലൻ എന്നിവരെ റിമാൻഡ് ചെയ്തു.
എ.കെ.ജി ആശുപത്രിക്ക് മുന്നിൽ കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവർത്തകരെയും റിമാൻഡ് ചെയ്തു. മന്ത്രി വീണ ജോർജിന്റെ വാഹനത്തിന് മുന്നിലുള്ള ഫ്ലാഗ് പോസ്റ്റ് നശിപ്പിച്ചതുൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. ഷിനാജ്, ട്രഷറർ ഷബീർ എടയന്നൂർ, സെക്രട്ടറി അഷ്കർ കണ്ണാടിപ്പറമ്പ, ജാബിർ, നിസാം, നിഹാൽ ഇരിക്കൂർ എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
